Kerala
മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ഹരജി ഹൈക്കോടതി തള്ളി

കൊച്ചി | മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന പൊതു താത്പര്യ ഹരജി കേരള ഹൈക്കോടതി തള്ളി. കെ എസ് ഹല്‍വി എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് പി ചാലി എന്നിവിരടങ്ങുന്ന ബഞ്ച് തള്ളിയത്.
രാഷ്ട്രീയ താത്പര്യങ്ങള്‍ക്കു വേണ്ടി മാധ്യമങ്ങള്‍ അഭിപ്രായ പ്രകടനത്തിനുള്ള അവകാശം ദുരുപയോഗം ചെയ്യുന്നു, രാഷ്ട്രീയ നേതാക്കളെയും സര്‍ക്കാറിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരെയും സംബന്ധിച്ച് കാഴ്ചക്കാരുടെ മനസ്സില്‍ തെറ്റിദ്ധാരണ പരത്താനായി ശ്രമിക്കുന്നു, ഔദ്യോഗിക നീതിനിര്‍വഹണ സംവിധാനത്തെ മറികടക്കും വിധമുള്ള മാധ്യമ വിചാരണകള്‍ നടത്തുന്നു, ഇതിലൂടെ ശരിയായ നിയമ വിചാരണകളില്‍ മാധ്യമങ്ങള്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നു തുടങ്ങിയ വാദങ്ങള്‍ ഉന്നയിച്ചായിരുന്നു ഹരജി.
മാധ്യമങ്ങളെ നിയന്ത്രിക്കാനുതകും വിധത്തിലുള്ള നിയമങ്ങള്‍ രാജ്യത്ത് നിലവിലില്ലെന്നും അതിനാല്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്തണമെന്നും ഹരജിക്കാരന്‍ പറഞ്ഞു.
എന്നാല്‍, ഹരജിയില്‍ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പൊതുവായ മാര്‍ഗ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്താന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ആരോപണങ്ങള്‍ തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹരജിക്കാരന് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു