Connect with us

Kerala

മത്തായിയുടെ മരണം: വേഗത്തില്‍ അന്വേഷണം തുടങ്ങാന്‍ സി ബി ഐക്ക് ഹൈക്കോടതി നിര്‍ദേശം

Published

|

Last Updated

പത്തനംതിട്ട | ചിറ്റാറില്‍ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ പി പി മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വേഗത്തില്‍ അന്വേഷണം തുടങ്ങാന്‍ സി ബി ഐക്ക് ഹൈക്കോടതി നിര്‍ദേശം. ഇപ്പോഴും സംസ്‌ക്കരിക്കാതെ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആവശ്യമെങ്കില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തി ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറണമെന്നും കോടതി ഉത്തരവിട്ടു. മത്തായിയുടെ മൃതദേഹം വേഗത്തില്‍ സംസ്‌ക്കരിക്കാന്‍ നടപടി ആവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശി നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

കഴിഞ്ഞ മാസം 28 നാണ് വനം വകുപ്പ് കസ്റ്റഡിയിലായിരുന്ന മത്തായിയെ എസ്റ്റേറ്റ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മത്തായിയുടെത് കസ്റ്റഡി മരണമാണെന്നും ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ചൂണ്ടിക്കാട്ടി ഭാര്യ ഷീബ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി അന്വേഷണം സി ബി ഐക്ക് കൈമാറിയത്. പ്രതികളെ പിടികൂടുന്നതുവരെ മത്തായിയുടെ മൃതദേഹം സംസ്‌ക്കരിക്കില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 31 ദിവസമായി മത്തായിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സി ബി ഐ അന്വേഷണത്തിലൂടെ നീതി കിട്ടുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