Connect with us

Kerala

കവിയൂര്‍ കേസ് ഇനിയും അന്വേഷിക്കാനില്ല; തുടരന്വേഷണ ഉത്തരവ് റദ്ദാക്കണം: സിബിഐ കോടതിയില്‍

Published

|

Last Updated

കൊച്ചി | കവിയൂര്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധി റദ്ദാക്കണമെന്ന് സിബിഐ. കേസ് ഇനിയും അന്വേഷിക്കാനില്ലെന്നും നാല് തവണ അന്വേഷിച്ചിട്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ആരാണെന്ന് തെളിയിക്കാനായിട്ടില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. കേസില്‍ വിഐപികള്‍ ഇല്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

പെണ്‍കുട്ടിയെ ആരാണ് പീഡിപ്പിച്ചത് എന്ന് ഒരു ശാസത്രീയ അന്വേഷണത്തിലും കണ്ടെത്താനായിട്ടില്ല. മരിക്കുന്നതിന് മുമ്പ് പെണ്‍കുട്ടി വീട് വിട്ട് പോയിട്ടില്ല. ലതാനായര്‍ പെണ്‍കുട്ടിയെ ഒരു സ്ഥലത്തേക്കും കൊണ്ടുപോയിട്ടില്ല. നുനപരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചതാണ്. എന്നാല്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി.

സംഭവം നടന്ന് ഏറെക്കഴിഞ്ഞാണ് കേസന്വേഷണം സിബിഐയെ ഏല്‍പിച്ചത്. അതിനാല്‍ ഡിഎന്‍എ സാമ്പിളുകള്‍ കണ്ടെത്താന്‍ സാധിച്ചില്ല. ഇനി അത് കണ്ടെത്താന്‍ കഴിയുകയുമില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.

കഴിഞ്ഞ ജനുവരിയില്‍ തിരുവനന്തപുരം സിബിഐ കോടതി കവിയൂര്‍ കൂട്ട ആത്മഹത്യാ കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു. നാലാം തവണയും സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തള്ളിയായിരുന്നു സിബിഐ നടപടി.

2004 സെപ്തംബര്‍ 28നാണ് കവിയൂരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കിളിരൂര്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ട ലതാ നായര്‍ ആയിരുന്നു ഈ കേസിലെ ഏക പ്രതി.