കരിപ്പൂർ: അന്വേഷണത്തിന് അമേരിക്കൻ ഏജൻസിയും

Posted on: August 22, 2020 1:32 pm | Last updated: August 22, 2020 at 1:32 pm

കോഴിക്കോട് | കരിപ്പൂർ വിമാനാപകടം സംബന്ധിച്ച അന്വേഷണത്തിന് അമേരിക്കൻ ഏജൻസി കൂടി എത്തുന്നതോടെ അപകടത്തിന്റെ മറവിൽ എയർപോർട്ടിനെ തകർക്കാനായി വിവിധ കേന്ദ്രങ്ങളിൽ നിന്ന് നടക്കുന്ന നീക്കങ്ങൾ പരാജയപ്പെടുമെന്ന പ്രതീക്ഷ ശക്തം. നിലവിൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന എയർക്രാഫ്റ്റ് ആക്‌സിഡന്റ്ഇൻവെസ്റ്റിഗേഷൻ ബ്യൂറോയെ(എ എ ഐ ബി) സഹായിക്കാനാണ് അമേരിക്കൻ ഗതാഗത സുരക്ഷാ എജൻസിയായ നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻ ടി എസ് ബി)എത്തുന്നത്. ഈ ഏജൻസി കൂടി അന്വേഷണത്തിന്റെ ഭാഗമാകുന്നതോടെ അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ കഴിയുമെന്ന നിലപാട് ഇന്ത്യൻ പൈലറ്റ് ഗിൽഡും സ്വീകരിച്ചിട്ടുണ്ട്. ഇതോടെ അപകടത്തിന്റെ മറവിൽ എയർപോർട്ടിനെ തകർക്കാനുള്ള നീക്കത്തിന് തടയിടാൻ കഴിഞ്ഞതായി വർഷങ്ങളായി എയർപോർട്ടിന് വേണ്ടി നിലകൊള്ളുന്ന വിവിധ വാണിജ്യ സംഘടനകൾ വിലയിരുത്തുന്നു.
സാങ്കേതിക ഉപദേഷ്ടാവ് എന്ന നിലയിൽ ഈ അമേരിക്കൻ ഏജൻസി കൂടി എത്തുന്നതോടെ അപകടത്തിൽ ടേബിൾ ടോപ്പ് റൺവേക്ക് പങ്കില്ലെന്ന് വ്യക്തമാകുമെന്നാണ് സംഘടനകൾ കരുതുന്നത്.

വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ കരിപ്പൂർ എയർപ്പോർട്ട് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുള്ള കോടതി നടപടികൾ നിലനിൽക്കില്ലെന്ന നിലപാടിലേക്ക് ഇതോടെ സംഘടനകൾ മാറുകയാണ്. ഇത്തരം കേസുകൾ വെറും പബ്ലിസിറ്റികൾക്ക് വേണ്ടിയുള്ളതാണെന്നും ഇതിന് പിന്നാലെ പോകേണ്ട ആവശ്യമില്ലെന്നുമുള്ള നിലപാടിലേക്ക് മാറുകയാണ് വാണിജ്യ സംഘടനകൾ.

എ എ ഐ ബിയുടെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് അമേരിക്കൻ ഏജൻസി കൂടെ ഇവരോടൊപ്പം ചേരുന്നത്. എ എ ഐ ബി ക്യാപ്റ്റൻ എസ് എസ് ചാഹർ, ഡെപ്യൂട്ടി ഡയറക്്ടർ ജസ്ബീർ സിംഗ്, ഓപറേഷൻ വിദഗ്ധൻ വേദ്പ്രകാശ്, എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ മുകുൾ ഭരദ്വാജ്, ഏവിയേഷൻ മെഡിസിൻ വിദഗ്ധൻ വൈ എസ് ദഹിയ എന്നിവരടങ്ങിയ സംഘം കരിപ്പൂരിലെത്തി അന്വേഷണത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു. എ എ ഐ ബി രൂപവത്കരണത്തിന് ശേഷം നടക്കുന്ന ആദ്യ വിമാന അപകട അന്വേഷണമാണ് കരിപ്പൂരിലേത്. രാജ്യാന്തര വ്യോമഗതാഗത സംഘടനയായ ഇക്കാവോയുടെ നിബന്ധനകൾ പാലിച്ച് എട്ട് കൊല്ലം മുന്പാണ് ബ്യൂറോ രൂപവത്കരിച്ചത്. അതിനാൽ അമേരിക്കൻ സാങ്കേതിക സഹായം അന്വേഷണത്തിൽ നിർണായകമായിരിക്കും. സംഘം അഞ്ച് മാസത്തിനകം വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് കരുതുന്നത്.

ഇത്രയും പ്രബലമായ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ കേരള ഹൈക്കോടതി ഇക്കാര്യത്തിൽ കരുതലോടെയുള്ള ഇടപെടലായിരിക്കും നടത്തുക എന്നാണ് വിലയിരുത്തപ്പെടുന്നത്.

മുൻ കാലങ്ങളിലെല്ലാം വിമാനാപകടങ്ങളിൽ ജുഡീഷ്യൽ അന്വേഷണവും നടക്കാറുണ്ട്. പൊതുവായ സിറ്റിംഗ് നടത്തി വിവിധ മേഖലയിൽ നിന്ന് തെളിവെടുപ്പ് നടത്തി റിപ്പോർട്ട് നൽകുകയാണ് പതിവ്. എന്നാൽ അപകടത്തിലേക്ക് നയിച്ച സാങ്കേതികവും മാനുഷികവുമായ എല്ലാ പിഴവുകളെക്കുറിച്ചും വിശദമായ റിപ്പോർട്ട് തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കൻ ഏജൻസി കൂടി അന്വേഷണത്തിൽ സഹകരിക്കുന്നതോടെ എയർപോർട്ടിനെതിരായ നീക്കങ്ങൾ പൊളിയുമെന്ന വിശ്വാസം പ്രബലമാകുകയാണ്.

ALSO READ  മോശം കാലാവസ്ഥയിലെ ലാന്‍ഡിംഗ്; കരിപ്പൂര്‍ ഉള്‍പ്പെടെ 24 വിമാനത്താവളങ്ങളില്‍ ജിഎന്‍എസ്എസ് സംവിധാനം സ്ഥാപിക്കും