Connect with us

Articles

മുസ്ലിം ലീഗിന് നാഷനല്‍ ലീഗിന്റെ തുറന്ന കത്ത്

Published

|

Last Updated

ബഹുമാന്യനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക്,

യശ്ശശരീരനായ അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളുടെയും പാണക്കാട് പൂക്കോയ തങ്ങളുടെയും കാലഘട്ടത്തില്‍ മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാക്കളെയടക്കം നിയന്ത്രിക്കുന്നതിനും വിവേകരഹിതമായി പെരുമാറുന്നവരെ ശാസിക്കുന്നതിനും അവര്‍ കാണിച്ച ഔത്‌സുക്യം അങ്ങേക്ക് അറിവുള്ളതാണല്ലോ? എന്നാല്‍, സമീപകാലത്ത് മുസ്ലിം ലീഗ് നേതാക്കളില്‍ നിന്നും നിയമസഭാ സാമാജികരില്‍ നിന്നും നിരുത്തരവാദപരവും ജുഗുപ്‌സാവഹവുമായ ചെയ്തികളുണ്ടാവുന്ന സമയങ്ങളിലൊന്നും അങ്ങയുടെ ഭാഗത്ത് നിന്നും ഒരിടപെടലും ഉണ്ടായതായി കാണാനായിട്ടില്ല. ചിലപ്പോഴെങ്കിലും അത്തരക്കാര്‍ക്ക് പ്രോത്‌സാഹനം നല്‍കുന്ന പ്രസ്താവനകള്‍ ഇറക്കാനാണ് താങ്കള്‍ താത്പര്യം കാണിച്ചിട്ടുള്ളത്. ലീഗ് സംസ്‌കാരമുള്ളവരെ ഇത് വല്ലാതെയാണ് അമ്പരിപ്പിച്ചത്.

തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുലേറ്റ് റമസാന്‍ കിറ്റുകള്‍ ഇവിടുത്തെ പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനും ഖുര്‍ആന്‍ കോപ്പികള്‍ പള്ളികളിലും മതസ്ഥാപനങ്ങളിലും നല്‍കുന്നതിനും വഖഫ്- ഹജ്ജ് വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീലിന്റെ സഹായം തേടിയതും അതിനുള്ള സൗകര്യം ജലീല്‍ ചെയ്തുകൊടുത്തതും വലിയ അപരാധമായി മുസ്ലിം ലീഗ് നേതാക്കള്‍ ചര്‍ച്ചയാക്കിയത് എങ്ങനെയാണ് താങ്കള്‍ കാണുന്നത് എന്നറിയാന്‍ സമുദായ സ്‌നേഹികള്‍ക്ക് ആഗ്രഹമുണ്ട്. കേരളവും അറബ് സമൂഹവും തമ്മിലുള്ള സഹസ്രാബ്ദങ്ങള്‍ നീണ്ട സാംസ്‌കാരികവും വാണിജ്യപരവുമായ ആദാനപ്രദാനങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ള താങ്കളെപ്പോലുള്ളവര്‍, “സക്കാത്തും സദഖയും” ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുന്ന അറബ് ജനതയുടെ ഹൃദയവിശാലതയെ കുറിച്ച് ധാരാളം മനസ്സിലാക്കിയ വ്യക്തികൂടി ആണല്ലോ? ദുബൈ ഭരണാധികാരിയുടെ വകയുള്ള ദശലക്ഷം ഭക്ഷണക്കിറ്റല്ലേ, ജോലിയും ശമ്പളവുമില്ലാതെ, കഴിഞ്ഞ റമസാനില്‍, കൊവിഡ് ആശങ്കകളുമായി സ്വന്തം താമസസ്ഥലങ്ങളില്‍ കഴിഞ്ഞ മലയാളികടക്കമുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് വലിയ ആശ്വാസമായത്? ആ ജീവകാരുണ്യത്തിന്റെ ചെറിയൊരംശം നമ്മുടെ നാട്ടിലെ പാവപ്പെട്ടവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ഇവിടുത്തെ കോണ്‍സുലേറ്റ് സന്മനസ്സ് കാണിച്ചതും മന്ത്രി ജലീല്‍ അതിനു തന്നാലാവുന്ന സഹായം നല്‍കിയതും “ഹിമാലയന്‍ തെറ്റായി” മുസ്ലിം ലീഗ് പാര്‍ട്ടി കണ്ടതും അതിനെതിരെ വര്‍ഗീയ മനസ്സുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് ദുഷ്പ്രചാരണം നടത്തിയതും ആരെ പ്രീതിപ്പെടുത്താനായിരുന്നു? ജലീലിനെ കൊടുംഭീകരനാക്കി ചിത്രീകരിച്ച് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിനെ അങ്ങ് എന്തേ വിമര്‍ശിക്കാതിരുന്നത്? തൃശൂര്‍ ഡെയോസിസ് മെത്രപ്പൊലിത്ത യൂഹാനോന്‍ മോര്‍ മിലിത്തോസും മുസ്ലിം ലീഗിനെ എക്കാലത്തും താങ്ങിനിറുത്തുന്ന സുന്നി, മുജാഹിദ് പണ്ഡിതന്മാരിലെ ചിലരും പരസ്യവിമര്‍ശനവുമായി രംഗത്തുവന്നിട്ടും അങ്ങയുടെ മനസ്സിനെ മാത്രം അതെന്തുകൊണ്ടാണ് അലട്ടാതിരുന്നത്?

ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, അങ്ങ് സംസ്ഥാന അധ്യക്ഷനായ പാര്‍ട്ടിയുടെ സെക്രട്ടരിമാരിലൊരാളായ കെ എം ഷാജിയെ പോലുള്ള പക്വത തൊട്ടുതീണ്ടാത്ത എം എല്‍ എമാര്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അത് തിരുത്തിപ്പിക്കുന്നതിന് പകരം താങ്കളും അതേറ്റുപിടിക്കുന്നത് കാണുമ്പോള്‍ അത്ഭുതവും ദുഃഖവുമാണ് തോന്നുന്നത്.

മനോരമ ചാനലില്‍ അങ്ങ് നല്‍കിയ ഒരഭിമുഖം കാണാനിടയായി. അതില്‍ അങ്ങ് പറഞ്ഞ ഒരു കാര്യത്തിന് കൂടുതല്‍ വ്യക്തത ആവശ്യമെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഇങ്ങിനെയൊരു തുറന്ന കത്ത്. വിശുദ്ധ ഗ്രന്ഥത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് മന്ത്രി ജലീലാണെന്ന അങ്ങയുടെ പ്രസ്താവം കേട്ടവരെയൊക്കെ അമ്പരിപ്പിച്ചിരിക്കുകയാണ്. സത്യത്തില്‍ ആരാണ് ഖുര്‍ആനെ രാഷ്ട്രീയ വിവാദത്തിലേക്ക് അനാവശ്യമായി വലിച്ചിഴച്ചത്? ആഗസ്റ്റ് 24ന് നടന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് കെ എം ഷാജി, നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ഖുര്‍ആന്റെ കൂടെ മന്ത്രി ജലീലിന് ലഭിച്ച സ്വര്‍ണം തിരിച്ചുകൊടുക്കണമെന്ന് അലറിവിളിച്ചത്. 32 പെട്ടികളിലായി വന്ന ഖുര്‍ആന്‍ പ്രതികളോടൊപ്പം സ്വര്‍ണവും ഉണ്ടായിരുന്നുവെന്ന് ആത്മാര്‍ഥമായി അങ്ങ് കരുതുന്നുണ്ടോ? അതുവരെ ഫെറാലംഘനം നടത്തിയാണ് ഖുര്‍ആന്‍ കൊണ്ടുവന്നതും ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തതും എന്നാരോപിച്ചവര്‍ക്ക് പെട്ടെന്ന് എവിടെ നിന്നാണ് വിശുദ്ധ ഖുര്‍ആനൊപ്പം സ്വര്‍ണം കടത്തിയ കള്ളക്കഥ ചമക്കാനായത്? നിയമസഭയിലെ പ്രസംഗത്തില്‍ ഷാജി എന്തെല്ലാം വിവരക്കേടാണ് വിളമ്പിയത് തങ്ങളേ? ജലീല്‍വിരോധം മൂത്ത് അദ്ദേഹം എഴുന്നള്ളിച്ച വങ്കത്തങ്ങള്‍ അങ്ങും കേട്ടുകാണുമല്ലോ? യുദ്ധത്തില്‍ പിടിച്ച അമുസ്ലിം തടവുകാരെ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ പ്രവാചകന്‍ നിയോഗിച്ചുവെന്നും തിരൂരങ്ങാടിയിലെ സി എച്ച് പ്രസില്‍ നിന്ന് അച്ചടിക്കുന്ന ഖുര്‍ആനാണ് ലോകത്തിന്റെ നാനാദിക്കുകളിലേക്കും കയറ്റിയയക്കുന്നതെന്നുമൊക്കെയാണല്ലോ ഷാജി തട്ടിവിട്ടത്. വാളയാര്‍ ചുരത്തിനപ്പുറത്ത് തിരൂരങ്ങാടി ഖുര്‍ആന്‍ ആരും ഓതാറില്ല എന്ന കാര്യം ആര്‍ക്കറിഞ്ഞില്ലെങ്കിലും അങ്ങേക്ക് അറിവുള്ളതാണല്ലോ? അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നും തുര്‍ക്കിയില്‍ നിന്നുമൊക്കെയാണ് ശുദ്ധ അറബി ലിപിയിലുള്ള ഖുര്‍ആന്‍ കോപ്പികള്‍ കേരളത്തിലേക്ക് എത്തുന്നതെന്ന് ഏതൊരു കൊച്ചുകുട്ടിക്കും അറിയാവുന്നതല്ലേ? എന്നിട്ടുമെന്തിനാണ് “പച്ച”നുണ അങ്ങയുടെ സഹപ്രവര്‍ത്തകന്‍ വിളിച്ചുപറഞ്ഞത്?

