National
പാര്‍ട്ടിയിലെ നേതൃമാറ്റം ആവശ്യപ്പെട്ടുള്ള കത്ത് വിവാദം അവസാനിപ്പിക്കണമെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി | സോണിയ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും നേതൃത്വം ചോദ്യം ചെയ്ത് ഒരു വിഭാഗം പാര്‍ട്ടിക്കുള്ളില്‍ നടത്തിയ രഹസ്യ നീക്കം പാളിയ സാഹചര്യത്തില്‍ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ എം പി രംഗത്തെത്തി. കോണ്‍ഗ്രസിലെ നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കള്‍ ഒപ്പിട്ട കത്തിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും പാര്‍ട്ടി നന്‍മക്കായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
നേതൃമാറ്റം ആവശ്യപ്പെട്ട് 23 നേതാക്കള്‍ ഒപ്പിട്ട വിവാദ കത്തിന്റെ തുടക്കം ശശി തരൂരിന്റെ വസതിയിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചുരുങ്ങിയത് അഞ്ചു മാസം മുമ്പ് തരൂരിന്റെ വീട്ടില്‍ നടത്തിയ വിരുന്നിനിടയിലാണ് കത്തിലേക്കു വഴിതെളിച്ച കാര്യങ്ങളുടെ പ്രാഥമികവും അനൗപചാരികവുമായ ചര്‍ച്ച നടന്നതെന്നു നേതാക്കള്‍ പറഞ്ഞു.
ഇതിനിടെ കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കളെ ഒതുക്കി സോണിയാ ഗാന്ധിയും നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ലോക്‌സഭയിലും രാജ്യസഭയിലും പാര്‍ട്ടിയുടെ നിര്‍ണായക സ്ഥാനങ്ങളില്‍ പുതിയ നേതാക്കളെ സോണിയ അണിനിരത്തി. ലോക്സഭയില്‍ ഗൗരവ് ഗഗോയ് ഡെപ്യൂട്ടി ലെജിസ്ലേറ്റിവ് പാര്‍ട്ടി നേതാവാക്കി. അധിര്‍ രഞ്ജന്‍ ചൗധരിയും രവ്ണിത് സിംഗ് ബിട്ടുവുമാണ് വിപ്പുമാര്‍.
രാജ്യസഭാംഗം കെ സി വേണുഗോപാലിനെ അഞ്ച് പാര്‍ട്ടിയുടെ രാജ്യസഭയിലെ അംഗ നയരപവത്കരണ സമിതിയില്‍ ഉള്‍പ്പെടുത്തി. ജയറാം രമേശിനെ രാജ്യസഭയിലെ ചീഫ് വിപ്പാക്കിയും സോണിയ നിയമിച്ചു. ഇതിന് ശേഷമാണ് എല്ലാം അവസാനിപ്പിക്കണമെന്ന് ശശി തരൂരിന്റെ ട്വീറ്റ് എന്നതും ശ്രദ്ധേയമാണ്.
ശശി തരൂരിനെതിരെ മുന്നറിയിപ്പുമായി കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പാര്‍ട്ടി അച്ചടക്കം എല്ലാവരും പാലിക്കണം. അഭിപ്രായം പാര്‍ട്ടി വേദികളിലാണ് പറയേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.