Connect with us

Editorial

കത്തില്‍ കുരുങ്ങി കോണ്‍ഗ്രസ്

Published

|

Last Updated

ദൗര്‍ഭാഗ്യകരമായ സംഭവ വികാസങ്ങളാണ് ഡല്‍ഹിയില്‍ തിങ്കളാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ അരങ്ങേറിയത്. പാര്‍ട്ടിയും ജനാധിപത്യ ഇന്ത്യയും നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് സമഗ്രമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണുന്നതിനു പകരം, പാര്‍ട്ടി നേതൃത്വത്തില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ നേതാക്കള്‍ക്കെതിരെയുള്ള കടന്നാക്രമണമായിരുന്നു യോഗത്തില്‍ കാര്യമായി നടന്നത്. കത്തെഴുതിയവര്‍ ബി ജെ പിയുടെ സഹകാരികളാണെന്നായിരുന്നു ചില നേതാക്കളുടെ ആരോപണം. രാഹുല്‍ ഗാന്ധിയും ഇത്തരമൊരു പരാമര്‍ശം നടത്തിയതായി വാര്‍ത്ത വന്നെങ്കിലും അദ്ദേഹം അത് നിഷേധിച്ചിട്ടുണ്ട്. കത്തെഴുതിയവരെ വിമര്‍ശിച്ചും ഗാന്ധി കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ചുമാണ് മിക്കവാറും പേര്‍ സമിതിയില്‍ സംസാരിച്ചത്. കത്തെഴുതിയവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നു വരെ ചിലര്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുദ്ദേശിച്ച് ചേര്‍ന്ന പ്രവര്‍ത്തക സമിതി ഒടുവില്‍ നേതൃത്വത്തിനിടയില്‍ കടുത്ത വിള്ളല്‍ സൃഷ്ടിച്ചു കൊണ്ടാണ് പിരിഞ്ഞത്.

മുഴുസമയ അധ്യക്ഷന്‍, സംഘടനാ തിരഞ്ഞെടുപ്പ് തുടങ്ങി ആറ് സുപ്രധാന ആവശ്യങ്ങളുന്നയിച്ച് അഞ്ച് മുന്‍ മുഖ്യമന്ത്രിമാര്‍, മുന്‍ കേന്ദ്ര മന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എം പിമാര്‍ തുടങ്ങി സമുന്നതരായ നേതാക്കളാണ് സോണിയക്ക് കത്തെഴുതിയത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ താഴെയിറക്കി കോണ്‍ഗ്രസിന് വീണ്ടും അധികാരത്തിലെത്തണമെങ്കില്‍ പാര്‍ട്ടിയില്‍ ഉടനടി നേതൃമാറ്റം ആവശ്യമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബ്ലോക്ക് തലം മുതല്‍ എ ഐ സി സി വരെ സംഘടനാ തിരഞ്ഞെടുപ്പ്, സുതാര്യമായ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സ്വതന്ത്ര അതോറിറ്റി, പാര്‍ലിമെന്ററി ബോര്‍ഡ് രൂപവത്കരണം, കോണ്‍ഗ്രസ് വിട്ടുപോയവരെയും അകന്നു നില്‍ക്കുന്നവരെയും തിരിച്ചു കൊണ്ടുവരാന്‍ ഫലപ്രദമായ നടപടി തുടങ്ങിയ കാര്യങ്ങള്‍ ആവശ്യപ്പെടുന്ന കത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും ദയനീയ തോല്‍വിയും തുടര്‍ച്ചയായ ഇടിവും വിലയിരുത്താന്‍ ആത്മാര്‍ഥമായ ശ്രമമുണ്ടായില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ബി ജെ പി ഭരണത്തില്‍ കടുത്ത സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ വെല്ലുവിളികളെയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്നും ഇതിനെതിരെ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് ശക്തമായ പ്രതികരണങ്ങളുണ്ടാകുന്നില്ലെന്നും കത്തില്‍ പറയുന്നുണ്ട്.
വളരെ പ്രസക്തമാണ് കത്തില്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങള്‍. നേരത്തേ പലപ്പോഴായി പലരും ചൂണ്ടിക്കാട്ടിയതാണ് ഇതില്‍ മിക്കവയും. കഴിഞ്ഞ മാസം 30ന് സോണിയാഗാന്ധി കോണ്‍ഗ്രസ് രാജ്യസഭാംഗങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരുന്നു. നരേന്ദ്ര മോദി സര്‍ക്കാറിന്റെ വീഴ്ചകളെ തുറന്നു കാട്ടുന്നതിലുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കഴിവുകേടിനെക്കുറിച്ച് ആ യോഗത്തില്‍ പങ്കെടുത്തവരെല്ലാം തുറന്നു കാട്ടിയതാണ്. കൊവിഡ് പ്രതിസന്ധി, സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച, ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി മോദി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയമാണെന്ന് ഒരു മുതിര്‍ന്ന നേതാവ് യോഗത്തില്‍ തുറന്നടിച്ചു. ബഹളമയമായ അന്തരീക്ഷത്തിലാണ് നാല് മണിക്കൂര്‍ നീണ്ടുനിന്ന പ്രസ്തുത കോണ്‍ഫറന്‍സ് സമാപിച്ചത്. പരോക്ഷമായി പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റം വരേണ്ടതിന്റെ അനിവാര്യതയിലേക്കാണ് അന്നത്തെ ചര്‍ച്ചകള്‍ വിരല്‍ ചൂണ്ടിയത്. ഇത് മാത്രമല്ലേ സോണിയക്ക് കത്ത് നല്‍കിയ നേതാക്കളും ആവശ്യപ്പെട്ടുള്ളൂ?

