Gulf
പൊതു, മാനസികാരോഗ്യത്തെക്കുറിച്ച് ദുബൈ ഹെൽത്ത് അതോറിറ്റി വെബിനാർ: മന്ത്രി ശൈലജ ടീച്ചർ പ്രഭാഷണം നടത്തി

ദുബൈ | പൊതു,മാനസിക ആരോഗ്യം ചർച്ച ചെയ്യുന്നതിനും ആരോഗ്യസംരക്ഷണ അവസരങ്ങൾ പര്യവേഷണം ചെയ്യുന്നതിനുമായി ദുബൈ ഹെൽത്ത് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വെബിനാർ നടന്നു. ഇന്ത്യയിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരും ഉദ്യോഗസ്ഥരുമാണ് പരിപാടിയിൽ പങ്കെടുത്തത്. ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി, കേരള ആരോഗ്യ സാമൂഹ്യക്ഷേമ മന്ത്രി ശൈലജ ടീച്ചർ എന്നിവർ മുഖ്യാതിഥികളായിരുന്നു.
യു എ ഇയും ഇന്ത്യയും ശക്തമായ ചരിത്രപരമായ പങ്കാളിത്തമാണ് പങ്കുവെക്കുന്നതെന്നും ആരോഗ്യ സംരക്ഷണ മേഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സഹകരണ അവസരങ്ങൾ പര്യവേഷണം ചെയ്യുന്നതിനും ഇരുപക്ഷവും ശ്രദ്ധാലുക്കളാണെന്നും ആമുഖഭാഷണത്തിൽ ദുബൈ ഹെൽത്ത് അതോറിറ്റി (ഡി എച്ച് എ) ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖുത്താമി പറഞ്ഞു.
ഹെൽത്ത് കെയർ കോർപ്പറേഷൻ സിഇഒ ഡോ. യൂനിസ് കാസിം, ഡിഎച്ച്എയിലെ ഉന്നത ഉദ്യോഗസ്ഥയും ക്ലിനിക്കൽ സപ്പോർട്ട് സർവീസസ് ആൻഡ് നഴ്‌സിംഗ് സെക്ടർ സിഇഒയുമായ ഫരീദ അൽ ഖാജ, കേരള മുഖ്യമന്ത്രിയുടെ ഉപദേശകനും മുൻ ആരോഗ്യ സെക്രട്ടറിയുമായ ഡോ. രാജീവ് സദാനന്ദൻ, ഡോ. മുഹമ്മദ് അൽ രിദ തുടങ്ങിയവർ വെബിനാറിൽ പങ്കെടുത്തു.
2019 ഡിസംബറിൽ അൽ ഖത്താമിയുടെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം ഇന്ത്യ സന്ദർശിച്ചിരുന്നു. ആരോഗ്യസംരക്ഷണ മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിനായി സംഘം നിരവധി ആശുപത്രികളും സ്ഥാപനങ്ങളും സന്ദർശിച്ചു.
മാനസികാരോഗ്യം, അവയവം മാറ്റിവയ്ക്കൽ, മെഡിക്കൽ ഗവേഷണം, കാൻസർ പരിചരണം, കാർഡിയോളജി, ആരോഗ്യ നവീകരണം, മാനസികാരോഗ്യ സേവനങ്ങൾ, വയോജന സേവനങ്ങൾ എന്നീ മേഖലകളിലുള്ള സഹകരണത്തിനു ഇരു രാജ്യങ്ങളും താല്പര്യം കാണിക്കുന്നുണ്ട് എന്നും ദുബൈയിലെ ആരോഗ്യമേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും രോഗികൾക്ക് ലോകോത്തര പരിചരണം നൽകുന്നതിനും ലക്ഷ്യമിട്ട് അനുഭവങ്ങളും വൈദഗ്ധ്യവും പങ്കിടുന്നതിന്റെ ഭാഗമാണ് വെബിനാർ എന്നും അൽ ഖത്താമി കൂട്ടിച്ചേർത്തു.
ദുബൈയിലെ വലിയ സമൂഹം എന്ന നിലക്ക് ഇന്ത്യക്കാർ ഉൾപ്പെടെ എല്ലാ താമസക്കാർക്കും അസാധാരണമായ പിന്തുണ നൽകിയതിന് ഡിഎച്ച്എയെയും യു എ ഇയിലെ സർക്കാർ അധികാരികളെയും അഭിനന്ദിക്കുന്നതായി കോൺസൽ ജനറൽ ഡോ. അമൻ പുരി പറഞ്ഞു. അഭൂതപൂർവമായ ഈ പ്രതിസന്ധി യുഎഇ കൈകാര്യം ചെയ്ത രീതി ലോകത്തിന്റെ മറ്റു ഭാഗങ്ങൾക്ക് മികച്ച ഒരു ഉദാഹരണമാണ്. ആരോഗ്യമേഖലയിൽ ഇരുരാജ്യങ്ങളും പുലർത്തുന്ന സഹകരണവും സമീപനവും സന്തുഷ്ടി നൽകുന്നതായും അദ്ദേഹം പറഞ്ഞു.
യു എ ഇയിൽ ധാരാളം കേരളീയർ താമസിക്കുന്നുണ്ട്. യുഎഇയുമായി ശക്തമായ പങ്കാളിത്തമാണ് ഞങ്ങൾക്കുള്ളത് ചരിത്രപരവുമാണത്. കഴിഞ്ഞ വർഷം ഡിഎച്ച്എയുടെ പരിപാടിയിൽ പങ്കെടുക്കാൻ ദുബൈ സന്ദർശിച്ചപ്പോൾ, രോഗി പരിചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സഹകരണത്തിന്റെ പ്രത്യേക മേഖലകൾ ചർച്ചചെയ്തിരുന്നു. ഇപ്പോഴത്തെ മഹാമാരി പൊതുജനാരോഗ്യ പരിചരണത്തിന്റെ പ്രാധാന്യത്തെ കൂടുതൽ ആവശ്യപ്പെടുന്നുണ്ട്. ശൈലജ ടീച്ചർ പറഞ്ഞു. കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെ കുറിച്ചും അവ നിരന്തരം മെച്ചപ്പെടുത്തേണ്ട ആവശ്യകതയെ സംബന്ധിച്ചും അവർ എടുത്തു പറഞ്ഞു.