National
പെൻഷൻ മൗലികാവകാശം; നിയമത്തിന്റെ അധികാരമില്ലാതെ കുറക്കാൻ കഴിയില്ല - ബോംബെ ഹൈക്കോടതി

മുംബൈ | പെൻഷൻ മൗലികാവകാശമാണെന്നും അതിന്റെ ഒരു ഭാഗം പോലും നിയമപരമായിട്ടല്ലാതെ വെട്ടികുറക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ബോംബെ ഹൈക്കോടതി. ജസ്റ്റിസ് രവി ദേശ്പാണ്ഡെ, ജസ്റ്റിസ് എൻ ബി സൂര്യവാൻഷി എന്നിവരടങ്ങിയ നാഗ്പൂർ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
1994 ഒക്ടോബറിൽ ഭണ്ഡാരയിലെ ഓർഡിനൻസ് ഫാക്ടറിയിൽ നിന്ന് അസിസ്റ്റന്റ് ഫോർമാനായി വിരമിച്ച നാഗ്പൂർ സ്വദേശിയായ നൈനി ഗോപാലിന്റെ ഹരജി പരിഗണിക്കവേയാണ് ബഞ്ച് ഇങ്ങനെ പറഞ്ഞത്. തന്റെ പെൻഷനിൽ നിന്ന് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ പെൻഷൻ പ്രോസസിംഗ് സെന്റർ മാസംതോരും 11,400 രൂപ വീതം പ്രതിമാസ ഗഡുക്കളായി 3,69,035 രൂപ തിരികെ പിടിച്ചു എന്നാണ് ഹരജിയിൽ വ്യക്തമാക്കിയിരുന്നത്.
എന്നാൽ 2007 ഒക്ടോബർ മുതൽ 85 വയസ്സുള്ള നൈനി ഗോപാലന് 782 രൂപ പെൻഷൻ തുകയിൽ അധികമായി നൽകുന്നതായി എസ് ബി ഐ കോടതിയെ അറിയിച്ചു. സാങ്കേതിക പിഴവ് മൂലം ബേങ്കിന് നഷ്ടമുണ്ടായതിനെ തുടർന്നാണ് അധിക തുക തിരിച്ചുപിടിക്കാൻ തീരുമാനിച്ചത്. ഇതിന് റിസർവ് ബേങ്കിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും എസ് ബി ഐ വാദിച്ചു. എന്നാൽ സാങ്കേതിക തെറ്റ് മനസ്സിലാക്കുന്നതിൽ ബേങ്ക് പരാജയപ്പെട്ടെന്നും ഹരജിക്കാരന്റെ പെൻഷൻ തുകയിൽ നിന്ന് പണം ഈടാക്കാനുള്ള കൃത്യമായ കാരണം വ്യക്തമാക്കാൻ ബേങ്കിന് സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പെൻഷൻ എന്നത് ഇന്ത്യൻ ഭരണഘടനയുടെ 300-എ വകുപ്പ് അനുസരിച്ച് സ്വത്തായാണ് കണക്കാക്കുന്നതെന്നും 21-ാം വകുപ്പ് അനുസരിച്ച് ഇത് ഉപജീവനത്തിനുള്ള മൗലികാവകാശമാണെന്നും കോടതി പറഞ്ഞു. ഹരജിക്കാരനിൽ നിന്ന് പണം ഈടാക്കാനുള്ള ബേങ്ക് നടപടി അനധികൃതവും നിയമവിരുദ്ധവുമാണ്. അതുകൊണ്ട് മുതിർന്ന പൗരന്മോരോടുള്ള ബേങ്ക് ഉദ്യോഗസ്ഥരുടെ വിവേക ശൂന്യമായ പെരുമാറ്റത്തിൽ കോടതി അതൃപ്തി അറിയിച്ചു. കൂടാതെ എട്ട് ദിവസത്തിനുള്ളിൽ 50,000 രൂപ പരാതിക്കാരന്റെ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും മുടക്കം വരുത്തിയാൽ ഓരോ ദിവസവും 1,000 രൂപ പിഴയടക്കണമെന്നും നിർദേശിച്ചു.