Connect with us

Editorial

ന്യൂസിലാന്‍ഡ് കോടതി വിധി മാതൃകയാണ്

Published

|

Last Updated

ചില കോടതി വിധികളെക്കുറിച്ച് ചരിത്ര വിധിയെന്ന് വിശേഷിപ്പിക്കാറുണ്ട്. പലപ്പോഴും അര്‍ഥമില്ലാത്ത കേവലമൊരു പ്രയോഗം മാത്രമായിരിക്കും അത്. നീതിയോടും ന്യായത്തോടും പുറംതിരിഞ്ഞ വിധിപ്രസ്താവങ്ങളെ പോലും മാധ്യമങ്ങള്‍ അങ്ങനെ വിശേഷിപ്പിക്കാറുണ്ട്. ബാബരി മസ്ജിദില്‍ വിഗ്രഹം കൊണ്ടുവെച്ചതും പള്ളി പൊളിച്ചതും അന്യായവും അക്രമവുമാണെന്ന് വിലയിരുത്തിയ ന്യായാധിപന്മാര്‍, പള്ളി നിന്ന ഭൂമി പൊളിച്ചവര്‍ക്ക് തന്നെ വിട്ടുകൊടുത്തപ്പോള്‍ അതിനെ ചരിത്രവിധി എന്ന് വിശേഷിപ്പിച്ചവരാണ് നമ്മുടെ മാധ്യമങ്ങള്‍. എന്നാല്‍ എല്ലാ അര്‍ഥത്തിലും ചരിത്ര വിധിയെന്ന് വിശേഷിപ്പിക്കാവുന്നതായിരുന്നു ന്യൂസിലാന്‍ഡിലെ മുസ്‌ലിം പള്ളികളില്‍ കൂട്ടക്കുരുതി നടത്തിയ ബ്രെന്റണ്‍ ടെറാന്റ് എന്ന വംശീയ വെറിയന്റെ കാര്യത്തിലുണ്ടായ വിധിപ്രസ്താവം. പരോളില്ലാത്ത ജീവപര്യന്തം തടവാണ് ജഡ്ജി കാമറൂണ്‍ മാന്‍ഡര്‍ പ്രതിക്ക് വിധിച്ചത്. വധശിക്ഷ നിര്‍ത്തലാക്കിയ ന്യൂസിലാന്‍ഡില്‍ നിലവിലെ ഏറ്റവും കഠിന ശിക്ഷയാണിത്. രാജ്യത്ത് ആദ്യമായാണ് പരോളില്ലാത്ത ജീവപര്യന്തം തടവിന് ഒരാള്‍ ശിക്ഷിക്കപ്പെടുന്നത്. ഇത്തരം നിഷ്ഠൂരവും ഭീകരവുമായ കൂട്ടക്കൊല രാജ്യത്ത് മുമ്പുണ്ടായിട്ടില്ല. തങ്ങളുടെ നിയമ ചരിത്രത്തിലെ അത്യപൂര്‍വമായ വിധിയെന്ന നിരീക്ഷണത്തോടെയാണ് കോടതി ശിക്ഷ വിധിച്ചത്.

ദുഷ്ടനും മനുഷ്യത്വമില്ലാത്തവനുമെന്ന് പ്രതിയെ വിശേഷിപ്പിച്ച ന്യായാധിപന്‍, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരപരാധികളായ 51 പേരെ നിഷ്‌കരുണം വധിക്കാന്‍ പ്രചോദനമേകിയ ടെറാന്റിന്റെ പ്രത്യയശാസ്ത്രത്തെയും രൂക്ഷമായി വിമര്‍ശിച്ചു. ശിക്ഷ വിധിക്കുന്നതിനു മുമ്പ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് കോടതിയില്‍ തങ്ങളുടെ വേദന പങ്ക് വെക്കാനുള്ള അവസരവും നല്‍കി. കൂട്ടക്കൊലയിലൂടെ യൂറോപ്പിലെ മുസ്‌ലിം ജനവിഭാഗത്തിലും യൂറോപ്യന്‍ ഇതര കുടിയേറ്റക്കാരിലും ഭീതി പടര്‍ത്താനാണ് പ്രതി ശ്രമിച്ചതെന്നും കോടതി വിലയിരുത്തി. ഇത്തരം നീചമായ കൃത്യങ്ങളെ പ്രതിരോധിക്കേണ്ടത് കോടതിയുടെ ബാധ്യതയായതു കൊണ്ടാണ് പരമാവധി കടുത്ത ശിക്ഷ വിധിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ക്രൈസ്തവ ഭൂരിപക്ഷമായ ന്യൂസിലാന്‍ഡിലെ കോടതിയില്‍ നിന്നുള്ള നീതിവിളംബരം കുറ്റവാളികളുടെയും ഇരകളുടെയും നിറവും മതവും ജാതിയും മറ്റും നോക്കി വിധി പ്രസ്താവിക്കുന്ന നീതിപീഠങ്ങള്‍ക്കൊരു മാതൃകയാണ്.

