Gulf
പുതിയ ഇന്ത്യ: മതം, മതേതരത്വം ഐ സി എഫ് സെമിനാർ ശ്രദ്ധേയമായി

അബുദാബി | മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തുമ്പോൾ രാജ്യം അപകടകരമായ സാഹചര്യത്തിലേക്ക് നീങ്ങുമെന്ന് കേരള നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഇന്ത്യ മതം മതേതരത്വം എന്ന വിഷയത്തിൽ ഐസിഎഫ്, യുഎഇ നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച വെർച്വൽ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണാധികാരിയും പുരോഹിതനും ഒരാളായി മാറുന്നത് നിർഭാഗ്യകരമാണ്. ആചാരങ്ങൾ നടപ്പാക്കേണ്ടത് ഭരണത്തിന്റെ ഭാഗമാവരുത്. ഗാന്ധിജിയും സൂഫി പാരമ്പര്യമുള്ള ഇസ്്ലാമിക പണ്ഡിതന്മാരും മതത്തിന്റെ പേരിൽ പ്രത്യേകം രാഷ്ട്രം രാഷ്ട്രം വേണമെന്നതിനോട് യോജിക്കാത്ത വരായിരുന്നു. ഇത്തരം ചരിത്ര അനുഭവങ്ങളെ തമസ്‌കരിച്ചു കൊണ്ടാണ് പുതിയ തരത്തിലുള്ള വിഭജനത്തിന് ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം പറഞ്ഞു.
ലോകത്ത് മറ്റൊരു ജനാധിപത്യ രാജ്യത്തും ഇല്ലാത്തത്ര പ്രാധാന്യമുള്ള ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് ചടങ്ങിൽ പ്രഭാഷണം നടത്തിയ ടി എൻ പ്രതാപൻ എം പി പറഞ്ഞു. വിവിധ മതങ്ങളുടെ വിശുദ്ധ ആശയങ്ങളുടെ സാരാംശം ഭരണഘടനയിൽ കാണാം. അത്തരത്തിലുള്ള ഒരു ഭരണഘടനയെ തമസ്‌കരിച്ചു കൊണ്ടും ഭരണഘടനാ സ്ഥാപനങ്ങളെ ഇല്ലാതാക്കിക്കൊണ്ടും പുതിയ ഇന്ത്യ സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല. അദ്ദേഹം പറഞ്ഞു.
പുതിയ തലമുറ വസ്തുനിഷ്ഠമായി ചരിത്രം പഠിക്കാൻ മുന്നോട്ട് വരണമെന്നും അങ്ങിനെ യഥാർത്ഥ ചരിത്രം പഠിക്കുമ്പോൾ കൊളോണിയൽ ചരിത്രകാരന്മാരും മറ്റും അവതരിപ്പിച്ച തെറ്റായ വാദഗതികൾ മനസ്സിലാക്കാനും സഹിഷ്ണുതയോടെ മുന്നോട്ട് പോയ ഇന്ത്യയെ കണ്ടെത്താനാവുമെന്നും മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുല്ല പറഞ്ഞു. അനേകം സംസ്‌കാരങ്ങൾ സംഗമിച്ച ഇന്ത്യയുടെ വൈവിധ്യത ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ മനസ്സിലാക്കേണ്ടതുണ്ടെന്നും സമാധാന പൂർണമായ സമീപനങ്ങളിലൂടെ ഇന്ത്യയുടെ മത നിരപേക്ഷ സ്വഭാവത്തെ നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഉണ്ടാവേണ്ടതെന്നും സിറാജ് ദിനപത്രം എഡിറ്റർ ഇൻചാർജ് കെ എം അബ്ബാസ് പറഞ്ഞു.
മുസ്ഥഫ ദാരിമി കടാങ്കോട് അധ്യക്ഷത വഹിച്ചു. ശരീഫ് കാരശ്ശേരി, കബീർ മാസ്റ്റർ, ഹമീദ് പരപ്പ, അബ്ദുൽ ഹകീം അണ്ടത്തോട് പ്രസംഗിച്ചു.