Connect with us

Editorial

പ്രതീക്ഷയേകി കോടതി നിരീക്ഷണം

Published

|

Last Updated

ഡല്‍ഹി തബ്‌ലീഗ് ആസ്ഥാനത്ത് സമ്മേളനത്തിനെത്തിയ 29 വിദേശ പൗരന്‍മാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കവേ, ബോംബെ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ രാജ്യത്തെ മതനിരപേക്ഷ വിശ്വാസികള്‍ക്കാകെ ആത്മവിശ്വാസം പകരുന്നതാണ്. നീതിന്യായ സംവിധാനം എക്‌സിക്യൂട്ടീവിന്റെ വഴിവിട്ട സഞ്ചാരത്തെ എങ്ങനെയാണ് തിരുത്തുന്നത് എന്നതിന്റെ നിദര്‍ശനമായി ജസ്റ്റിസുമാരായ ടി വി നലവാഡെ, എം ജി സ്വീലികാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെ നിരീക്ഷണങ്ങള്‍ അടയാളപ്പെടും. മാസങ്ങളായി ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന വിദേശ പൗരന്‍മാര്‍ നല്‍കിയ ഹരജി പരിഗണിച്ച കോടതി രൂക്ഷ വിമര്‍ശമാണ് പോലീസിനെതിരെ ചൊരിഞ്ഞത്. നിയമത്തിന് മുന്നിലെ സമത്വം രാഷ്ട്രീയ അതിര്‍ത്തിക്കുള്ളില്‍ കഴിയുന്ന വിദേശികള്‍ക്ക് പോലും നല്‍കണമെന്നാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 നിഷ്‌കര്‍ഷിക്കുന്നത്. വൈദേശിക ആധിപത്യത്തിന്റെ കാല്‍ക്കീഴിലമര്‍ന്നിരുന്ന കാലത്ത് മനുഷ്യര്‍ അനുഭവിച്ച കടുത്ത വിവേചനമാണ് ഇത്തരമൊരു നിഷ്‌കര്‍ഷ അസന്ദിഗ്ധമായി പ്രഖ്യാപിക്കാന്‍ ഭരണഘടനാ ശില്‍പ്പികളെ പ്രേരിപ്പിച്ചത്. വിദേശിയെന്നോ സ്വദേശിയെന്നോ വ്യത്യാസമില്ലാതെ നീതി ലഭ്യമാക്കുകയെന്ന മാനവിക കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്നതാണ് ബോംബെ ഹൈക്കോടതി വിധി.

കൊവിഡ് പടര്‍ന്നതിന്റെ ഉത്തരവാദിത്വം ഡല്‍ഹിയില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തിലും അവിടെ വന്ന വിദേശികളിലും കെട്ടിവെക്കാനാണ് തുടക്കം മുതലേ പോലീസും ഒരു പറ്റം രാഷ്ട്രീയക്കാരും ശ്രമിച്ചത്. സര്‍ക്കാര്‍ സംവിധാനവും ഇതിന് കൂട്ടു നിന്നു. അത്തരമൊരു സമ്മേളനം നടത്തിയതില്‍ തബ്‌ലീഗ് ജമാഅത്തിന് ചില വീഴ്ചകള്‍ സംഭവിച്ചിരിക്കാം. അവരുടെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറത്തേക്ക് കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞുവെന്നതും നേരാണ്. എന്നാല്‍ രോഗവ്യാപനത്തിന്റെ മുഴുവന്‍ പാപഭാരവും അവരുടെ മേല്‍ കെട്ടിവെച്ചത് എങ്ങനെ നീതീകരിക്കാനാകും? അവസരം മുതലെടുത്ത് ചിലര്‍ വിദ്വേഷ പ്രചാരണം നടത്തുകയായിരുന്നു. രോഗത്തിന് വര്‍ഗീയഛായ പടര്‍ത്താന്‍ ചില വാര്‍ത്താ മാധ്യമങ്ങള്‍ നടത്തിയ വൃത്തികെട്ട ശ്രമങ്ങള്‍ കുറേ പേരെയെങ്കിലും തെറ്റായ ധാരണയിലേക്ക് നയിച്ചു. നേരത്തേയുണ്ടാക്കി വെച്ച ഇസ്‌ലാം പേടിക്ക് ആക്കം കൂട്ടുകയാണ് ചെയ്തത്. തരം കിട്ടുമ്പോഴെല്ലാം ഈ പ്രൊപ്പഗാന്റെ പൊട്ടിപ്പുറപ്പെടും. മലപ്പുറത്തെ മുന്‍നിര്‍ത്തി രാജ്യത്തുടനീളം നടക്കാറുള്ള വര്‍ഗീയ പ്രചാരണം ഇതിന്റെ ഭാഗമാണല്ലോ. തബ്‌ലീഗ് ജമാഅത്തുകാരെ പാര്‍പ്പിച്ച ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ സംഘര്‍ഷത്തിന് വരെ ദുഷ്പ്രചാരണങ്ങള്‍ വഴിവെച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ അവരെ കണ്ടത് ഭീകര ജീവികളെപ്പോലെയാണ്. കൊറോണക്കൊപ്പം മതസൂചകമായ വാക്കുകള്‍ ചേര്‍ത്ത് പുതിയ പ്രയോഗങ്ങള്‍ തന്നെ വിദ്വേഷക പ്രചാരകര്‍ ചമച്ചു. ഈ പ്രചാരണത്തിന് അഗ്നി പകര്‍ന്ന എഫ് ഐ ആറുകളിലൊന്നാണ് കോടതി എടുത്ത് ദൂരെക്കളഞ്ഞിരിക്കുന്നത്.

