Connect with us

Covid19

സമ്പര്‍ക്ക ക്വാറന്റെെൻ ഹൈ റിസ്‌ക് വിഭാഗത്തിന് മാത്രം; മാര്‍ഗ നിര്‍ദേശങ്ങൾ പുതുക്കി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് ബാധയുമായി ബന്ധപ്പെട്ട ക്വാറന്റൈന്‍ മാനദണ്ഡങ്ങൾ പുതുക്കി വീണ്ടും ആരോഗ്യ വകുപ്പ്. കൊവിഡ് ബാധിതരുടെ നേരിട്ട് ഇടപഴകിയ “ഹൈ റിസ്‌ക്” വിഭാഗത്തില്‍ പെട്ടവര്‍ മാത്രം സമ്പര്‍ക്ക വിലക്കില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് പുതിയ മാര്‍ഗ നിര്‍ദേശം. വിദൂര സമ്പര്‍ക്കം പുലര്‍ത്തിയ “ലോ റിസ്‌കുകാര്‍”ക്ക് 14 ദിവസം സമ്പര്‍ക്ക വിലക്ക് ആവശ്യമില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇതോടൊപ്പം വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ 14ദിവസം നിരീക്ഷത്തിലിരിക്കണമെന്നും മാര്‍ഗ നിര്‍ദേശം നിഷ്‌കര്‍ശിക്കുന്നുണ്ട്. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് നേരത്തെ 28 ദിവസമായിരുന്നു നിരീക്ഷണ സമയ പരിധി. അതേസമയം, ലോ റിസ്കുകാർ പൊതുപരിപാടികളില്‍ നിന്നും ആള്‍ക്കൂട്ടത്തില്‍നിന്നും വിട്ടുനില്‍ക്കണമെന്നും രോഗലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ചികിത്സ നേടണമെന്നും നിര്‍ദേശമുണ്ട്.

കൊവിഡ് സ്ഥിരീകരിച്ചവരുമായി 14 ദിവസത്തിനുള്ളില്‍ സമ്പര്‍ക്കത്തിലായ മുഴുവന്‍ ആളുകളും 14 ദിവസം സമ്പര്‍ക്ക വിലക്കില്‍ കഴിയണമെന്നായിരുന്നു നിലവിലെ മാനദണ്ഡം. എന്നാല്‍, രോഗിക്ക് ലക്ഷണങ്ങള്‍ പ്രകടമായി രണ്ടുദിവസം മുമ്പ് മുതല്‍ ലക്ഷണം തുടങ്ങി 14 ദിവസം വരെയുള്ളവരാണ് സമ്പര്‍ക്കപ്പട്ടികയില്‍ വരേണ്ടതെന്ന് പുതിയ മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നു. ലക്ഷണമില്ലാത്ത രോഗികള്‍ പരിശോധനക്ക് സാമ്പിള്‍ നല്‍കുന്നതിന് രണ്ടുദിവസം മുമ്പ് മുതല്‍ 14 ദിവസത്തിന് ശേഷം വരെ സമ്പര്‍ക്കത്തിലായവരെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തും.

രോഗിയുമായി ഒരു മീറ്ററിനുള്ളില്‍ അടുത്ത് ഇടപഴകിയവര്‍, നേരിട്ട് ശാരീരിക സാമീപ്യം ഉണ്ടായവര്‍, സുരക്ഷാ കവചം ഇല്ലാതെ ഇവരെ പരിചരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍, രോഗം സ്ഥിരീകരിച്ചവരുമായി ഒരേ വീട്ടില്‍ താമസിക്കുന്നവര്‍, ഒന്നിച്ച് ഭക്ഷണം കഴിക്കുകയോ ഒരേ മുറിയില്‍ കഴിയുകയോ ചെയ്തവര്‍, ഇവര്‍ ഉപയോഗിച്ച പാത്രങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ കൈകാര്യം ചെയ്തവര്‍, കോവിഡ് സ്ഥിരീകരിച്ച രോഗിക്കൊപ്പം ഒരേ ആശുപത്രി റൂമില്‍ കഴിയുകയും ഒരേ ശുചിമുറി ഉപയോഗിക്കുകയും ചെയ്തവര്‍, അടുത്തിരുന്ന് യാത്ര ചെയ്തവര്‍ എന്നിവരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുക.

---- facebook comment plugin here -----

Latest