Gulf
അന്താരാഷ്ട്ര സംയുക്ത നാവിക ദൗത്യസേനയുടെ ചുമതല സഊദി അറേബ്യക്ക്

ദമാം | അന്താരാഷ്ട്ര സംയുക്ത നാവിക ദൗത്യസേന (സി ടി എഫ് 150)യുടെ ചുമതല ഇനി സഊദി അറേബ്യക്ക്. നേരത്തെ ചുമതല വഹിച്ചിരുന്ന ഫ്രഞ്ച് നാവിക സേനയില്‍ നിന്നാണ് കഴിഞ്ഞ ദിവസം സഊദി റോയല്‍ നേവി നിയന്ത്രണം ഏറ്റെടുത്തത്. സമുദ്രത്തില്‍ സംശയാസ്പദമായ കപ്പലുകളെ നിരീക്ഷിക്കുന്നതിനും അന്താരാഷ്ട്ര സമുദ്ര ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനും കള്ളക്കടത്തുകള്‍ തടയുന്നതിനും വേണ്ടി 2002 -ലാണ് സി ടി എസ്-150 എന്ന പേരില്‍ മള്‍ട്ടിനേഷന്‍ നാവിക ടാസ്‌ക് ഫോഴ്സ് നിലവില്‍ വന്നത്. 2020 ആഗസ്റ്റ് മുതല്‍ നാല് മാസത്തേക്കാണ് സഊദി അറേബ്യക്ക് ചുമതല നല്‍കിയിരിക്കുന്നത്.
സാധാരണയായി ടാസ്‌ക് ഫോഴ്സില്‍ 15 കപ്പലുകളാണ് പട്രോളിംഗിനായി സമുദ്രത്തില്‍ ഉണ്ടാവുക. നേരത്തെ സോമാലിയന്‍ സമുദ്രത്തില്‍ നിന്നും കടല്‍ കൊള്ളക്കാരെ തുരത്തുന്നതിനും യമനിലെ ഏദന്‍ ഉള്‍ ക്കടലിലൂടെയുള്ള ഇടുങ്ങിയ സമുദ്ര ഇടനാഴിയിലൂടെയും പട്രോളിംഗ് ഏരിയ സ്ഥാപിച്ചതോടെയാണ് ആഫ്രിക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ചരക്ക് ഗതാഗതം സുഗമമായത്. നിലവില്‍ സംയുക്ത സേനക്ക് ചെങ്കടല്‍, ഏദന്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം, ഒമാന്‍ ഉള്‍ക്കടല്‍ എന്നിവക്ക് പുറമെ ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതകളിലും സംയുക്ത നാവിക സേനയുടെ സേവനം ലഭ്യമാണ്.
സി ടി എഫ്- 150 ന്റെ പതിനൊന്നാമത്തെ കമാന്‍ഡിംഗ് പദവിയാണ് സഊദി അറേബ്യ വഹിക്കുന്നത്. ഫ്രഞ്ച് മറൈന്‍ നാഷണലിന്റെ ക്യാപ്റ്റന്‍ റിവിയര്‍, സി ടി എഫ് 150 ന്റെ കമാന്‍ഡ് സഊദി റോയല്‍ നേവല്‍ ഫോഴ്‌സിന്റെ റിയര്‍ അഡ്മിറല്‍ അല്‍-ഫഖീഹിന് കൈമാറി. നേരത്തെ 2018 ആഗസ്റ്റിലും സഊദി റോയല്‍ നേവല്‍ ഫോഴ്‌സിന്റെ ടാസ്‌ക് ഫോഴ്സ് കമാന്‍ഡിംഗ് പദവി വഹിച്ചിരുന്നു