Connect with us

National

പ്രഭാഷണത്തിലും എഴുത്തിലും തിളങ്ങിയ പ്രണാബ്

Published

|

Last Updated

“നിലവില്‍ രാജ്യത്ത് സംജാതമായ സമാധാനപരമായ പ്രതിഷേധത്തിരയില്‍ ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ ജനാധിപത്യ വേരുകളെ കൂടുതല്‍ ശക്തമാക്കുന്നതാണ് ഈ പ്രതിഷേധങ്ങള്‍.”

കഴിഞ്ഞ ജനുവരിയില്‍ രാജ്യത്ത് തരംഗമായിരുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജനകീയ പ്രതിഷേധത്തെ സൂചിപ്പിച്ച് പ്രണാബ് മുഖര്‍ജി തന്റെ പ്രഭാഷണത്തില്‍ പറഞ്ഞതാണിത്. ഇന്ത്യയുടെ പ്രഥമ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുകുമാര്‍ സെന്നിന്റെ ഓര്‍മദിനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പ്രണാബിന്റെ പ്രഭാഷണം. കഴിഞ്ഞ ജനുവരിയിലായിരുന്നു ഈ പരിപാടി. പ്രണാബിന്റെ അവസാനത്തെ പ്രഭാഷണം കൂടിയായിരുന്നു ഇത്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഇന്ത്യയുടെ ഖ്യാതിക്ക് മങ്ങലേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഭരണകൂടത്തില്‍ നിന്ന് തന്നെയുണ്ടായ സാഹചര്യത്തിലായിരുന്നു മുന്‍രാഷ്ട്രപതിയുടെ ഈ ഓര്‍മപ്പെടുത്തല്‍. അതേപ്രഭാഷണത്തില്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങളെ സംബന്ധിച്ചും അദ്ദേഹം ഓര്‍മപ്പെടുത്തി. “മറ്റുള്ളവരെ കേള്‍ക്കുക, യത്നിക്കുക, ചര്‍ച്ച ചെയ്യുക, വാദിക്കുക, എന്തിനേറെ എതിര്‍സ്വരങ്ങളില്‍ പോലുമാണ് ജനാധിപത്യം നിലകൊള്ളുന്നത്” എന്നും അദ്ദേഹം പറഞ്ഞുവെച്ചു. “സ്വതന്ത്രവും സുതാര്യവും ജനകീയവും വിശ്വസനീയവുമായ തിരഞ്ഞെടുപ്പുകളാണ് ജനാധിപത്യത്തിന്റെ ജീവനാഡിയും മൂലക്കല്ലുമെന്നും അതേ പ്രഭാഷണത്തില്‍ അദ്ദേഹം ഓര്‍മപ്പെടുത്തി. അഥവ, പ്രഭാഷണകലയില്‍ എന്നും മികച്ചുനിന്ന ഒരു നേതാവ് കൂടിയായിരുന്നു പ്രണാബ് മുഖര്‍ജി.

ഈ വാക്ചാതുരി അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറെ നിര്‍ണായകമായിട്ടുണ്ട്. ബംഗാളില്‍ നിന്ന് വളരെ വേഗം ഇന്ദ്രപ്രസ്ഥത്തിലെ, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തനാകാന്‍ അദ്ദേഹത്തിന് പ്രസംഗപാടവം ഏറെ സഹായകമായി. തിരഞ്ഞെടുപ്പ് ഗോദകളിലും പാര്‍ലിമെന്റിന്റെ ഇരുസഭകളിലും പാര്‍ട്ടി പരിപാടികളിലും ഈ കുറിയ മനുഷ്യന്റെ ചാട്ടുളിപോലുള്ള വാക്കുകളും പ്രയോഗങ്ങളും എതിരാളികളുടെ വാദങ്ങളെയും ആരോപണങ്ങളെയും നിഷ്പ്രഭമാക്കുക മാത്രമല്ല, സ്വന്തം പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും നിലപാടുതറകളെ അരക്കിട്ടുറപ്പിക്കുകയും ചെയ്തു.
ഒടുവില്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് ഇന്ത്യയുടെ രാഷ്ട്രപതിയായപ്പോഴും ആ വാക്കുകളുടെ മൂര്‍ച്ച പലപ്പോഴും ജനാധിപത്യ മൂല്യങ്ങളില്‍ നിന്ന് വഴുതിമാറുന്ന ഭരണകര്‍ത്താക്കള്‍ അറിഞ്ഞു.

