Connect with us

Kerala

ഇരട്ടക്കൊല: സമഗ്രാന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; കോണ്‍ഗ്രസ് ചോരപ്പൂക്കളം ഇട്ടെന്ന് കോടിയേരി

Published

|

Last Updated

തിരുവനന്തപുരം | വെഞ്ഞാറമൂട്ടില്‍ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ സമഗ്രാന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടു. തിരുവോണത്തിന് കോണ്‍ഗ്രസ് ചോര പൂക്കളമാണ് ഇട്ടതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പങ്കുണ്ടെന്നും കോടിയേരി ആരോപിച്ചു. ഉന്നത തലത്തില്‍ ഗൂഢാലോചന നടത്തി ആസൂത്രിതമായി കൊലപാതകം നിര്‍വഹിക്കുകയായിരുന്നു. കോണ്‍ഗ്രസ് സംസ്‌ക്കാരം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഡി വൈ എഫ് ഐ കലിങ്ങിന്‍ മുഖം യൂനിറ്റ് പ്രസിഡന്റ് ഹക്ക് മുഹമ്മദ് (24), തേവലക്കാട് യൂനിറ്റ് ജോ. സെക്രട്ടറി മിഥിലാജ് (30) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇവരുടെ കൂടെയുണ്ടായിരുന്ന ശഹിന്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. രാത്രി പതിനൊന്നരയോടെയാണ് സംഭവം. ബൈക്കില്‍ പോവുകയായിരുന്ന ഇവരെ മാരാകായുധങ്ങളുമായെത്തിയ സംഘം വെഞ്ഞാറമൂട് ബ്ലോക്കില്‍ തേമ്പാമൂട് വച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹക്കിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ആക്രമണത്തിന് നേതൃത്വം നല്‍കിയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്ന കോണ്‍ഗ്രസ് നേതാവ് സജിത്ത്, സുഹൃത്തും ഐ എന്‍ ടി യു സി പ്രവര്‍ത്തകനുമായ ഷജിത്ത്, ബൈക്ക് ഉടമ എന്നിവരുള്‍പ്പെടെ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Latest