Connect with us

National

കോണ്‍ഗ്രസ് ഉടച്ചുവാര്‍ക്കണം, അടിമുടി മാറണം; സോണിയക്ക് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ കത്ത്

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് ഉടച്ചുവാര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ താത്ക്കാലിക അധ്യക്ഷ സോണിയാ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കള്‍ കത്തയച്ചു. 23 ഓളം നേതാക്കളാണ് കത്തയച്ചത്. മുന്‍ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എം പിമാര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ ഇവരില്‍ ഉള്‍പ്പെടും. പാര്‍ട്ടിക്ക് സജീവവും കാര്യക്ഷമവുമായ മുഴുവന്‍ സമയ നേതൃത്വം അനിവാര്യമാണെന്ന് രണ്ടാഴ്ച മുമ്പ് അയച്ചതെന്നു കരുതുന്ന കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ നേതൃത്വത്തിനെതിരെ കത്തില്‍ വിമര്‍ശനമുണ്ട്.

കോണ്‍ഗ്രസിന്റെ അടിത്തറ നഷ്ടമാകുന്നുവെന്നും നിലവിലെ സാഹചര്യത്തില്‍ ബി ജെ പി വന്‍ മുന്നേറ്റമുണ്ടാക്കുന്നതായും കത്തില്‍ പറയുന്നു. യുവ നേതാക്കളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നത് വലിയ പ്രതിസന്ധിയാണ്. ഇത് ഗൗരവത്തിലെടുക്കണം. നേതൃത്വത്തിലെ അനിശ്ചിതത്വം, നേതാക്കളടക്കമുള്ളവരുടെ കൊഴിഞ്ഞുപോക്ക്, പാര്‍ട്ടി പ്രവര്‍ത്തകരുടെ ധാര്‍മികതക്ക് സംഭവിക്കുന്ന അപചയം തുടങ്ങിയവ പ്രസ്ഥാനത്തെ ദുര്‍ബലമാക്കുന്നു.കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കേണ്ടത് ജനാധിപത്യത്തിന്റെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്ന് കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ബി ജെ പി ഭരണത്തില്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെയും സുരക്ഷിതത്വമില്ലായ്മയെയും ഭീകരാന്തരീക്ഷത്തെയും അഭിമുഖീകരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് ശക്തമായ പ്രതികരണങ്ങളുണ്ടാകാത്തത് നിരാശയുണര്‍ത്തുന്നതാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ മേല്‍തട്ടു മുതല്‍ കീഴ്ഘടകങ്ങളില്‍ വരെ ഉടച്ചുവാര്‍ക്കലുകള്‍ നടത്തേണ്ടതുണ്ട്. പാര്‍ട്ടിയില്‍ അധികാര വികേന്ദ്രീകരണം കൊണ്ടുവരണം. ബ്ലോക്ക് തലം മുതല്‍ വര്‍ക്കിംഗ് കമ്മിറ്റി വരെ എല്ലാ തലങ്ങളിലും തിരഞ്ഞെടുപ്പ് നടത്തണം. കേന്ദ്ര പാര്‍ലിമെന്ററി ബോര്‍ഡ് ഉടന്‍ സംഘടിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് ഗുലാം നബി ആസാദ്, മുന്‍ കേന്ദ്രമന്ത്രിയും എം പിയുമായ ആനന്ദ് ശര്‍മ, കപില്‍ സിബല്‍, ശശി തരൂര്‍, മനീഷ് തിവാരി, വിവേക് തന്‍ക, പ്രവര്‍ത്തക സമിതി അംഗം മുകുള്‍ വാസ്നിക്, മുന്‍ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമായിരുന്ന ഭൂപേന്ദ്രസിങ് ഹൂഡ, രാജേന്ദര്‍ കൗര്‍ ഭട്ടല്‍, വീരപ്പ മൊയ്ലി, പൃഥ്വിരാജ് ചവാന്‍, പി ജെ കുര്യന്‍, അജയ് സിംഗ്, രേണുക ചൗധരി, മിലിന്ദ് ദേവ്റ, മുന്‍ പി സി സി അധ്യക്ഷന്‍മാരായ രാജ് ബബ്ബാര്‍, മുന്‍ ഹരിയാന സ്പീക്കര്‍ കുല്‍ദീപ് ശര്‍മ, മുന്‍ ഡല്‍ഹി സ്പീക്കര്‍ യോഗനാഥ് ശാസ്ത്രി, മുന്‍ എം പി സന്ദീപ് ദീക്ഷിത് തുടങ്ങിയവര്‍ കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.

Latest