Connect with us

Kerala

ജാഗ്രതെെ! ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ പേരില്‍ വായ്പാ തട്ടിപ്പ്

Published

|

Last Updated

പത്തനംതിട്ട | കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ പേരില്‍ പത്തനംതിട്ട ജില്ലയില്‍ വായ്പാ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ബോര്‍ഡിന്റെ ഫ്രാഞ്ചെെസി എന്ന വ്യാജേനയാണ് തട്ടിപ്പ് സംഘം ആളുകളെ വലയില്‍ വീഴ്ത്തുന്നത്. 25 ലക്ഷം രൂപ വായ്പ ലഘു വ്യവസ്ഥകളില്‍ ഖാദി ബോര്‍ഡില്‍ നിന്ന് ലഭിക്കുമെന്നുള്ള വ്യാജപ്രചാരണത്തിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ ചെലവിലേക്കായി 10,000 രൂപ മുതല്‍ 20,000 രൂപ വരെ അപേക്ഷകരില്‍ നിന്നും ഈ സംഘം ഈടാക്കുന്നു എന്നാണ് വിവരം.

ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പാക്കുന്ന രണ്ട് വായ്പാ പദ്ധതികള്‍ പിഎംഇജിപി, എന്റെ ഗ്രാമം എന്നിവയാണ്. ഇവയില്‍ പിഎംഇജിപിക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായും എന്റെ ഗ്രാമം പദ്ധതിയുടെ അപേക്ഷകള്‍ നേരിട്ട് ജില്ലാ ഓഫീസിലും സ്വീകരിച്ച് സ്‌ക്രീനിംഗ് കമ്മിറ്റികളില്‍ കൂടി ബാങ്കിലേക്ക് അയയ്ക്കുന്ന പ്രക്രിയയാണ് നടന്നു വരുന്നത്. വായ്പ പാസാക്കി നല്‍കുന്നത് ബാങ്കുകളാണ്. ഈ കാര്യങ്ങളെല്ലാം അപേക്ഷകര്‍ക്ക് നേരിട്ട് ചെയ്യാവുന്നതാണ്. ഇതിനായി ജില്ലയിലൊരിടത്തും ഫ്രാഞ്ചെസികളെയോ ഏജന്‍സികളെയോ ബോര്‍ഡ് നിയോഗിച്ചിട്ടില്ല.

തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴാതെ യഥാര്‍ഥ വായ്പാ അപേക്ഷകര്‍ ഇലന്തൂരിലുള്ള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നേരിട്ടോ ടെലഫോണ്‍ മുഖേനയോ ബന്ധപ്പെടണമെന്നും ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസര്‍ അഭ്യര്‍ഥിച്ചു. ഫോണ്‍: 0468 2362070.

Latest