Connect with us

National

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് സെപ്തംബര്‍ 14ന് തുടക്കമായേക്കും; സമ്മേളനം ചേരുക വാരാന്ത്യ അവധികളില്ലാതെ

Published

|

Last Updated

ന്യൂഡല്‍ഹി | പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം സെപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ ചേരുമെന്ന് സൂചന. ഇരുസഭകളുടേയും നടപടികള്‍ അവധി കൂടാതെ ശനിയാഴ്ചയും ഞായറാഴ്ചയും നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് സമ്മേളനം നടക്കുക. വൈറസ് വ്യാപന സാഹചര്യം കണക്കിലെടുത്താണ് വാരാന്ത്യ ദിനങ്ങളിലും അവധിയില്ലാതെ സഭാ സമ്മേളനം നടത്തുന്നത്.

സമ്മേളന കാലയളവിനിടെ എം പിമാര്‍ തങ്ങളുടെ നിയോജകമണ്ഡലങ്ങളിലേക്കും മറ്റും തിരിച്ചുപോകുന്നത് തടഞ്ഞ് രോഗം പിടിപെടാനുള്ള സാധ്യത ഒഴിവാക്കാനാണ് ഈ നടപടി. ഇടവേളകളില്ലാതെ 18 ദിവസമാണ് സഭ ചേരുന്നത്. രാവിലേയും ഉച്ചക്ക് ശേഷവും രണ്ട് സെക്ഷനുകളിലായി ദിവസേന നാല് മണിക്കൂറാണ് ഇരുസഭകളും ചേരുക.

അംഗങ്ങള്‍ക്ക് ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള സൗകര്യാര്‍ഥം ചേമ്പറുകളില്‍ നാല് വലിയ ഡിസ്‌പ്ലേ സ്‌ക്രീനുകളും ഗാലറികളില്‍ ആറ് ചെറിയ ഡിസ്‌പ്ലേ സ്‌ക്രീനുകളും ഓഡിയോ സംവിധാനങ്ങളും സ്ഥാപിക്കും. വൈറസുകളെ നശിപ്പിക്കാന്‍ രാജ്യസഭയിലെ എയര്‍ കണ്ടീഷന്‍ സിസ്റ്റത്തില്‍ അള്‍ട്രാവയലറ്റ് അണുനശീകരണികള്‍ സ്ഥാപിക്കാനും നിര്‍ദേശമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, സഭാ നേതാവ്, പ്രതിപക്ഷ നേതാവ്, മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്, എച്ച്ഡി ദേവഗൗഡ എന്നിവര്‍ക്ക് രാജ്യസഭ ചേമ്പറിലാണ് ഇരിപ്പിടം ഒരുക്കുക.

Latest