Connect with us

Editorial

പി എസ് സി: മാറ്റം സ്വാഗതാര്‍ഹം

Published

|

Last Updated

പി എസ് സിയില്‍ സമഗ്ര പരിഷ്‌കരണം വരികയാണ്. പി എസ് സി രൂപവത്കരണ കാലം മുതല്‍ ഒറ്റ പരീക്ഷയിലൂടെ ഉദ്യോഗാര്‍ഥികളെ റാങ്ക് ചെയ്യുന്ന സംവിധാനമാണ് ഉണ്ടായിരുന്നത്. ഇത് മാറ്റി കേന്ദ്ര സര്‍വീസുകളിലേതിനു സമാനം രണ്ട് പരീക്ഷകള്‍ നടത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച ചട്ടങ്ങളില്‍ പി എസ് സി ഭേദഗതി വരുത്തിയിട്ടുണ്ട്. ആദ്യത്തില്‍ ഒരു സ്‌ക്രീനിംഗ് ടെസ്റ്റും രണ്ടാം ഘട്ടത്തില്‍ സമഗ്ര പരീക്ഷയും. സ്‌ക്രീനിംഗ് ടെസ്റ്റില്‍ വിജയിക്കുന്നവരെ മാത്രമേ രണ്ടാം ഘട്ട പരീക്ഷയില്‍ പങ്കെടുപ്പിക്കുകയുള്ളൂ. രണ്ടാം ഘട്ട പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. റാങ്ക് ലിസ്റ്റുകള്‍ വേഗം പ്രസിദ്ധീകരിക്കാനും അതാതു തസ്തികകളില്‍ യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതിനും ഈ രീതിയാണ് കൂടുതല്‍ അഭികാമ്യമെന്നാണ് പി എസ് സി വിലയിരുത്തല്‍. അതേസമയം, ഒഴിവിന്റെ അഞ്ചിരട്ടി പേരെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന രീതി മാറ്റില്ല.

കൂടുതല്‍ അപേക്ഷകരുള്ള എസ് എസ് എല്‍ സി, പ്ലസ് ടു, ബിരുദ യോഗ്യത തുടങ്ങിയ തസ്തികകളിലാണ് ആദ്യ ഘട്ടത്തില്‍ സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തുന്നത്. നിലവില്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിലെയും 2020 സെപ്തംബര്‍ വരെ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളിലെയും പരീക്ഷാ നടപടികള്‍ ആരംഭിച്ചിട്ടില്ലാത്ത തസ്തികകളെ ക്രോഡീകരിച്ചായിരിക്കും ഈ പ്രാഥമിക പരീക്ഷ. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഓരോ തസ്തികക്കും പ്രത്യേകമായാണ് രണ്ടാംഘട്ട പരീക്ഷ നടത്തുക. ഏത് തസ്തികയിലേക്കാണോ പരീക്ഷ നടത്തുന്നത്, ആ തസ്തികയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത്. ഓരോ മേഖലയിലും കൂടുതല്‍ യോഗ്യതയുള്ളവരെ കണ്ടെത്താന്‍ ഇത് സഹായിക്കും. സാങ്കേതിക വിദ്യാഭ്യാസ യോഗ്യത ആവശ്യമായ തസ്തികകള്‍ക്കും മെഡിക്കല്‍, എന്‍ജിനീയറിംഗ്, ഡ്രൈവിംഗ്, അധ്യാപക തസ്തികകള്‍ക്കും സ്‌ക്രീനിംഗ് ടെസ്റ്റ് ഉണ്ടാകില്ല.
പരീക്ഷ കൂടുതല്‍ സുഗമവും സുതാര്യവുമാകുമെന്നതിനാല്‍ സ്വാഗതാര്‍ഹമാണ് ഈ മാറ്റങ്ങള്‍. സംസ്ഥാനത്ത് ഉദ്യോഗാര്‍ഥികളുടെ എണ്ണം വര്‍ഷംപ്രതി വന്‍തോതില്‍ വര്‍ധിച്ചു വരികയാണ്. 2015ല്‍ സംസ്ഥാനത്ത് 68 ലക്ഷം ഉദ്യോഗാര്‍ഥികളാണുണ്ടായിരുന്നത്. 2018ല്‍ ഒരു കോടിയായി ഉയര്‍ന്നു. നിലവില്‍ ഒന്നേകാല്‍ കോടിയിലെത്തിയിട്ടുണ്ട്. ഇത്രയും പേരില്‍ നിന്ന് ഒരൊറ്റ പൊതുപരീക്ഷയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത് ശ്രമകരവും അശാസ്ത്രീയവുമാണ്. ആദ്യം ഒരു സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തും. അതില്‍ യോഗ്യതയുള്ളവരെ മാത്രം പ്രധാന പരീക്ഷക്ക് പരിഗണിച്ചാല്‍ പരീക്ഷാര്‍ഥികളുടെ എണ്ണം ഗണ്യമായി കുറയും. ഇതോടെ പി എസ് സിയുടെ ജോലിഭാരം കുറയുകയും പരീക്ഷ മെച്ചപ്പെടുകയും ചെയ്യും.

