Connect with us

National

കോണ്‍ഗ്രസില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവം; അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് സോണിയാ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി | നിര്‍ണായക പ്രവര്‍ത്തക സമതിയോഗത്തിന് മുന്നോടിയായി കോണ്‍ഗ്രസില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവം. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷപദവി ഒഴിയാന്‍ സോണിയ ഗാന്ധി സന്നദ്ധത അറിയിച്ചതായുള്ള സൂചനകളാണ് പുറത്തുവരുന്നത്. നാളെ ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനം അറിയിക്കും. സോണിയ അധ്യക്ഷ പദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികള്‍ നാളെ ആരംഭിക്കുമെന്നാണ് വിവരം.

മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന കാര്യക്ഷമമായ നേതാവിനെയാണ് ആവശ്യം എന്നറിയിച്ച് 20ഓളം മുതിര്‍ന്ന അംഗങ്ങള്‍ ഒപ്പിട്ട് നല്‍കിയ കത്തിന് പിറകെയാണ് സോണിയയുടെ നീക്കം. രാഹുല്‍ ഗാന്ധിക്കും സോണിയക്കും കത്തില്‍ വിമര്‍ശനം ഇല്ലെങ്കിലും മുഴുവന്‍ സമയ നേതാവിനെ ആവശ്യമാണെന്നും പാര്‍ട്ടിയുടെ പ്രവര്‍ത്തന ശെലിയും നേതൃത്വവും മാറണമെന്നും കത്തില്‍ അറിയിച്ചിരുന്നു. പാര്‍ട്ടിയില്‍ അടിമുടി മാറ്റമാണ് നേതാക്കളുടെ ആവശ്യം. കപില്‍ സിപല്‍, ശശി തരൂര്‍, ഗുലാം നബി ആസാദ്, പ്രിഥ്വിരാജ് ചൗഹാന്‍, വിവേക് താന്‍ക, ആനന്ദ് ശര്‍മ തുടങ്ങിയവരാണ് കത്തെഴുതിയത്.

അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അമരീന്ദര്‍, ഭൂപേഷ് ബാഗേല്‍ എന്നിവര്‍ പാര്‍ട്ടി അധ്യക്ഷയായി സോണിയ തന്നെ തുടരണമെന്ന ആവശ്യവും ഉന്നയിച്ചു.

Latest