മഹാമാരിയുടെ കാലത്ത് തങ്ങളില്‍ അര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വം ശരിയായി നിര്‍വഹിക്കാന്‍ സാധിക്കാത്ത ഭരണാധികാരികള്‍ ചില ബലിയാടുകളെ കണ്ടെത്തും. തബ്‌ലീഗ് സമ്മേളനവും അവിടെയെത്തിയ വിദേശികളും ഇങ്ങനെ ബലിയാടായി എന്നാണ് മനസ്സിലാകുന്നതെന്ന് ഡിവിഷന്‍ ബഞ്ച് തുറന്നടിച്ചു. ഇറാന്‍, ഐവറി കോസ്റ്റ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് തബ്‌ലീഗ് സമ്മേളനത്തിന് എത്തിയവര്‍ വിസാ നിബന്ധനകള്‍ ലംഘിച്ചതിന് ഒരു തെളിവുമില്ല. മതം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നതും അടിസ്ഥാനരഹിതമാണ്. രാജ്യത്ത് കൊവിഡ് 19 പടര്‍ന്നതിന്റെ ഉത്തരവാദിത്വം ഈ വിദേശ പൗരന്‍മാരില്‍ കെട്ടിവെക്കാനുമാകില്ലെന്ന് കോടതി വ്യക്തമാക്കി.

കഴിഞ്ഞ മാര്‍ച്ചില്‍ തബ്‌ലീഗ് ജമാഅത്ത് സമ്മേളനം നടന്നതിന് ശേഷവും മുമ്പും കേന്ദ്രം പുറപ്പെടുവിച്ച വിവിധ സര്‍ക്കുലറുകളും മാര്‍ഗനിര്‍ദേശങ്ങളും പരാമര്‍ശിച്ചാണ് ഹരജിയില്‍ കോടതി തീര്‍പ്പ് കല്‍പ്പിച്ചത്. വിദേശികള്‍ മതസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും മതപ്രഭാഷണങ്ങളില്‍ പങ്കെടുക്കുന്നത് പോലുള്ള സാധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നതിനും യാതൊരു നിയന്ത്രണവുമില്ലെന്ന് ഈ സര്‍ക്കുലറുകള്‍ വ്യക്തമാക്കുന്നുണ്ടെന്ന് ബഞ്ച് നിരീക്ഷിച്ചു.

തബ്‌ലീഗ് വിഷയത്തില്‍ പോലീസ് യാന്ത്രികമായാണ് പ്രവര്‍ത്തിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നു. രാഷ്ട്രീയ സമ്മര്‍ദത്തിന്റെ പുറത്താണ് കേസെടുത്തത്. ക്രിമിനല്‍ നടപടി ക്രമങ്ങള്‍ പോലീസ് പാലിച്ചില്ല. മതപരവും സാമൂഹികവുമായ സഹിഷ്ണുത ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും അത്യാവശ്യമാണ്. ഈ ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതിന് പകരം വിപരീത ദിശയിലാണ് പോലീസ് സഞ്ചരിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. പുറത്തുനിന്ന് വന്നവര്‍ പള്ളിയില്‍ അന്തിയുറങ്ങിയതാണ് മഹാ പാതകമായി പോലീസ് കണ്ടത്. പള്ളികളില്‍ ഉറങ്ങിയെന്നത് എങ്ങനെയാണ് ഒരു കുറ്റമാകുക? ലോക്ക്ഡൗണില്‍ ഹോട്ടലുകളും മറ്റ് താമസ സംവിധാനങ്ങളും അടഞ്ഞു കിടക്കുമ്പോള്‍ ഗുരുദ്വാരകളടക്കമുള്ള ആരാധനാലയങ്ങള്‍ മനുഷ്യര്‍ക്ക് അഭയ കേന്ദ്രമായില്ലേയെന്നും ബഞ്ച് ചോദിച്ചു.

മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന വിവിധ മതസ്ഥരോട് വ്യത്യസ്ത സമീപനമാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നതെന്നും കോടതി കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇത് ഗൗരവതരമായ കാര്യമാണ്. രാജ്യത്ത് അധിവസിക്കുന്നവരില്‍ മഹാഭൂരിപക്ഷവും മതവിശ്വാസികളാണ്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 മതസ്വാതന്ത്ര്യം കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. മതവിശ്വാസങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ അനുവദിക്കുകയും രാഷ്ട്രത്തിന് പ്രത്യേക മതം ഇല്ലാതിരിക്കുകയുമാണ് ഇന്ത്യന്‍ മതനിരപേക്ഷതയുടെ അടിത്തറ. എന്നാല്‍ പൗരത്വ ഭേദഗതി നിയമമടക്കം ഈയിടെ നടന്ന നിയമ നിര്‍മാണങ്ങളും ബാബരി മസ്ജിദ് തകര്‍ത്തെറിഞ്ഞ സ്ഥലത്ത് രാമക്ഷേത്രത്തിന് ശിലയിടാന്‍ പ്രധാനമന്ത്രി നേരിട്ട് ചെന്നതുമെല്ലാം ഹിന്ദുത്വ രാഷ്ട്ര നിര്‍മിതിയിലേക്കുള്ള ചുവടായാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ മതവിവേചനത്തിനെതിരെ കോടതികള്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ മതനിരപേക്ഷ വാദികള്‍ക്ക് ആവേശവും ആത്മവിശ്വാസവും പകരും. ഭരണകൂടത്തിന്റെ ഹിന്ദുത്വവത്കരണത്തിനെതിരെ നടക്കുന്ന സമരങ്ങള്‍ നിഷ്ഫലമാകില്ലെന്ന പ്രതീക്ഷയാണ് ഈ നിരീക്ഷണങ്ങള്‍ സമ്മാനിക്കുന്നത്.

Latest