Connect with us

Ongoing News

കുടുംബവാഴ്ചക്കെതിരെ പൊട്ടിത്തെറിച്ച് പാര്‍ട്ടി വിട്ട കലാപകാരി

Published

|

Last Updated

പാര്‍ട്ടിയില്‍ അവഗണിക്കപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ച ചരിത്രം കൂടിയുണ്ട് പ്രണാബ് മുഖര്‍ജിക്ക്. ഇന്ദിരാ ഗാന്ധിയുടെ പ്രിയ വിശ്വസ്തനായിരുന്നെങ്കിലും ഇന്ദിരയുടെ വിയോഗത്തോടെ അദ്ദേഹം അവഗണിക്കപ്പെട്ടു. ഇന്ദിരയുടെ മകന്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെ പ്രണാബ് അനുകൂലിച്ചിരുന്നില്ല. പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗം എന്ന നിലയില്‍ താന്‍ തന്നെയാണ് പ്രധാനമന്ത്രി സ്ഥാനത്തിന് അര്‍ഹന്‍ എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. രാജീവ് ഗാന്ധിക്ക് രാഷ്ട്രീയത്തില്‍ അനുഭവ സമ്പത്തില്ല എന്നും അദ്ദേഹം വാദിച്ചു.

മാത്രമല്ല, രാഷ്ട്രീയത്തിലെ കുടുംബവാഴചയെ അദ്ദേഹം തുറന്നെതിര്‍ക്കുകയും ചെയ്തു. എന്നാല്‍, ഇതൊന്നും അംഗീകരിക്കാന്‍ രാജീവോ അന്നത്തെ കോണ്‍ഗ്രസ് നേതാക്കളോ ഒരുക്കമായിരുന്നില്ല. മാത്രമല്ല, പ്രണാബിനെ നിരന്തരം അവഗണിക്കാനും തുടങ്ങി. തുടര്‍ന്ന്, പ്രണാബിലെ കലാപകാരി തലപൊക്കുകയും 1986ല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയി രാഷ്ട്രീയ സമാജ് വാദി കോണ്‍ഗ്രസ് (ആര്‍ എസ് സി) എന്ന പുതിയ പാര്‍ട്ടി രൂപവത്കരിക്കുകയും ചെയ്തു. തന്റെ തട്ടകമായ പശ്ചിമ ബംഗാളില്‍ 1987ലാണ് ഈ പാര്‍ട്ടി രൂപവത്കരിച്ചത്.

കുടുംബവാഴ്ചയോട് എതിര്‍പ്പുള്ള തന്റെ സമാന ചിന്താഗതിക്കാരായ കോണ്‍ഗ്രസിലെ നേതാക്കളെ പാര്‍ട്ടിയില്‍ എത്തിക്കാം എന്നായിരുന്നു പ്രണാബ് കരുതിയിരുന്നത്. മാത്രമല്ല, വലിയ ജനപിന്തുണ ആര്‍ജിക്കാമെന്നും കരുതി. എന്നാല്‍, പ്രതീക്ഷകളെയെല്ലാം കാറ്റില്‍പറത്തി, പ്രമുഖ നേതാക്കളൊന്നും പാര്‍ട്ടിയില്‍ എത്തിയില്ലെന്ന് മാത്രമല്ല ജനപിന്തുണ നേടാനും സാധിച്ചില്ല. ജനള്‍ക്കിടയില്‍ നിന്ന് വളര്‍ന്നുവന്ന നേതാവ് ആയിരുന്നില്ല പ്രണാബ് എന്നതായിരുന്നു പ്രധാന പോരായ്മ. ഇന്ദിരയുടെ പ്രത്യേക താത്പര്യത്തില്‍ വളരെ വേഗം ദേശീയ രാഷ്ട്രീയത്തിന്റെ ഉന്നതിയില്‍ എത്തിയയാളായിരുന്നല്ലോ അദ്ദേഹം. മാത്രമല്ല, ആ സമയത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ലായെന്ന ചരിത്രവും തിരിച്ചടിയായി.

തുടര്‍ന്ന്, ഗത്യന്തരമില്ലാതെ 1989ല്‍ തന്റെ പാര്‍ട്ടിയെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ ലയിപ്പിക്കുകയായിരുന്നു പ്രണാബ്. കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ പ്രണാബിനെ രാജീവ് ഗാന്ധി ഇരുകൈകളും നീട്ടി സ്വീകരിക്കുക മാത്രമല്ല, താക്കോല്‍സ്ഥാനങ്ങള്‍ നല്‍കുകയും ചെയ്തു. രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം നരസിംഹ റാവുവിന്റെ ഭരണത്തില്‍ അദ്ദേഹം പ്ലാനിംഗ് കമ്മീഷന്‍ മേധാവിയായി. 1995ല്‍ വിദേശകാര്യ മന്ത്രിയുമായി.

പ്രണാബ് മുഖര്‍ജിയുടെ നേതൃത്വത്തിലാണ് ഡോ.മന്‍മോഹന്‍ സിംഗിനെ റിസര്‍വ് ബേങ്കിന്റെ ഗവര്‍ണറാക്കുന്നത്. എന്നാല്‍, പിന്നീട് മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായതും മന്‍മോഹന്റെ കീഴില്‍ പ്രണാബ് മുഖര്‍ജി ധനമന്ത്രിയായതും ചരിത്രം. 1998ല്‍ ഏറെ ഒച്ചപ്പാടുകള്‍ക്കും ഏറെ നേതാക്കള്‍ കോണ്‍ഗ്രസ് വിടാനും കാരണമായ സോണിയാ ഗാന്ധിയെ അധ്യക്ഷ സ്ഥാനത്ത് അവരോധിച്ചതിന് പിന്നിലെ പ്രധാനി പ്രണാബ് ആയിരുന്നു. ഒരുവേള പ്രധാനമന്ത്രിയാകാന്‍ ശക്തമായ നിലപാടെടുത്ത പ്രണാബ് വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചെത്തിയതിന് ശേഷം ഗാന്ധി കുടുംബത്തിന്റെ വിനീതവിശ്വസ്തനാകുന്ന കാഴ്ചക്കാണ് അദ്ദേഹം രാഷ്ട്രപതിയാകുന്നത് വരെ സാക്ഷ്യംവഹിച്ചത്. മാത്രമല്ല, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി രണ്ട് തവണ കേന്ദ്രഭരണം പിടിച്ചിട്ടും അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാന്‍ സാധിച്ചതുമില്ല എന്നതും മറ്റൊരു വിധിവൈപരീത്യം.

Latest