Kerala
തീപ്പിടിത്തം: ബിജെപി അധ്യക്ഷന്‍ ഉടന്‍ സെക്രട്ടറിയേറ്റിലെത്തിയതില്‍ ദുരൂഹതയുണ്ട്-എ വിജയരാഘവന്‍

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാരിനെതിരെ വിമോചന സമരത്തിന്റെ അന്തരീക്ഷമുണ്ടാക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. എഴുതി തയ്യാറാക്കിയ തിരക്കഥയിലെ ട്വിസ്റ്റും ക്ലൈമാക്‌സും ഉണ്ടാക്കാനാണ് പ്രതിപക്ഷം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ജര്‍മനിയില്‍ 1933ല്‍ പാര്‍ലമെന്റില്‍ തീയിട്ടവര്‍ തന്നെ പ്രതിഷേധം നടത്തിയ ചരിത്രമുണ്ട്. ഇതിനു ശേഷം ഇങ്ങനെ ഒരു സംഭവം നടക്കുന്നത് കേരളത്തിലാണ്. കൊവിഡ് മാനദണ്ഡം പാലിക്കാതെ പ്രതിഷേധം നടത്തുക വഴി സംസ്ഥാനത്ത് രോഗം വ്യാപിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
തീപിടുത്തം നടന്ന ഉടന്‍ ബിജെപി അധ്യക്ഷന്‍ സെക്രട്ടേറിയറ്റിലെത്തിയത് ദുരൂഹമാണ്. അന്വേഷണ സംഘം ഇതും പരിശോധിക്കണം. ഇ ഫയലിംഗ് നടപ്പാക്കിയത് കൊണ്ട് എല്ലാ സുരക്ഷിതമാണ്.പ്രോട്ടോക്കോള്‍ ഓഫീസര്‍ ശ്രമിച്ചാലും കടലാസ് മാറ്റാന്‍ കഴിയില്ല.
യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തില്‍ നിന്നും ജോസ് പക്ഷം വിട്ടു നിന്നത് സ്വാഗതാര്‍ഹമായ കാര്യമാണെന്നും വിജയരാഘവന്‍ പറഞ്ഞു.