Covid19
നട്ടെല്ല് ശാസ്ത്രക്രിയ കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷം കൊവിഡിനെ പൊരുതി തോൽപ്പിച്ച് 107കാരി

മുംബൈ| കൊവിഡിനെ പൊരുതി തോൽപ്പിച്ച് 107 വയസ്സുള്ള അമ്മയുൾപ്പെടെ ഒരു കുടുംബം. മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ മാലിപുരയിൽ നിന്നുള്ള ഈ കുടുംബത്തിലെ മുതിർന്ന അംഗമായ 107 വയസ്സുള്ള മാതാവും 78കാരിയായ മകളും 65കാരനായ മകനും 27ഉം 17ഉം വയസ്സുള്ള പേരക്കുട്ടികളും ചികിത്സക്ക് ശേഷം ഒരേ ദിവസമാണ് ആശുപത്രി വിട്ടത്. ഈ മാസം 11നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് ഇവർ രോഗമുക്തി നേടി ആശുപത്രി വിട്ടത്.
വൃദ്ധ മാതാവ് കൊവിഡ് സ്ഥിരീകരിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ് നട്ടെല്ല് ശാസ്ത്രക്രിയക്ക് വിധേയയായിരുന്നു. കൂടാതെ വൈറസ് സ്ഥിരീകരിച്ചപ്പോൾ അവരുടെ പ്രായം വലിയൊരു വെല്ലുവിളിയായിരുന്നു. കാരണം കൊവിഡ് പ്രായമായവരിലും മറ്റ് രോഗങ്ങളുള്ളവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും കൂടുതൽ അപകടകരമാവുന്നുവെന്നാണ് പൊതുവെയുള്ള നിഗമനം. ജില്ലാ സിവിൽ സർജൻ അർച്ചന ഭോസാലെ പി ടി ഐയോട് പറഞ്ഞു.
രോഗമുക്തി നേടിയ മടങ്ങിയ കുടുംബത്തിന് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർ ഹൃദ്യമായ യാത്രയയപ്പ് നൽകി. ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തത്തകരുടെയും ആത്മാർഥ ശ്രമം കൊണ്ടാണ് തങ്ങൾക്ക് വീട്ടിലേക്കു മടങ്ങാനായതെന്ന് കുടുംബം പറഞ്ഞു. 107 കാരിയായ മാതാവ് കൊവിഡ് രോഗമുക്തയായത് അത്യധികം ന്തോഷമുണ്ടാക്കുന്നതായി മകൻ പറഞ്ഞു. എന്നാൽ വെറും പത്ത് ദിവസത്തിനുള്ളിൽ ഈ കുടുംബം രോഗമുക്തരായത് ആശ്ചര്യപ്പെടുത്തുന്നതാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.