Kerala
അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കണം, കത്തെഴുതിയത് അദ്ദേഹത്തോട് എതിര്‍പ്പുള്ളവര്‍; തുറന്നടിച്ച് പി സി ചാക്കോ

കൊച്ചി | രാഹുല്‍ ഗാന്ധിയുടെ തുറന്ന സമീപനത്തോടും ശൈലിയോടും എതിര്‍പ്പുള്ളവരാണ് കോണ്‍ഗ്രസ് ഉടച്ചുവാര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ചതെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് പി സി ചാക്കോ. അനാരോഗ്യാവസ്ഥ കാരണം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നു മാറിയ സോണിയാ ഗാന്ധിയെ വീണ്ടും അതേ സ്ഥാനത്ത് കൊണ്ടുവന്നത് അവരോട് ചെയ്യുന്ന ദ്രോഹമാണെന്നും ചാക്കോ പറഞ്ഞു. ഇത്രയും വലിയ ദ്രോഹം കോണ്‍ഗ്രസ് ചെയ്യാന്‍ പാടില്ലായിരുന്നു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കളും രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തന ശൈലിയോട് എതിര്‍പ്പുള്ളവരാണ്. അനാരോഗ്യകരമായ കാരണങ്ങളാല്‍ സോണിയക്ക് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ കഴിയാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ മുഴുവന്‍ സമയ അധ്യക്ഷ വേണമെന്നത് ശരിയാണ്. ഒരു യോഗത്തില്‍ താനും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതാണ്. കത്തെഴുതുകയും അത് മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തതിനു പിന്നിലെ ഉദ്ദേശ ശുദ്ധിയെ അംഗീകരിക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തന ശൈലിയോട് എതിര്‍പ്പുള്ളവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്ന പലരുമെന്നും ചാക്കോ പറഞ്ഞു.
രാഹുല്‍ ഗാന്ധി സ്ട്രെയിറ്റ് ഫോര്‍വേഡായ വ്യക്തിയാണ്. നരേന്ദ്ര മോദിക്കും മറ്റുമെതിരെ ശക്തമായ പ്രതികരിക്കാന്‍ കഴിയുന്നത് രാഹുല്‍ ഗാന്ധിക്കാണ് എന്നാണ് തന്നെപ്പോലെ പലരും വിശ്വസിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയെ രാഹുല്‍ നയിക്കുന്നതാണ് നല്ലത്. അദ്ദേഹത്തിന് മനംമാറ്റമുണ്ടായി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നാണ് കരുതുന്നതെന്നും പി സി ചാക്കോ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിക്ക് പല മുതിര്‍ന്ന നേതാക്കളെയും ഇപ്പോഴും വിശ്വാസമില്ലെന്നാണ് തനിക്ക് തോന്നുന്നത്. പലരും തിരഞ്ഞെടുപ്പ് കാലത്ത് പോലും അലസമായിട്ടാണ് പ്രവര്‍ത്തിച്ചതെന്ന് രാഹുല്‍ ഗാന്ധി പ്രവര്‍ത്തക സമിതിയില്‍ പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു.
23 ഓളം നേതാക്കളാണ് കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ താത്ക്കാലിക അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചത്. മുന്‍ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എം പിമാര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ ഇവരില്‍ ഉള്‍പ്പെടും. പാര്‍ട്ടിക്ക് സജീവവും കാര്യക്ഷമവുമായ മുഴുവന്‍ സമയ നേതൃത്വം അനിവാര്യമാണെന്ന് രണ്ടാഴ്ച മുമ്പ് അയച്ചതെന്നു കരുതുന്ന കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ നേതൃത്വത്തിനെതിരെ കത്തില്‍ വിമര്‍ശനമുണ്ട്.