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി എന്ന നിലയില്‍ അങ്ങയുമായി വളരെ അടുത്ത് ഇടപഴകിയിട്ടുള്ള വ്യക്തിയാണല്ലോ കെ ടി ജലീല്‍. ആ കാലയളവില്‍ എപ്പോഴെങ്കിലും സഹപ്രവര്‍ത്തകരോ മറ്റാരെങ്കിലുമോ ജലീല്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായോ വിശ്വാസവഞ്ചന കാട്ടിയതായോ കള്ളക്കടത്തിന് കൂട്ടുനിന്നതായോ അങ്ങയോട് പരാതിപ്പെട്ടിട്ടുണ്ടോ? എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ കൊണ്ടുവന്നത് സ്വര്‍ണം കടത്താന്‍ വേണ്ടിയാണെന്ന്, വിശ്വാസി സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിക്കൊണ്ട് ആരോപണമുന്നയിച്ച ഷാജിക്കെതിരെ അദ്ദേഹത്തിന്റെതന്നെ രണ്ടു ഉറ്റമിത്രങ്ങള്‍ (അതിലൊരാള്‍ ഇപ്പോള്‍ എം എല്‍ എയും മറ്റൊരാള്‍ ഭരണഘടനാ സ്ഥാപനത്തിലെ മുന്‍ അംഗവുമാണ്) അങ്ങയുടെ സമക്ഷത്തിങ്കല്‍ ബോധിപ്പിച്ച പരാതി താങ്കള്‍ മറന്നുകാണാനിടയില്ല. ഷാജി കോഴിക്കോട്ട് വീടുവെച്ച സ്ഥലം അവര്‍ മൂന്നുപേരും ചേര്‍ന്നായിരുന്നു വാങ്ങിയിരുന്നത്. മറിച്ച് വിറ്റാല്‍ നല്ല ലാഭം കിട്ടുമായിരുന്ന പ്രസ്തുത സ്ഥലം സ്വന്തം പേരിലാക്കി ബിസിനസ് പങ്കാളികളായ സഹപ്രവര്‍ത്തകരെ മുതല്‍മുടക്കിയ സംഖ്യ പോലും നല്‍കാതെ വഞ്ചിച്ച “രഹസ്യം” ലീഗ് കേന്ദ്രങ്ങളില്‍ അങ്ങാടിപ്പാട്ടായതല്ലേ? ഷാജിയാല്‍ ചതിക്കപ്പെട്ട സഹപ്രവര്‍ത്തകരായ ലീഗ് നേതാക്കള്‍ അങ്ങയോട് പരാതി