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെയും ലിന്‍വുഡിലെയും രണ്ട് മുസ്‌ലിം പള്ളികളില്‍ 2019 മാര്‍ച്ച് 15 വെള്ളിയാഴ്ച ജുമുഅ നിസ്‌കാര സമയത്താണ് പ്രതി ബ്രെന്റണ്‍ ടെറാന്റ് യന്ത്രത്തോക്കുമായി കടന്നുവന്ന് വിശ്വാസികള്‍ക്കു നേരെ നിരന്തരം വെടിയുതിര്‍ത്തത്. തന്റെ ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ക്യാമറ വഴി അക്രമി കൂട്ടക്കുരുതി ഫേസ്ബുക്കിലൂടെ തത്സമയം സംപ്രേഷണം ചെയ്യുകയുമുണ്ടായി. ഇത്തരമൊരു സാഹചര്യത്തില്‍ പ്രതിയെ രക്ഷപ്പെടുത്താന്‍ ഒരു പഴുതുമില്ലാത്തത് കൊണ്ടാണ് കോടതിക്ക് ശിക്ഷ വിധിക്കേണ്ടി വന്നതെന്ന് വിലയിരുത്താവതല്ല ഈ കേസില്‍. പരസ്യമായി കുറ്റം ചെയ്ത പ്രതികളെ മാനസിക രോഗികളായി ചിത്രീകരിച്ച് വെറുതെ വിടുകയോ ശിക്ഷ ലഘൂകരിക്കുകയോ ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയുണ്ടെങ്കിലും വംശീയതയോടും വര്‍ഗീയതയോടുമുള്ള ശക്തമായ വിയോജിപ്പും കറകളഞ്ഞ നീതിനിര്‍വഹണ പ്രതിബദ്ധതയുമാണ് ജഡ്ജി കാമറൂണ്‍ മാന്‍ഡറിന്റെ ഉത്തരവിലുടനീളം മുഴച്ചു നില്‍ക്കുന്നത്.

