National
സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ ആർ ലക്ഷ്മൺ അന്തരിച്ചു

ചെന്നൈ| സുപ്രീം കോടതി മുൻ ജഡ്ജിയും ലോ കമ്മീഷൻ ചെയർമാനുമായ ജസ്റ്റിസ് എ ആർ ലക്ഷമൺ(78) അന്തരിച്ചു. തിരുച്ചിറപ്പള്ളിയിലെ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഇന്നലെ രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം മുമ്പാണ് ഇദ്ദേഹത്തിന്റെ ഭാര്യ മീനാക്ഷി ആച്ചി മരിച്ചത്. രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്.
1942 മാർച്ച് 22ന് തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ ദേവകോട്ടൈയിലാണ് ജനിച്ചത്. 1990ൽ മദ്രാസ് ഹൈക്കോടതി ജഡ്ജിയായ ഇദ്ദേഹം 1997ലാണ് കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി പദവി ഏറ്റെടുത്തത്. പിന്നീട് രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച ശേഷം 2002 ഡിസംബർ 20നാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. 2007 മാർച്ച് 22ന് വിരമിച്ചു. അതിനുശേഷം 18ാമത് ലോ കമ്മീഷൻ ചെയർമാനായി.
പൊതു ഇടങ്ങളിൽ പുകവലി നിരോധിച്ചതുൾപ്പെടെ നിരവധി നിർണായക വിധി പ്രഖ്യാപനങ്ങൾ നടത്തിയ ബഞ്ചുകളിൽ അംഗമായിരുന്നു. ശബരിമല ക്ഷേത്ര ശ്രീകോവിലിന് സ്വർണംപതിക്കാൻ അനുമതി നൽകി. ക്ഷേത്രങ്ങളിൽ ആനകളെ നടക്കിരുത്തുന്നവർ പരിപാലന ചെലവ് കൂടി നൽകണമെന്ന് വിധിച്ചതും ഇദ്ദേഹമായിരുന്നു. പ്രഭാഷകൻ കൂടിയായ ജസ്റ്റിസ് എ ആർ ലക്ഷ്മണൻ തമിഴിലും ഇംഗ്ലിഷിലും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ദി ജഡ്ജ് സ്പീക്‌സ്, “നീതിയിൻ കുരൽ” എന്നിവ പ്രധാന രചനകളാണ്.