National
കോണ്‍ഗ്രസിന്റെ ഉപമുഖ്യമന്ത്രി വാഗ്ദാനം താന്‍ നിരസിക്കുകയായിരുന്നു; ജ്യോതിരാദിത്യ സിന്ധ്യ

ഭോപ്പാല്‍ | മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പാര്‍ട്ടി തനിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയിതിരുന്നുവെന്ന് ഇപ്പോള്‍ ബി ജെ പിയിലുള്ള ജ്യോതിരാദിത്യ സിന്ധ്യ. കമല്‍നാഥ് സര്‍ക്കാറിന്റെ ഭാവിയെക്കുറിച്ച് തനിക്ക് നല്ല ബോധ്യമുള്ളതിനാല്‍ കോണ്‍ഗ്രസ് വാഗ്ദാനം നിരസിക്കുകയായിരുന്നു. താന്‍ കസേര മോഹിക്കുന്ന ആളല്ല. ജനങ്ങളെ സേവിക്കുന്ന വ്യക്തിയാണെന്നും സിന്ധ്യ പറഞ്ഞു. ഗ്വാളിയോര്‍, ചമ്പല്‍ മേഖലയില്‍ നടക്കുന്ന ബി ജെ പി അംഗത്വ ക്യാമ്പനിയിനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ സിന്ധ്യ കള്ളം പറയുകയാണെന്നും പാര്‍ട്ടി അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസ് വകതാവ് നരേന്ദ്ര സലുജ പ്രതികരിച്ചു. തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് ആവസ്യപ്പെട്ട വ്യക്തിയാണ് സിന്ധ്യ. എന്നാല്‍ പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ 19 എം എല്‍ എമാര്‍ മാത്രമാണ് അദ്ദേഹത്തെ പിന്തുണച്ചെതെന്നും സലൂജ പറഞ്ഞു.
ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് പോയതോടെ മധ്യപ്രദേശില്‍ പാര്‍ട്ടി രക്ഷപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ്വിജയ് സിംഗ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സിന്ധ്യ പോയതോടെ കോണ്‍ഗ്രസില്‍ സംഭവിച്ചത് ഒരു നവീകരണമാണെന്നും ഗ്വാളിയോര്‍ മേഖലയില്‍ പാര്‍ട്ടിക്ക് ഒരു ക്ഷീണവും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.