പറഞ്ഞു. അത് പരിഹരിക്കാന്‍ പാര്‍ട്ടിയിലെ ഒരു പാര്‍ലിമെന്റംഗത്തെയാണല്ലോ അങ്ങ് ചുമതയപ്പെടുത്തിയിരുന്നത്. കൂട്ടുബിസിനസില്‍ വാങ്ങിയ സ്ഥലത്തിന്റെ നടപ്പുവിലയുടെ ലാഭവിഹിതം പങ്കുവെക്കാന്‍ വിസമ്മതിച്ച ഷാജി, അവസാനം മുതല്‍ മുടക്കിയ സംഖ്യ മാത്രം ആത്മിത്രങ്ങള്‍ക്ക് നല്‍കി അവരെ വഞ്ചിച്ച കദനകഥ, ബഹുമാനപ്പെട്ട തങ്ങള്‍ക്കും അനുജന്‍ സാദിഖലി തങ്ങള്‍ക്കും മാധ്യസ്ഥനായ ലീഗ് എം പിക്കും മറച്ചുവെക്കാനാകുമോ? നെഞ്ചത്ത് കൈവെച്ചുകൊണ്ട് ഇക്കാര്യം നിഷേധിക്കാന്‍ താങ്കള്‍ക്ക് സാധിക്കുമോ തങ്ങളേ? പാണക്കാട് തങ്ങന്മാര്‍ കളവ് പറയില്ല എന്ന ഉറച്ച വിശ്വാസമുള്ളത് കൊണ്ടാണ് ഞാനിത് പറയുന്നത്.

ആരുമായൊക്കെ അങ്ങയുടെ സഹപ്രവര്‍ത്തകന്‍ ഷാജി, കൂട്ടുബിസിനസ് നടത്തിയോ അവരെയെല്ലാം വഞ്ചിച്ച പാരമ്പര്യമല്ലേ അദ്ദേഹത്തിനുള്ളത്. സഹപ്രവര്‍ത്തകരെ പറ്റിച്ച് തട്ടിയെടുത്ത ഭൂമിയില്‍, ഒരു കോടിയോളം രൂപ ചെലവിട്ട് പണികഴിപ്പിച്ച രമ്യഹര്‍മ്യം വിശ്വാസ വഞ്ചനയുടെ പ്രതീകമല്ലാതെ മറ്റെന്താണ് തങ്ങളേ? വയനാട്ടില്‍ നിന്ന് കാലിക്കീശയുമായി ചുരമിറങ്ങിവന്ന ഷാജി, എങ്ങനെയാണ് കണ്ണ് ചിമ്മിത്തുറക്കുന്ന വേഗതയില്‍ കോടീശ്വരനായത്? കള്ളക്കടത്തും കൈക്കൂലിയും സാമ്പത്തിക തട്ടിപ്പുകളും ലീഗ് നേതൃത്വം ഒരു കുറ്റമായി കണ്ടിരുന്നുവെങ്കില്‍ “കുമ്മനം ഷാജി”യെ മുസ്ലിംലീഗിന് പേറി നാറേണ്ടി വരുമായിരുന്നില്ലല്ലോ?

