Connect with us

National

ജെ ഇ ഇ, നീറ്റ് പരീക്ഷ: ഞാനുമൊരു എൻജിനീയറാണ്;  വിദ്യാർഥികൾക്ക് പിന്തുണയുമായി നടൻ സോനു സൂദ്

Published

|

Last Updated

ന്യൂഡൽഹി| കൊവിഡ് വ്യാപനത്തെ തുടർന്ന് ദേശീയ പരീക്ഷകളായ ജെ ഇ ഇ, നീറ്റ് പരീക്ഷകൾ നീട്ടിവെക്കണമെന്ന ആവശ്യത്തിന് പിന്തുണയുമായി ബോളിവുഡ് നടൻ സോനു സൂദ്. ഞാൻ ഈ വിദ്യാർഥികളോടൊപ്പമാണ്. പരീക്ഷ എഴുതാൻ പോകുന്ന 26 ലക്ഷം വിദ്യാർഥികളെ ഈ അവസരത്തിൽ പിന്തുണച്ചേ മതിയാകൂ. സൂദ് എൻ ഡി ടി വിയോട് പറഞ്ഞു.

ലോക്ക്ഡൗൺ സമയത്ത് രാജ്യത്തുടനീളം കുടുങ്ങിക്കിടന്ന ആയിരക്കണക്കിന് കുടിയേറ്റക്കാരെ നാട്ടിലേക്ക് മടങ്ങാൻ സഹായിച്ച വ്യക്തിയാണ് ഇദ്ദേഹം. വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും രണ്ട് മൂന്ന് മാസത്തെ സമയം നൽകണമെന്നും മാനസികമായി തയ്യാറാകുമ്പോൾ വിദ്യാർഥികൾ പരീക്ഷക്ക് ഹാജരാകുമെന്നും സൂദ് പറഞ്ഞു. ബിഹാറിൽ പരീക്ഷയെഴുതാനുള്ള വിദ്യാർഥികളിൽ ഭൂരിഭാഗവും പ്രളയബാധിത മേഖലകളിൽ നിന്നുള്ളവരാണ്. അവരെങ്ങനെയാണ് യാത്ര ചെയ്യുക. പണമോ താമസിക്കാൻ സ്ഥലമോ ഇല്ലാത്തവരാണ് ഇവരിൽ അധികവും. അത്തരക്കാരെ പരീക്ഷ എഴുതാൻ നിർബന്ധിക്കുന്നത് ശരിയല്ല. സോനു സൂദ് വ്യക്തമാക്കി.

ഞാനും ഒരു എൻജിനീയറാണ്. രാജ്യത്തെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിക്കേണ്ട പുതു തലമുറയെ ഇത്തരത്തിൽ സമ്മർദത്തിലാക്കരുത്. നവംബർ-ഡിസംബർ വരെ അവർക്ക് സമയം നൽകണമെന്നും മാനസികമായി തയ്യാറെടുത്തുകൊണ്ട് അവർ പരീക്ഷയെ അഭിമുഖീകരിക്കണമെന്നും സൂദ് പറഞ്ഞു.

അതേസമയം, രക്ഷിതാക്കളിൽ നിന്നും വിദ്യാർഥികളിൽ നിന്നുമുള്ള നിരന്തര സമ്മർദ്ദമാണ് പരീക്ഷ നടത്താനുള്ള തീരുമാനത്തിന് പിന്നിലെന്ന് വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാൽ നിഷാങ്ക് പറഞ്ഞു. എന്തുകൊണ്ട് പരീക്ഷ നടത്തുന്നില്ല എന്ന് ചോദിച്ച് വിദ്യാർഥികളും മാതാപിതാക്കളും നിരന്തരം സർക്കാറിനെ സമ്മർദത്തിലാക്കുകയാണ്. കുട്ടികൾ ഭാവിയോർത്ത് ആശങ്കാകുലരായിരുന്നു. എത്രകാലം ഇങ്ങനെ പഠനം തുടരേണ്ടിവരുമെന്നാണ് വിദ്യാർഥികൾ ചോദിച്ചുകൊണ്ടിരുന്നത്. പൊഖ്രിയാൽ വെളിപ്പെടുത്തി.