Connect with us

International

മാലിയില്‍ ഭരണം അട്ടിമറിച്ചത് സുസ്ഥിര ഭരണം ഉറപ്പ് വരുത്താനെന്ന് സൈന്യം

Published

|

Last Updated

ബമാകോ | പട്ടാള അട്ടിമറി നടന്ന മാലിയില്‍ സ്ഥിരതയുള്ള ഭരണം ഉറപ്പുവരുത്തുമെന്ന് സൈന്യം. ന്യായമായ കാലയളവിനുള്ളില്‍ തിരഞ്ഞെടുപ്പിലൂടെ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് വഴിയൊരുക്കുമെന്നും സൈന്യം വ്യക്തമാക്കി. സൈനിക അട്ടിമറിക്ക് പിന്നാലെ മാലി പ്രസിഡന്റ് ഇബ്രാഹിം ബൗബാക്കര്‍ കെയ്റ്റ രാജിവെച്ചിരുന്നു.

മാലി കൂടുതല്‍ കുഴപ്പത്തിലാകുന്നത് തടയാനാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് അട്ടിമറിക്ക് നേതൃത്വം നല്‍കിയ സൈനികരുടെ വക്താവ് കേണല്‍ മേജര്‍ ഇസ്മായില്‍ വേഗ് പറഞ്ഞു. കുറച്ചുകാലമായി സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

അധികാരത്തിലിരിക്കുന്നവരുടെ തെറ്റ് കാരണം മാലി അരാജകത്വവും അരക്ഷിതാവസ്ഥയുമായി ദിനംപ്രതി കുഴപ്പത്തിലേക്ക് നീങ്ങുകയായിരുന്നു. യഥാര്‍ത്ഥ ജനാധിപത്യം അലംഭാവത്തോടുകൂടിയോ ബലഹീനതയോടു കൂടിയോ മുന്നോട്ടുപോകില്ല. അത് ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും ഉറപ്പ് നല്‍കണമെന്നും സൈനിക വക്താവ് പറഞ്ഞു.

ചൊവ്വാഴ്ചയാണ് ആഭ്യന്തര കലഹം രൂക്ഷമായ മാലിയില്‍ സൈനിക അട്ടിമറി നടന്നത്. പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും സൈന്യം പിടികൂടി തോക്കിന്‍മുമ്പില്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്നാണ് പ്രസിഡന്റ് രാജിവെച്ചത്. സാമ്പത്തികമായും രാഷ്ട്രീയമായും രാജ്യത്തെ പിറകോട്ട് വലിക്കുന്നുവെന്ന് ആരോപിച്ച് ഭരണകൂടത്തിനെതിരെ പ്രതിപക്ഷവും ജനങ്ങളും തെരുവിലിറങ്ങിയതിന് പിന്നാലെയായിരുന്നു അട്ടിമറി.