ഡിപ്ലേമാറ്റിക് ചാനലിലൂടെ നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 20ഓളം പേര്‍ അറസ്റ്റിലായപ്പോള്‍ ഒരുഡസനിലധികം കുറ്റവാളികള്‍ മുസ്ലിം ലീഗുകാരോ അവരുടെ ബന്ധുക്കളോ ബിനാമികളോ ആയത് യാദൃച്ഛികമാണോ? ഉത്തര മലബാറിലെ ലീഗ് നേതാക്കളില്‍ പലരും കള്ളക്കടത്തില്‍ ഡോക്ടറേറ്റ് എടുത്തവരല്ലേ തങ്ങളേ? അഴിമതിയുടെ കാര്യത്തില്‍ ലീഗെന്ന “ഇസ്ലാമിന്റെ പാര്‍ട്ടി” എന്നെങ്കിലും കോണ്‍ഗ്രസിന്റെ പിറകിലായിട്ടുണ്ടോ? അഴീക്കോട് മണ്ഡലത്തിലെ ഒരു സ്‌കൂളിന് ഹയര്‍ സെക്കന്‍ഡറി അനുവദിച്ചുകൊടുക്കാമെന്ന് പറഞ്ഞ് യു ഡി എഫ് ഭരണകാലത്ത് 25 ലക്ഷം രൂപയല്ലേ ഷാജി, മാനേജ്‌മെന്റിന്റെ കൈയില്‍നിന്ന് വാങ്ങി പോക്കറ്റിലിട്ടത്? പരാതി പറഞ്ഞ ലീഗുകാരനെ പടിയടച്ച് പിണ്ഡം വെക്കുകയല്ലേ മുസ്ലിം ലീഗ് ചെയ്തത്? തങ്ങളേ, ഷാജി ഉള്‍പ്പടെ എത്ര നേതാക്കളാണ്, ലീഗ് നേതൃനിരയില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നത്?

നമ്മുടെ രാജ്യം കടന്നുപോകുന്ന അതിസങ്കീര്‍ണമായ രാഷ്ട്രീയ–സാമൂഹിക സാഹചര്യങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ള നേതാവാണ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വര്‍ത്തമാന ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ മുമ്പന്നെത്തേക്കാളുമേറെ ചകിതരും ഉത്ക്കണ്ഠാകുലരുമാണ്. ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ ബീഭത്‌സമുഖം ഒരുമറയുമില്ലാതെ പുറത്തെടുത്തിരിക്കുകയാണ്. വെറുപ്പിന്റെ സകല ആയുധങ്ങളും പ്രയോഗിച്ച്, ന്യൂനപക്ഷ വിഭാഗങ്ങളെ ഉന്മൂലനം ചെയ്യാന്‍ സംഘടിതമായാണ് അവര്‍ പത്രദ്രശ്യ മാധ്യമങ്ങളുടെ പിന്തുണയോടെ ഗൂഢമായി നോക്കുന്നത്. അവരുമായി ചേര്‍ന്ന് കൂട്ടുകൃഷി നടത്താനല്ലേ കോണ്‍ഗ്രസ് നേതാക്കള്‍ ദേശീയ തലത്തിലും ചെന്നിത്തലയുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തിലും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മൂവര്‍ണക്കൊടിയും കാവിക്കൊടിയും കൂട്ടിക്കെട്ടല്‍, ഇരുകൂട്ടരുടെയും മനസ്സില്‍ നടന്നുകഴിഞ്ഞ സാഹചര്യത്തില്‍ വര്‍ഗീയ മനസ്സുള്ളവര്‍ക്ക് ഏണി വെച്ചുകൊടുക്കാന്‍ സമുദായത്തിന്റെ “കോണി”” തന്നെ ദാനം നല്‍കുന്നത് എന്തിനാണ് തങ്ങളേ? ശാന്തമായി ശാന്തരില്‍ ശാന്തനായ അങ്ങ് ബഹളങ്ങള്‍ക്ക് ചെവികൊടുക്കാതെ ഒറ്റക്കിരുന്ന് ആലോചിക്കണമെന്ന അഭ്യര്‍ഥനയോടെ, അങ്ങേക്ക് ആയുരാരോഗ്യസൗഖ്യം നേര്‍ന്നുകൊണ്ട് നിര്‍ത്തുന്നു.