രാജ്യത്തെ ഏറ്റവും പഴക്കമേറിയതും രാഷ്ട്രീയ പാരമ്പര്യവുമുള്ള കക്ഷിയാണ് കോണ്‍ഗ്രസ്. ലോക്‌സഭയിലെ എണ്ണം 54ലേക്ക് ചുരുങ്ങുകയും മിക്ക സംസ്ഥാനങ്ങളിലും പ്രതിപക്ഷ സ്ഥാനത്തിനു പോലും അര്‍ഹതയില്ലാതെ പരമ ദയനീയാവസ്ഥയിലെത്തുകയും ചെയ്‌തെങ്കിലും കോണ്‍ഗ്രസില്‍ തന്നെയാണ് ഇപ്പോഴും മതനിരപേക്ഷ ഇന്ത്യയുടെ പ്രതീക്ഷ. കോണ്‍ഗ്രസ് ശക്തിപ്പെട്ടെങ്കില്‍ മാത്രമേ മോദി ഭരണത്തില്‍ തകര്‍ന്നടിയുന്ന ഇന്ത്യന്‍ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും വീണ്ടെടുക്കാനാകുകയുള്ളൂ. ശക്തമായ ഒരു നേതൃത്വത്തിന്റെ അഭാവമാണ് പാര്‍ട്ടിയില്‍ നിന്ന് നേതാക്കളും അണികളും അടിക്കടി കൊഴിഞ്ഞു പോകാനും പല സംസ്ഥാനങ്ങളിലും ഭരണം നഷ്ടപ്പെടാനും കാരണം. പാര്‍ട്ടിയുടെ ഈ പരിതാവസ്ഥയില്‍ കോണ്‍ഗ്രസുകാര്‍ക്ക് മാത്രമല്ല, പാര്‍ട്ടി അണികളല്ലാത്ത മതനിരപേക്ഷ വിശ്വാസികള്‍ക്കും വേദനയും സങ്കടവുമുണ്ട്. ഇത് കണ്ടറിഞ്ഞ് പരിഹാരം കാണുന്നതില്‍ നിലവിലെ നേതൃത്വം തികഞ്ഞ പരാജയമാണ്. പാര്‍ട്ടിയുടെ ശാക്തീകരണം ലക്ഷ്യമാക്കി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയ തലമുതിര്‍ന്ന നേതാക്കള്‍ ബി ജെ പിയുമായി രഹസ്യബാന്ധവം സ്ഥാപിച്ചവരാണെന്ന ആരോപണം തീര്‍ത്തും വിവേകശൂന്യമായിപ്പോയി.

കാലങ്ങളായി കോണ്‍ഗ്രസ് പല പ്രതിസന്ധികളെയും അഭിമുഖീകരിച്ചപ്പോള്‍, പാര്‍ട്ടിയില്‍ ഉറച്ചു നില്‍ക്കുകയും പാര്‍ട്ടിയുടെ രക്ഷക്കു വേണ്ടി യത്‌നിക്കുകയും ചെയ്തവരാണ് കത്തില്‍ ഒപ്പിട്ട പലരും. പാര്‍ട്ടിയില്‍ അര നൂറ്റാണ്ടിലേറെക്കാലം പാരമ്പര്യമുള്ളവരുണ്ട് ഇക്കൂട്ടത്തില്‍. നെഹ്‌റു കുടുംബത്തിന് പുറത്തു നിന്നുള്ള നേതാവിനു വേണ്ടിയാണ് കത്തെഴുതിയവര്‍ ശബ്ദമുയര്‍ത്തുന്നതെന്നതാണ് ചിലരുടെ പക്ഷം. ഈയാവശ്യം നേരത്തേ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉന്നയിച്ചതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തെ തുടര്‍ന്ന് കഴിഞ്ഞ മെയില്‍ പാര്‍ട്ടി അധ്യക്ഷ പദവിയില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ രാഹുല്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യം തനിക്കു പകരം നെഹ്‌റു കുടുംബത്തിന് പുറത്തു നിന്നുള്ള ഒരാളെ കണ്ടെത്തണമെന്നായിരുന്നു. ഇതിനെ പിന്നീട് പ്രിയങ്കയും പിന്താങ്ങി. നേതാവിന്റെ കുടുംബ പാരമ്പര്യമല്ല, പാര്‍ട്ടിയെ നയിക്കാനുള്ള ശേഷിയും മിടുക്കും പ്രാഗത്ഭ്യവുമായിരിക്കണം മുഖ്യ മാനദണ്ഡം. രാഷ്ട്രീയ പ്രവര്‍ത്തന ശേഷിക്കപ്പുറം നെഹ്‌റു കുടുംബാംഗമെന്നതാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തെത്താനുള്ള മുഖ്യ യോഗ്യതയായി പരിഗണിക്കപ്പെടുന്നതെങ്കിലും പുറത്തു നിന്നുള്ളവരും പാര്‍ട്ടി നേതൃസ്ഥാനത്തെത്തുകയും വര്‍ഷങ്ങളോളം സംഘടനയെ നയിക്കുകയും ചെയ്തിട്ടുണ്ടെന്ന കാര്യം വിസ്മരിക്കരുത്. ക്രിയാത്മക വിമര്‍ശങ്ങളെ പാര്‍ട്ടി വിരുദ്ധതയായി ചിത്രീകരിച്ച് വിമര്‍ശകരെ തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് ശക്തിപ്പെടുത്താനേ സഹായിക്കുകയുള്ളൂ. പാര്‍ട്ടിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ആരോഗ്യപരമായ വിമര്‍ശങ്ങള്‍ ആവശ്യമണ്.

Latest