Connect with us

Kerala

നിയമസഭയില്‍ അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടി: പ്രതിപക്ഷ നേതാവ്

Published

|

Last Updated

തിരുവനന്തപുരം | അവിശ്വാസ പ്രമേയത്തിനുള്ള ചര്‍ച്ചയില്‍ അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ അംഗബലമുള്ളതുകൊണ്ട് അവിശ്വാസ പ്രമേയം തള്ളി. ജനങ്ങളില്‍നിന്ന് ഒളിച്ചോടുന്ന സ്ഥിതവിശേഷമാണ് ചര്‍ച്ചയില്‍ ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്ക് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സഭയില്‍ ഉന്നയിക്കപ്പെട്ട പല അഴിമതി ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നാണ് ചെന്നിത്തലയുടെ വിമര്‍ശനം. സ്പ്രിംഗ്ലര്‍, പമ്പയിലെ മണല്‍ക്കടത്ത്, ബെവ്‌കോ, സിവില്‍ സ്‌പ്ലൈസിലെ അഴിമതി, അദാനിയെ സംരക്ഷിക്കല്‍ തുടങ്ങിയ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് മറുപടി ഉണ്ടായില്ല. ദീര്‍ഘമായ പ്രസംഗത്തിലൂടെ മുഖ്യമന്ത്രി വിശദീകരിച്ചത് കിണറുകള്‍ റീച്ചാര്‍ജ് ചെയ്തതും, ഡയാലിസിസ് മെഷീന്‍ വാങ്ങിയതും, കുളം കുഴിച്ചതും തുടങ്ങിയ കാര്യങ്ങളാണ്. എല്ലാ സര്‍ക്കാരുകളും ചെയ്യുന്ന കാര്യം മാത്രമാണ് സര്‍ക്കാര്‍ വിശദീകരിച്ചത്. ഇത് എല്ലാ സര്‍ക്കാരിന്റെ കാലത്തും നടപ്പിലാകുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രസംഗം നനഞ്ഞ പടക്കം പോലെയായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. അഴിമതിയില്‍ മുങ്ങിക്കുളിച്ച് ജനങ്ങളെ കബിളിപ്പിക്കുന്ന സര്‍ക്കാരാണിതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Latest