Connect with us

Kerala

വിട്ടുവീഴ്ച വേണ്ടെന്ന് സി പി എം: ശിവശങ്കർ രാജിക്കൊരുങ്ങുന്നു

Published

|

Last Updated

തിരുവനന്തപുരം | സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളുമായി അടുത്ത ബന്ധം പുലർത്തിയ മുൻ ഐ ടി സെക്രട്ടറി എം ശിവശങ്കറിന്റെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന കർശന നിലപാട് സി പി എം സ്വീകരിച്ചതിന് പിന്നാലെ നിലവിൽ സസ്‌പെൻഷനിലുള്ള ശിവശങ്കർ രാജിക്കൊരുങ്ങുന്നു. സ്വർണക്കടത്ത് കേസിൽ സ്വപ്‌നയുമായുള്ള ആത്മബന്ധവും അന്വേഷണ സംഘങ്ങളുടെ ചോദ്യം ചെയ്യലും പ്രതികളുടെ മൊഴികളും പ്രതികൂലമായ സാഹചര്യത്തിലാണ് ശിവശങ്കറിന്റെ നീക്കം.
സി പി എം കടുത്ത നിലപാട് സ്വീകരിച്ചതോടെ സർക്കാറിൽ നിന്ന് സഹായം ലഭിക്കില്ലെന്ന് വ്യക്തമായിരിക്കുകയാണ്. സാഹചര്യത്തെളിവുകൾ എതിരാണ്. സ്വർണക്കടത്തിൽ നേരിട്ട് പങ്ക് തെളിയിക്കാനായില്ലെങ്കിലും ചട്ടലംഘനങ്ങളും സർവീസ് റൂൾ മറികടക്കലുമുൾപ്പെടെയുള്ള കാര്യങ്ങളിൽ തനിക്ക് അനുകൂലമായ സാഹചര്യമില്ലെന്നും ശിവശങ്കറിന് ബോധ്യമായിരുന്നു. പുറത്താക്കുന്നതിന് മുമ്പ് രാജിെവച്ചൊഴിയുന്നതാണ് ഉചിതമെന്ന് ശിവശങ്കറിന് നിയമോപദേശം ലഭിച്ചതായാണ് വിവരം. രാജിക്കത്തിന്റെ ഘടനയെ കുറിച്ചും ശിവശങ്കർ നിയമോപദേശം തേടിയിട്ടുണ്ട്.

അദ്ദേഹം പദവി ദുരുപയോഗം ചെയ്തതും കള്ളക്കടത്ത് സംഘത്തെ കുറിച്ച് അറിയാമായിരുന്നിട്ടും അവരെ ഒഴിവാക്കാൻ തയ്യാറാകാത്തതും ഗുരുതര ചട്ടലംഘനമാണെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തൽ. മാത്രമല്ല സ്വപ്‌നക്ക് ശിവശങ്കറുമായി ആത്മബന്ധമുണ്ടെന്നും അവരുടെ ദുരൂഹത നിറഞ്ഞ വ്യക്തിത്വം ശിവശങ്കറിന് അറിയാമായിരുന്നുവെന്നും അന്വേഷണ ഏജൻസികൾ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സ്വപ്‌നക്ക് സെക്രട്ടേറിയറ്റിന് സമീപത്തെ ബേങ്കിൽ ലോക്കർ തുടങ്ങാൻ സഹായിച്ചതും ശിവശങ്കറായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സ്വപ്‌നയെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് ഇ ഡിക്ക് മൊഴി നൽകിയിരുന്നു. ഇതോടെ ശിവശങ്കറിനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഒരുങ്ങുന്നതിനിടെയാണ് രാജിവെക്കാൻ നീക്കം നടത്തുന്നത്.

സി പി എം ശക്തമായ നിലപാട് സ്വീകരിച്ചതിനൊപ്പം പൂർണമായും കൈവിടുന്ന നിലപാടിലേക്കാണ് മുഖ്യമന്ത്രിയും നീങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ജാഗ്രതക്കുറവുണ്ടായെന്ന് നേതൃത്വം നേരത്തേ വിലയിരുത്തിയിരുന്നു. മന്ത്രിമാരായ ജി സുധാകരൻ, എ കെ ബാലൻ, കടകംപള്ളി സുരേന്ദ്രൻ. ഡോ. തോമസ് ഐസക് തുടങ്ങിയവരും ശിവശങ്കറിനെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം