National
അദ്ദേഹം അങ്ങിനെ പറഞ്ഞിട്ടില്ല; രാഹുൽ ഗാന്ധിയെ ന്യായീകരിച്ച് സുർജേവാല

ന്യൂഡൽഹി| കോൺഗ്രസ് നേതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ട് കത്തയച്ച മുതിർന്ന നേതാക്കൾക്ക് ബി ജെ പിയുമായി കൂട്ടുക്കെട്ടുണ്ടാകാമെന്ന് രാഹുൽ ഗാന്ധി പറഞ്ഞെന്ന വാർത്തകൾ വ്യാജമാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല. രാഹുലിന്റെ പ്രസ്താവനയിലുണ്ടായ തെറ്റിദ്ധാരണ മൂലം സാമൂഹിക മാധ്യമങ്ങളിൽ രോഷം പ്രകടിപ്പിച്ച കപിൽ സിബലിന്റെ ട്വീറ്റിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധി അത്തരത്തിലൊരു വാക്ക് ഉപയോഗിക്കുകയോ അങ്ങനെയൊരു കാര്യം സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല. തെറ്റായ മാധ്യമ വാർത്തകളിലും പ്രചരണങ്ങളിലും തെറ്റിദ്ധരിക്കപ്പെടരുതെന്നും സുർജേവാല ട്വീറ്റ് ചെയ്തു. പരസ്പരം പോരടിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നതിന് പകരം മോദി ഭരണത്തിനെതിരെ നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയാണ് വേണ്ടതെന്നും സുർജേവാല പ്രതികരിച്ചു. കപിൽ സിബലിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാർട്ടിക്കുള്ളിൽ വിമതർ ബി ജെ പിയുമായി സഖ്യം ചേർന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചെന്ന വാർത്ത വന്നയുടനെ കപിൽ സിബൽ ഉൾപ്പെടെ നിരവധി നേതാക്കളാണ് രാഹുലിനെ അധിക്ഷേപിച്ച് രംഗത്തെത്തിയത്.