ഈ പരിസരത്തു നിന്ന് കൊണ്ട് ഇന്ത്യന്‍ നീതിപീഠങ്ങളുടെ പ്രവര്‍ത്തനങ്ങളെയും വിധിപ്രസ്താവങ്ങളെയും വിലയിരുത്തുമ്പോള്‍ നിരാശയായിരിക്കും ഫലം. ഭരണഘടനാ തത്വങ്ങളെയും അടിസ്ഥാന നിയമ തത്വങ്ങളെയും മറികടന്ന് പൊതുബോധം വിധികളെ സ്വാധീനിക്കുന്നത് ഇന്ത്യന്‍ ജുഡീഷ്യറിയില്‍ സാധാരണമാണ്. സവര്‍ണ മൂല്യബോധം രാജ്യത്തിന്റെ ഭരണഘടനയെക്കാള്‍ മുകളില്‍ നില്‍ക്കുന്നുവോ എന്ന് സന്ദേഹിക്കാവുന്ന പരാമര്‍ശങ്ങള്‍ വരെ നീതിപീഠങ്ങളില്‍ നിന്ന് കേള്‍ക്കേണ്ടി വരുന്നു. ഹിന്ദുത്വ ഭീകരര്‍ പ്രതികളാകുന്ന കേസുകള്‍ ഒന്നൊന്നായി എഴുതിത്തള്ളുകയും കേവല സംശയത്തിന്റെ അടിസ്ഥാനത്തില്‍ തടവിലാക്കപ്പെട്ട ന്യൂനപക്ഷ മതസ്ഥര്‍ക്ക് ജാമ്യം പോലും നിഷേധിക്കുകയും ചെയ്യുന്നു. കോടതി നടപടികള്‍ നിര്‍ത്തിവെച്ച് മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് ചീഫ് ജസ്റ്റിസിന്റെ തെറ്റായ നിലപാടുകള്‍ക്കെതിരെ മാധ്യമ സമ്മേളനം നടത്തേണ്ടി വരുന്നു ഇന്ത്യയില്‍. ചില ജഡ്ജിമാരുടെ പ്രവര്‍ത്തനം ഏതോ ശക്തിയുടെ “വിദൂര നിയന്ത്രണ”ത്തിലാണന്നും അത് നിയമവ്യവസ്ഥയെ ബാധിച്ചുവെന്നും ജസ്റ്റിസ് കുര്യനും ഭരണഘടനാപരമായ ധാര്‍മികത നിറവേറ്റുന്നതില്‍ സുപ്രീം കോടതിയുടെ ഭാഗത്തു നിന്ന് വലിയ വീഴ്ചയുണ്ടായെന്ന് ജസ്റ്റിസ് ഷാക്കും തുറന്നു പറയേണ്ടി വന്നു. “കഴിഞ്ഞ ആറ് വര്‍ഷത്തെ കാര്യങ്ങളില്‍ ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ എങ്ങനെ ഇന്ത്യയിലെ ജനാധിപത്യം നശിപ്പിച്ചു എന്നതായിരിക്കും. ഈ നശീകരണത്തിന് എങ്ങനെ സുപ്രീം കോടതിയും അതില്‍ അവസാനത്തെ നാല് ചീഫ് ജസ്റ്റിസുമാരും പങ്കുവഹിച്ചെന്ന കാര്യം പ്രത്യേകിച്ച് അടയാളപ്പെടുത്തും” എന്ന് അഡ്വ. പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്യേണ്ടി വന്നതിന്റെ പശ്ചാത്തലവും മറ്റൊന്നല്ല. അന്താരാഷ്ട്ര നീതിന്യായ സെമിനാറില്‍ പങ്കെടുക്കവെ നിലയും വിലയും മറന്ന്, നരേന്ദ്ര മോദി മികച്ച ജനാധിപത്യ സംരക്ഷകനാണെന്ന് പ്രസംഗിച്ച ജഡ്ജിമാര്‍ നയിക്കുന്ന നീതിപീഠങ്ങളാണ് രാജ്യത്ത് നിലവിലുള്ളത്.

അടിയന്തരാവസ്ഥാ കാലത്ത് സംഭവിച്ചതു പോലെ ജുഡീഷ്യറിയുടെ സ്വതന്ത്രാധികാരം ഭരണകൂടത്തിന് അടിയറവ് വെക്കുകയും കേന്ദ്ര സര്‍ക്കാര്‍ ന്യായാധിപ നിയമനത്തില്‍ ഇടപെടുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇവിടെ നിലവിലുള്ളത്. ചരിത്രത്തിലാദ്യമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നടപടിക്കായി പാര്‍ലിമെന്റില്‍ നോട്ടീസ് നല്‍കുന്നതില്‍ വരെ കാര്യങ്ങള്‍ ചെന്നെത്തി.

ഭരണഘടനാ സ്ഥാപനങ്ങളില്‍ പ്രമുഖമാണ് നീതിപീഠങ്ങള്‍. അവിടെ നീതിയും നിയമവും പുലരുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടത് ന്യായാധിപന്മാരാണ്. സമ്മര്‍ദങ്ങള്‍ക്ക് വിധേയമാകാതെ കേസുകള്‍ കൈകാര്യം ചെയ്യുകയും വിധിപ്രസ്താവം നടത്തുകയും ചെയ്യുമ്പോള്‍ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. ന്യൂസിലാന്‍ഡ് കോടതി വിധി ഇക്കാര്യത്തില്‍ അനുകരണീയ മാതൃകയാണ്.

---- facebook comment plugin here -----

Latest