National
എന്റെ മനസാക്ഷിയെ ധിക്കരിച്ച് മാപ്പ് ചോദിക്കില്ല; തീരുമാനത്തിൽ മാറ്റമില്ലെന്ന് പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി| ഞാൻ നടത്തിയ പ്രസ്താവന പിൻവലിച്ചുകൊണ്ട് ആത്മാർഥമല്ലാത്ത ക്ഷമാപണം നടത്തുന്നത് എന്നെയും എന്റെ മനസാക്ഷിയെയും അവഹേളിക്കുന്നതിന് തുല്യമാണെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കോടതിയലക്ഷയവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന മൂന്നംഗ ബഞ്ചിനോടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ആ ട്വീറ്റുകൾ ഉത്തമ ബോധ്യത്തോടെ ചെയ്തതാണെന്നും അതിൽ പറയുന്ന കാര്യങ്ങളിൽ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും ഭൂഷൺ കോടതിയെ അറിയിച്ചു
ആത്മാർഥമായി പശ്ചാത്തപിച്ച് മാപ്പ് ചോദിക്കാൻ എനിക്കാവില്ല. അത് നീതിപീഠത്തെ അവഹേളിക്കുന്നതിന് തുല്യമാണ് അദ്ദേഹം പറഞ്ഞു. കോടതിയലക്ഷ്യത്തിനു കാരണമായ ട്വീറ്റുകളുടെ പേരിൽ ഖേദപ്രകടനം നടത്തുന്നതിന് സുപ്രീം കോടതി ഇന്നു വരെയാണ് പ്രശാന്ത് ഭൂഷണ് സമയം അനുവദിച്ചിരുന്നത്. വാദം മാറ്റിവെക്കണമെന്ന ആവശ്യം തള്ളിയ കോടതി അന്തിമവിധിക്ക് ശേഷവും പുനഃപരിശോധനാ ഹരജി നൽകാനുള്ള അവകാശം ഭൂഷനുണ്ടെന്നും അന്തിമ വിധിക്ക് ശേഷം ഹരജി നൽകാമെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.
കോടതിയലക്ഷ്യത്തിന് സ്വമേധയാ എടുത്ത കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കണ്ടെത്തിയിരുന്നു. ആറ് മാസം വരെ തടവോ 2,000 രൂപ പിഴയോ രണ്ടും കൂടിയോ ആണ് ക്രിമിനൽ കോടതിയലക്ഷ്യത്തിനു ലഭിക്കാവുന്ന ശിക്ഷ. 24 വർഷത്തിനിടെ ഒരു ജഡ്ജിയെന്ന നിലയിൽ അവഹേളനത്തിന് ആരെയും ശിക്ഷിച്ചിട്ടില്ലെന്നും അരുൺ മിശ്ര ചൂണ്ടിക്കാട്ടി.