Connect with us

National

ഫേസ്ബുക്കിന് വീണ്ടും കത്തെഴുതി കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി | ഫേസ്ബുക്ക് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നതില്‍ കമ്പനി സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് ചീഫ് എക്‌സിക്യുട്ടീവ് മാര്‍ക് സക്കര്‍ബര്‍ഗിന് കോണ്‍ഗ്രസ് വീണ്ടും കത്തെഴുതി. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇത്തവണയും കത്തെഴുതിയത്.40 കോടി ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന വാട്ട്‌സാപ്പ്, ബി ജെ പിക്കായി വിട്ടുവീഴ്ച ചെയ്യുകയും അവര്‍ നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നുള്ള ടൈം മാഗസിന്റെ റിപ്പോര്‍ട്ട് സംബന്ധിച്ച് വിശദീകരണം നല്‍കാനും കത്തില്‍ ആവശ്യപ്പെടുന്നു.

രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങളും മറ്റും ഫേസ്ബുക്കും വാട്ട്‌സാപ്പും മനഃപൂര്‍വം അനുവദിച്ചെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. വാട്ട്‌സാപ്പും ബി ജെ പിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കി ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയും ട്വിറ്ററിലൂടെ രംഗത്തെത്തിയിട്ടുണ്ട്. “40 കോടി ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന വാട്ട്‌സാപ്പ് മോദി സര്‍ക്കാറിന്റെ അനുമതി ആവശ്യമുള്ള പേയ്‌മെന്റ് സ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു.. അങ്ങനെ വാട്ട്‌സാപ്പില്‍ ബി ജെ പിക്ക് ഒരു സ്വാധീനമുണ്ട്.” രാഹുല്‍ ട്വീറ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് ഇന്ത്യ ബി ജെ പിക്കായി നയങ്ങള്‍ മാറ്റിമറിച്ചുവെന്ന് നേരത്തെ വാള്‍സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫേസ്ബുക്ക് ഇന്ത്യയുടെ സീനിയര്‍ പോളിസി എക്‌സിക്യുട്ടിവ് അങ്കിദാസിനെതിരെയാണ് ആരോപണം ഉയര്‍ന്നിരുന്നത്. ഇതിന് പിന്നാലെ ഓഗസ്റ്റ് 18നാണ് കോണ്‍ഗ്രസ് സക്കര്‍ബര്‍ഗിന് ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആദ്യ കത്തെഴുതിയത്.