Connect with us

Editorial

ഒഴിവാക്കാമായിരുന്ന തീപ്പിടിത്തം

Published

|

Last Updated

സെക്രട്ടേറിയറ്റില്‍ ചൊവ്വാഴ്ച വൈകുന്നേരം ആളിപ്പടര്‍ന്ന തീപ്പൊരികള്‍ ചെന്നുപതിച്ചിരിക്കുന്നത് സംസ്ഥാന രാഷ്ട്രീയത്തിലാണ്. ഭരണ, പ്രതിപക്ഷത്തിനിടയില്‍ ശക്തമായ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ് ഈ സംഭവം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാന്‍ ഭരണപക്ഷവും ഉദ്യോഗസ്ഥവൃന്ദവും ചേര്‍ന്ന് മനഃപൂര്‍വം സൃഷ്ടിച്ചതാണ് തീപ്പിടിത്തമെന്ന് യു ഡി എഫ് ആരോപിക്കുമ്പോള്‍, അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ അടിതെറ്റി വീണതിന്റെ ജാള്യത മറച്ചുപിടിക്കാന്‍ യു ഡി എഫ് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നാണ് എല്‍ ഡി എഫ് പറയുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ സെക്രട്ടേറിയറ്റും മുഖ്യമന്ത്രിയുടെ ഓഫീസും ഇടംപിടിച്ച ഘട്ടത്തിലാണ് തീപിടിത്തമെന്നതാണ് ഇത് പിടിവള്ളിയാക്കാന്‍ പ്രതിപക്ഷത്തിന് സഹായകമായത്.

നോര്‍ത്ത് ബ്ലോക്കിനോട് ചേര്‍ന്നുള്ള നോര്‍ത്ത് സാന്‍ഡ്‌വിച്ച് ബ്ലോക്കിന്റെ മൂന്നാം നിലയില്‍ സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന പൊതുഭരണ വകുപ്പ് (ജി എ ഡി) പൊളിറ്റിക്കല്‍ വിഭാഗത്തിലാണ് ചൊവ്വാഴ്ച വൈകീട്ട് തീപ്പിടിത്തമുണ്ടായത്. വി ഐ പി സന്ദര്‍ശനത്തിന്റെയും മന്ത്രിമാരടക്കമുള്ളവരുടെ വിദേശ യാത്രകളുടെയും ഫയലുകള്‍ പ്രോട്ടോകോള്‍ ഓഫീസുകളിലാണ് സൂക്ഷിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് സംഭവം ആസൂത്രിതമാണെന്നും സ്വര്‍ണക്കടത്ത് അടക്കമുള്ള നിര്‍ണായക കേസുകളുമായി ബന്ധപ്പെട്ട രേഖകളാണ് കത്തിനശിച്ചതെന്നുമുള്ള ആരോപണവുമായി പ്രതിപക്ഷം രംഗത്തു വന്നത്. ഫയലുകള്‍ മിക്കതും ഓണ്‍ലൈന്‍ ആക്കിയെങ്കിലും പ്രോട്ടോകോള്‍ വിഭാഗത്തിന്റെ പല ഫയലുകളും ഇപ്പോഴും കടലാസിലാണ്. ഇവ എന്‍ ഐ എ പരിശോധിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യാന്‍ സാധ്യത നിലനില്‍ക്കെയാണ് തീപ്പിടിത്തമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം ഗവര്‍ണറെ കണ്ട് തങ്ങളുടെ ആശങ്ക അറിയിക്കുകയും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ ഐ എ ആവശ്യപ്പെട്ട ഫയലുകളുള്ള പൊളിറ്റിക്കല്‍ വിഭാഗത്തിലാണ് തീപ്പിടിത്തമെന്നതിനാല്‍ ഇതും എന്‍ ഐ എ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപ്പിടിത്തമെന്നാണ് ഔദ്യോഗിക വിശദീകരണം. ഗസ്റ്റ് ഹൗസുകളിലെ റൂം ബുക്കിംഗുമായി ബന്ധപ്പെട്ട ഫയലുകള്‍ മാത്രമേ കത്തിയിട്ടുള്ളൂവെന്നും സുപ്രധാനമായ ഫയലുകളെല്ലാം സുരക്ഷിതമാണെന്നും പൊതുഭരണ വകുപ്പ് അഡീഷനല്‍ സെക്രട്ടറി പി ഹണി വ്യക്തമാക്കുകയുണ്ടായി.

മന്ത്രി ഇ പി ജയരാജനാണ് തീപ്പിടിത്തം യു ഡി എഫിന്റെ ഗൂഢാലോചനയാണെന്ന ആരോപണമുന്നയിച്ചത്. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ യു ഡി എഫ്. എം എല്‍ എമാര്‍ അന്ന് തിരിച്ചുപോകാതെ തിരുവനന്തപുരത്ത് തന്നെ തങ്ങിയതും തീപ്പിടിത്തം നടന്ന് മിനുട്ടുകള്‍ക്കകം ബി ജെ പി, യു ഡി എഫ് നേതാക്കള്‍ സ്ഥലത്തെത്തിയതും ഇതിനുള്ള സാഹചര്യത്തെളിവുകളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുകളിലെ നിലയിലുണ്ടായിരുന്ന സംസ്ഥാന ചീഫ് സെക്രട്ടറി സ്ഥലത്തെത്തും മുമ്പേ ബി ജെ പി സംസ്ഥാന അധ്യക്ഷനും നേതാക്കളും അവിടെയെത്തിയത് സംശയകരമാണെന്ന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭയും വിലയിരുത്തുകയുണ്ടായി. ഇതടിസ്ഥാനത്തില്‍ തീപ്പിടിത്തമുണ്ടായ ഉടനെ സംഭവ സ്ഥലത്തെത്തിയവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.

സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തം ഇത് ആദ്യത്തെ സംഭവമല്ല. രണ്ട് വര്‍ഷം മുമ്പ് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഓഫീസില്‍ അഗ്നിബാധയുണ്ടായി. ചൊവ്വാഴ്ച തീപ്പിടിത്തമുണ്ടായതിന്റെ മുകളിലത്തെ നിലയിലാണ് അന്ന് തീപടര്‍ന്നത്. നാശനഷ്ടങ്ങളുണ്ടായില്ല. 2006ലുമുണ്ടായി തീപ്പിടിത്തം. പഴയ നിയമസഭാ മന്ദിരം കഴിഞ്ഞ് നോര്‍ത്ത് ബ്ലോക്ക് ആരംഭിക്കുന്നിടത്ത് ഒന്നാം നിലയിലായിരുന്നു അന്നത്തെ തീപ്പിടിത്തം.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ചീഫ് സെക്രട്ടറി ആര്‍ രാമചന്ദ്രന്‍ നായര്‍ മുന്നൂറിലധികം ഫയലുകള്‍ സെക്രട്ടേറിയറ്റില്‍ നിന്ന് കടത്തിക്കൊണ്ടുപോയി പൂജപ്പുര ജയില്‍ വളപ്പില്‍ വെച്ച് കത്തിച്ചതായി ആരോപണമുയര്‍ന്നിരുന്നു.

അതിനിടെ, ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് തീപ്പിടിത്തത്തിനിടയാക്കിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സെക്രട്ടേറിയറ്റില്‍ അലക്ഷ്യമായാണ് ഫയലുകള്‍ സൂക്ഷിക്കുന്നത്. ഇത് തീപ്പിടിത്തത്തിന് ഇടയാക്കിയേക്കാമെന്നും ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കുറേക്കൂടി കരുതലും ജാഗ്രതയും ആവശ്യമാണെന്നും ജൂലൈ 13ന് പൊതുഭരണ വകുപ്പ് സെക്രട്ടറി ഇറക്കിയ സര്‍ക്കുലറില്‍ ജീവനക്കാരെ ഉണര്‍ത്തിയതാണ്. ഓഫീസുകളിലെ റാക്കുകള്‍, അലമാരകള്‍ തുടങ്ങിയവയുടെ മുകളിലും കമ്പ്യൂട്ടറിന്റെയും ഇലക്ട്രിക് ഉപകരണങ്ങളുടെയും സമീപവും പേപ്പര്‍ ഫയലുകള്‍ സൂക്ഷിക്കരുത്, ഉപയോഗം കഴിഞ്ഞാല്‍ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം എന്നതെല്ലാം സര്‍ക്കുലറിലെ പ്രധാന നിര്‍ദേശങ്ങളായിരുന്നു. ഈ ഉത്തരവിറങ്ങിയ ശേഷവും അലസമായാണ് പലരും ഫയലുകള്‍ കൈകാര്യം ചെയ്തിരുന്നത്. കേടായ ഫാനിന്റെ സ്വിച്ചില്‍ നിന്നാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനമെന്നത് ശ്രദ്ധേയമാണ്.

മരത്തിന്റെ ഫ്‌ളോറുകളും പ്ലൈവുഡിന്റെ പാനലുകളും അവിടവിടെയായി ഫയലുകളും ലൂസായി കിടക്കുന്ന ഇലക്ട്രിക് വയറുകളും പല റൂമുകളിലും ചായയും കാപ്പിയും ഉണ്ടാക്കാനുള്ള സംവിധാനവുമെല്ലാമായി അടുക്കും ചിട്ടയുമില്ലാതെ പ്രവര്‍ത്തിക്കുന്ന സെക്രട്ടേറിയറ്റില്‍ അഗ്നിബാധക്കുള്ള സാധ്യത താന്‍ ഒരു വര്‍ഷം മുമ്പേ ബന്ധപ്പെട്ടവരെ ഉണര്‍ത്തിയിരുന്നതായി ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വകുപ്പിലെ ദുരന്തനിവാരണ വിഭാഗം മേധാവിയായിരുന്ന മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിക്കുകയുണ്ടായി. നല്ല സുരക്ഷാ ഓഡിറ്റ് നടത്താനും പരമാവധി അപകട സാധ്യതകള്‍ ഒഴിവാക്കാനും കൂടുതല്‍ അഗ്നിശമന സംവിധാനം ഒരുക്കാനും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. ഇത്തരം മുന്നറിയിപ്പുകള്‍ ചെവിക്കൊണ്ടിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു ഒരു പക്ഷേ ചൊവ്വാഴ്ചത്തെ തീപ്പിടിത്തം.