ജനാധിപത്യത്തെയും മതേതരത്വത്തെയും ബഹുസ്വരതയെയും അദ്ദേഹം എപ്പോഴും ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു. 2017ല്‍ രാഷ്ട്രപതി സ്ഥാനത്ത് നിന്ന് വിരമിക്കുമ്പോള്‍ അദ്ദേഹം നടത്തിയ വിടവാങ്ങല്‍ പ്രസംഗം പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. “ബഹുസ്വരതയിലും സഹിഷ്ണുതയിലുമാണ് രാജ്യത്തിന്റെ ആത്മാവ് നിലകൊള്ളുന്നത്. നൂറ്റാണ്ടുകള്‍ നീണ്ട ആശയങ്ങളുടെ സ്വാംശീകരണ പ്രക്രിയകളിലൂടെയാണ് നമ്മുടെ സമൂഹത്തില്‍ ബഹുസ്വരത ശക്തമായത്. സംസ്‌കാരത്തിലും വിശ്വാസത്തിലും ഭാഷയിലുമുള്ള ബഹുസ്വരതയാണ് ഇന്ത്യയെ സവിശേഷമാക്കുന്നത്.” ഇതായിരുന്നു വിടവാങ്ങല്‍ പ്രസംഗത്തില്‍ പ്രധാനമായും അദ്ദേഹം പറഞ്ഞത്. അന്നത്തെ രാജ്യത്തെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ അസഹിഷ്ണുതകളും ജാതി-മതാടിസ്ഥാനത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളും പരിശോധിച്ചാല്‍ ഈ വാക്കുകളുടെ പൊരുള്‍ അറിയാന്‍ സാധിക്കും.

പ്രഭാഷകനെന്നത് പോലെ മികച്ച ഗ്രന്ഥകാരന്‍ കൂടിയായിരുന്നു പ്രണാബ് മുഖര്‍ജി. കാമ്പും കനവുമുള്ള ഒരുപിടി പുസ്തകങ്ങള്‍ അദ്ദേഹം സംഭാവന നല്‍കി. രാഷ്ട്രീയ ഇടനാഴികളിലേക്ക് തുറന്നുവെച്ച ഒരു കണ്ണാടി കൂടിയായിരുന്നു അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും. 2014ല്‍ പുറത്തിറങ്ങിയ “നാടകീയ ദശകം: ഇന്ദിരാ ഗാന്ധിയുടെ കാലം” എന്ന പുസ്തകം ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായി. മിഡ് ടേം പോള്‍, ബിയോണ്ട് സര്‍വൈവല്‍: എമേര്‍ജിംഗ് ഡൈമന്‍ഷന്‍സ് ഓഫ് ഇന്ത്യന്‍ എക്കോണമി, ഓഫ് ദ ട്രാക്ക്, സാഗാ ഓഫ് സ്ട്രഗ്ള്‍ ആന്‍ഡ് സാക്രിഫൈസ്, ചാലഞ്ചസ് ബിഫോര്‍ ദ നാഷന്‍, എ സെന്റിനറി ഹിസ്റ്ററി ഓഫ് ദി ഇന്ത്യന്‍ നാഷന്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് ആന്‍ഡ് ദ മേകിംഗ് ഓഫ് ദ ഇന്ത്യന്‍ നാഷന്‍, തോട്ട്സ് ആന്‍ഡ് റിഫല്‍ക്ഷന്‍സ്, സെലക്റ്റഡ് സ്പീചസ്, ദി ടര്‍ബുലന്റ് ഇയേഴ്സ്, ദ കോളിഷന്‍ ഇയേഴ്സ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങള്‍.

Latest