Kerala
ജോസ് കെ മാണിക്കായി ഇടതു വാതില്‍ തുറന്നേക്കും; സൂചന നല്‍കി കോടിയേരി

തിരുവനന്തപുരം | കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഒപ്പം നിര്‍ത്തുമെന്ന വ്യക്തായ സൂചന നല്‍കി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു ഡി എഫിനേയും ബി ജെ പിയേയും ദുര്‍ബലമാക്കുക എല്‍ ഡി എഫിന്റെ ലക്ഷ്യമാണ്. യു ഡി എഫ് വിട്ടുവരുന്നവരുടെ നിലപാടും സമീപനവും നോക്കി അവരെ ഒപ്പം കൂട്ടുന്നതില്‍ എല്‍ ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് വിള്ളലേറ്റു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം യു ഡി എഫ് സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യാതിരുന്നത് ശ്രദ്ധേയമാണെന്നും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി പറഞ്ഞു.
അയ്യന്‍കാളി സ്മരണയും സംസ്ഥാന രാഷ്ട്രീയവും എന്ന തലക്കെട്ടിലാണ് കോടിയേരിയുടെ ലേഖനം ആരംഭിക്കുന്നത്. അയ്യന്‍കാളിയുടെ സാമൂഹി പരിഷ്‌കരണങ്ങളെകുറിച്ച് പറഞ്ഞു തുടങ്ങിയ ലേഖനത്തില്‍ പിന്നീട് എങ്ങനെയാണ് അയ്യന്‍കാളിയുടെ സ്വപ്നത്തെ പിണറായി സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയത് എന്നും പറയുന്നുണ്ട്. അയ്യന്‍കാളിയുടെ സ്വപ്നമായിരുന്നു അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് നല്ല വിദ്യാഭ്യാസവും പാര്‍പ്പിടവും ലഭിക്കുകയെന്നതും ആരാധനാ സ്വാതന്ത്ര്യവും. ഈ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ വലിയൊരു അളവുവരെ വിജയിച്ചു. ലൈഫ് പദ്ധതിയും വിദ്യാലയ ആധുനികവത്ക്കരണവും ദളിതരെ ക്ഷേത്രപൂജാരികളായി നിയമിച്ചതും ആ വഴിത്താരയിലെ വഴിവിളക്കുകളാണ് എന്നും ലേഖനം പറയുന്നു.
എല്‍ ഡി എഫിന്റെ ആഭ്യന്തര കലഹത്തില്‍ എല്‍ ഡി എഫോ സി പി എമ്മോ കക്ഷിയാകില്ലെന്ന് പറഞ്ഞുകൊണ്ടാണ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഒപ്പം നിര്‍ത്തുമെന്ന സൂചന കോടിയേരി നല്‍കിയിരിക്കുന്നത്.