Connect with us

Ongoing News

ന്യൂയറിനോട് തോറ്റ് നെയ്മറും എംബാപെയും; ഫൈനൽ സാക്ഷിയായത് ജർമൻ ഗോൾ കീപ്പറുടെ തകർപ്പൻ പ്രകടനത്തിന്

Published

|

Last Updated

ലിസ്ബൺ | അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല, ഫുട്ബോൾ പണ്ഡിറ്റുകൾ പ്രവചിച്ചതുപോലെ ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് ജർമനിയിലേക്ക്.  കന്നിക്കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ നെയ്മറിനും സംഘത്തിനും ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി ഇനിയും കാത്തിരിക്കണം. ബയേണിനിത് ആറാം യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം.

നിലവിൽ ലോകത്തിലെ തന്നെ വമ്പൻ താരങ്ങൾ ഇരുടീമുകളിലുമായി കൊമ്പ് കോർത്തപ്പോൾ ഏതൊരു ഫുട്ബോൾ പ്രേമിയും പ്രതീക്ഷിച്ചത് വാശിയേറിയ നല്ലൊരു കലാശപ്പോര് മാത്രമായിരുന്നു. എന്നാൽ ആദ്യപകുതിയിലെ ചില നല്ല മുന്നേറ്റങ്ങളും അവസാന നിമിഷം ഇരുടീമുകളും നടത്തിയ കൗണ്ടർ അറ്റാക്കുകളും മാറ്റിനിർത്തിയാൽ ഒരു ഫൈനലിന്റേതായ ഒരു ആവേശവും നൽകാത്ത മത്സരമായിരുന്നു ലിസ്ബണിലെ എസ്‌റ്റാഡിയോ ഡാ ലൂസിലെ ആളില്ലാത്ത സ്റ്റേഡിയത്തിൽ നടന്നത്.

മത്സരത്തിലുടനീളം പന്ത് കൂടുതൽ സമയം ബയേൺ കൈക്കലാക്കിയെങ്കിലും  പി എസ് ജി യുവനിരയുടെ അറ്റാക്കിംഗ് ഗോൾ എന്ന് തോന്നിക്കുന്ന നിരവധി മുഹൂർത്തങ്ങൾ ബയേണിന്റെ ഗോൾ പോസ്റ്റിന് മുന്നിൽ സമ്മാനിച്ചു. പക്ഷേ, ജർമ്മൻ ഗോൾകീപ്പർ മാനുവൽ ന്യൂയറിന്റെ അവിസ്മരണീയമായ പ്രകടനമായിരുന്നു ഫൈനലിന്റെ ഹൈലൈറ്റ്. നെയ്മറും എംബാപ്പയും ഡീമെരിയയുമടങ്ങുന്ന പി എസ് ജി മുൻനിടയുടെ അവസരങ്ങളുടെ അക്ഷരീഥത്തിലുള്ള വിലങ്ങു തടിയായി ഈ ജർമൻ ഗോൾകീപ്പർ. ഒടുവിൽ നെയ്മറും ഡി മരിയയും എംബാബെയും ബയേൺ നായകൻ ഗോളി ന്യുയറിന് മുന്നിൽ തോൽവി സമ്മതിച്ചു. മറുഭാഗത്ത് പരുക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയ പി എസ് ജി ഗോൾകീപ്പർ കെയ്‌ലിയൻ നവാസും ജർമൻ സംഘത്തിന്റെ ലീഡ് ഉയർത്തുന്നതിന് തടസ്സമായപ്പോൾ അക്ഷരാർഥത്തിലിത് ഗോൾകീപ്പർമാർ തമ്മിലുള്ള മത്സരമായി.

ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ച മത്സരത്തിലെ രണ്ടാം പകുതിയുടെ തുടക്കത്തിൽ കണ്ടത് കൈയാങ്കളിക്ക് തയ്യാറായി വന്ന ഇരുടീമുകളെയുമായിരുന്നു. അങ്ങനെ കളി മുന്നോട്ടുപോകുമ്പോഴാണ് 59-ാം മിനുറ്റിൽ കോമാനിലൂടെ ബയേൺ മുന്നിലെത്തുന്നത്. പെനാൽറ്റി ബോക്സിലേക്ക് കിമിച്ച് അളന്നു മുറിച്ചു നൽകിയ ക്രോസ് അനായാസ ഹെഡറിലൂടെ കോമാൻ വലക്കുള്ളിലാക്കി. ഈ ഗോളിൽ അവസാനിപ്പിക്കേണ്ടി വന്നു 2020ലെ ചാമ്പ്യൻസ് ലീഗ്.

പി എസ് ജിയുടെ ഭാഗത്ത് നെയ്മറും എംബാപെയും നല്ല മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പാഴായിപ്പോയ അവസരങ്ങളെ ഓർത്ത് അവർക്ക് നിരാശപ്പെടാം. പി എസ് ജി നായകൻ തിയാഗോ സിൽവയുടെ മികച്ച ഡിഫൻറിംഗ് പ്രകടനത്തിനും ഫൈനൽ സാക്ഷിയായി. സീസണിലെ ടോപ്സ്കോററായി മികച്ച ഫോമിലുള്ള പോളിഷ് താരം ലെവൻഡോസ്കിക്ക് ഫൈനലിന്റെ സമ്മർദത്തിന് അടിമപ്പെട്ട പ്രകടനമാണ് പുറത്തെടുക്കാനായത്. വിജയിച്ചിരുന്നെങ്കിൽ തൻറെ കരിയറിനു തന്നെ മൈലേജ് ആകുമായിരുന്ന മത്സരത്തിൽ നെയ്മർ കളത്തിൽ ഉത്തരവാദിത്വം കാണിച്ചില്ല. അനാവശ്യമായി വീഴുന്ന ബ്രസീലിയൻ താരത്തെയാണ് ഫൈനലിൽ കണ്ടത്.  ഒരു മഞ്ഞ കാർഡും താരത്തെ തേടിയെത്തി.

ഇരു ടീമുകൾക്കും അവസരം ലഭിച്ച മത്സരത്തിൽ അവസാന വിസിലിൽ  സ്കോർബോർഡിൽ തെളിഞ്ഞ ആ ഒരു ഗോളിന്റെ പിൻബലത്തിൽ ബയേൺ യൂറോപ്യൻ ഫുട്ബോളിലേക്കുള്ള തങ്ങളുടെ തിരിച്ചുവരവ് അവിസ്മരണീയമാക്കി.

---- facebook comment plugin here -----

Latest