അതേസമയം, പി എസ് സിയുടെ വിശ്വാസ്യതയിലും കാര്യക്ഷമതയിലും സംശയം ജനിപ്പിക്കുന്ന നിരവധി ആരോപണങ്ങള്‍ അടുത്തിടെയായി പ്രതിപക്ഷ നേതാക്കളും ചില മാധ്യമങ്ങളും നിരന്തരം ഉന്നയിച്ചു വരുന്നുണ്ട്. വിവിധ വകുപ്പുകളിലായി ധാരാളം തസ്തികകള്‍ ഒഴിഞ്ഞുകിടന്നിട്ടും നിയമനം നടക്കുന്നില്ലെന്നാണ് പ്രധാന പരാതി. തസ്തികകളിലേക്കുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുക, താത്കാലിക നിയമനങ്ങളും കരാര്‍ നിയമനങ്ങളും നടത്തി അനധികൃതമായി സ്ഥിരപ്പെടുത്തുക, കൃത്യസമയത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാതിരിക്കുക, സംവരണ സീറ്റുകളില്‍ അട്ടിമറി തുടങ്ങിയ ആരോപണങ്ങളാണ് ഉയരുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ആഭ്യന്തരം, വനം, ഫിഷറീസ് തുടങ്ങി വിവിധ വകുപ്പുകളില്‍ നികത്തപ്പെടാതെ തസ്തികകള്‍ നിരവധി ഒഴിഞ്ഞു കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സിവില്‍ ഒാഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചിരുന്നു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ നടന്ന കത്തിക്കുത്ത് കേസിലെ പ്രതികള്‍ക്ക് പി എസ് സിയുടെ സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ ഒന്നും രണ്ടും റാങ്ക് കിട്ടിയതുമായി ബന്ധപ്പെട്ട് പി എസ് സിയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് ചര്‍ച്ചകള്‍ രൂപപ്പെട്ടിരുന്നതുമാണ്.
ഇത്തരം വിവാദങ്ങളും ആരോപണങ്ങളും രാഷ്ട്രീയപ്രേരിതവും തങ്ങളെ താറടിച്ചു കാണിക്കാന്‍ ലക്ഷ്യമാക്കിയുള്ളതുമാണെന്നാണ് പി എസ് സി വൃത്തങ്ങള്‍ പറയുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തിലേറി നാല് വര്‍ഷത്തിനകം, കഴിഞ്ഞ സര്‍ക്കാര്‍ ഇത്രയും കാലയളവില്‍ നടത്തിയതിനേക്കാള്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തിയതായും അവര്‍ അവകാശപ്പെടുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനകം പി എസ് സി മുഖേന 1,33,132 പേരെ പുതുതായി നിയമച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ സര്‍ക്കാര്‍ ഭരണത്തിന്റെ ആദ്യ നാല് വര്‍ഷങ്ങളില്‍ നിയമിച്ചവരുടെ എണ്ണം 1,23,104 ആയിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെയും ചില മാധ്യമങ്ങളുടെയും നീക്കങ്ങള്‍ രാഷ്ട്രീയ ലാക്കോടെയായിരിക്കാമെങ്കിലും സര്‍ക്കാര്‍ നിയമനങ്ങളിലും പി എസ് സി പ്രവര്‍ത്തനങ്ങളിലും ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന കാര്യം പാടേ നിഷേധിക്കാനാകില്ല. പിന്‍വാതില്‍ നിയമനത്തിന് ഒരു ഭരണകക്ഷി യുവ നേതാവ് ഉദ്യോഗാര്‍ഥിയില്‍ നിന്ന് നാല് ലക്ഷം രൂപ വാങ്ങിയ സംഭവം നിയമനത്തിലെ ക്രമക്കേടുകളെ സാധൂകരിക്കുന്നുണ്ട്. ഈ ആരോപണം സ്ഥിരീകരിക്കപ്പെടുകയും നേതാവിനെ പാര്‍ട്ടി പുറത്താക്കുകയുമുണ്ടായി. പി എസ് സി നിയമനങ്ങളിലെ മറിമായങ്ങളെക്കുറിച്ച് ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ സുധേഷ് എം രഘു എഴുതിയ പുസ്തകത്തില്‍ ഇതുസംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന നിരവധി വിവരങ്ങളുണ്ട്. പി എസ് സിയുടെ വിവിധ റാങ്ക് ലിസ്റ്റുകളും നിയമന ക്രമക്കേടുകളെക്കുറിച്ചുള്ള രേഖകളും കോടതി വിധികളുമെല്ലാം ഉള്‍ക്കൊള്ളിച്ചുള്ളതാണ് ഈ ഗ്രന്ഥം. പുതിയ പരിഷ്‌കരണങ്ങള്‍ നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പി എസ് സി ഇത്തരം ക്രമക്കേടുകള്‍ അവസാനിപ്പിക്കാനാവശ്യമായ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. ലക്ഷക്കണക്കിന് പേര്‍ കഷ്ടപ്പെട്ട് പഠിച്ച് കഠിനാധ്വാനത്തിലൂടെ പി എസ് സി റാങ്ക് ലിസ്റ്റില്‍ ഇടം നേടുമ്പോള്‍ അവരെ വിഡ്ഢികളാക്കി ചിലര്‍ പിന്‍വാതിലിലൂടെയും സംവരണ ലിസ്റ്റിലുള്ളവരെ നോക്കുകുത്തിയാക്കിയും സര്‍വീസില്‍ കയറിപ്പറ്റുന്നത് അപഹാസ്യമാണ്.