Covid19
കൊവിഡ് സാമ്പത്തിക പ്രതിസന്ധി: ഡൽഹിയിൽ സഹോദരന്മാർ ആത്മഹത്യ ചെയ്തു

ന്യൂഡൽഹി| ലോക്ക്ഡൗൺ കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി തലസ്ഥാന നഗരിയിൽ സ്വർണക്കട നടത്തുന്ന സഹോദരന്മാരുടെ ജീവനെടുത്തു. സെൻട്രൽ ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽ സ്വർണകട നടത്തിയിരുന്ന സഹോദരന്മാരെയാണ് ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ കടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് നിന്ന് പോലീസിന് ആത്മഹത്യാ കുറിപ്പും ലഭിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം ഡൽഹിയിലെ ബസാർ സീതാറാം പ്രദേശത്ത് താമസിച്ചിരുന്ന അർപിത്(42), അങ്കിത്(47) എന്നിവരാണ് മരിച്ചത്. സംഭവം നടക്കുമ്പോൾ ഇവരുടെ പിതാവ് ഒന്നാം നിലയിലായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത്) മോണിക്ക ഭരദ്വാജ് പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്നും കുടുംബാംഗങ്ങൾ ക്ഷമിക്കണമെന്നും ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചതായി പോലീസ് പറഞ്ഞു. പണം കടം കൊടുത്തവർ ഇരുവരെയും മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി പ്രദേശവാസികൾ ആരോപിച്ചു. മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.