Connect with us

National

ഡോക്ടര്‍മാരെ അധിക്ഷേപിച്ചു: സജ്ഞയ് റാവത്തിന്റെ രാജി ആവശ്യപ്പെട്ട് ഐ എം എ

Published

|

Last Updated

മുംബൈ| ഡോക്ടര്‍മാരെ അപമാനിച്ച ശിവസേന എം പി സജ്ഞയ് റാവത്തിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മഹാരാഷട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറക്ക് കത്തയച്ചു. ഡോക്ടര്‍മാരേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ കംപൗണ്ടര്‍മാര്‍ക്ക് അറിയാം എന്ന സജ്ഞയ് റാവത്തിന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് രാജി ആവശ്യപ്പെട്ട് ഐ എം എ മുഖ്യമന്ത്രിക്ക് കത്തയച്ചത്.

താന്‍ കംപൗണ്ടര്‍മാരില്‍ മരുന്നുകള്‍ വാങ്ങി കഴിക്കാറുണ്ടെന്ന് റാവത്ത് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കൂടാതെ മരുന്നുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഡോക്ടര്‍മാരേക്കാള്‍ നന്നായി കംപൗണ്ടര്‍മാര്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. റാവത്തിന്റെ പ്രസ്താവന ഡോക്ടര്‍മാരെ അവഹേളിക്കുന്നതാണെന്ന് ഐ എം എ പറഞ്ഞു. ഇത്തരം പ്രസ്താവന നടത്തുന്ന റാവത്തിന്റെ രാജി സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും ഐ എം എ പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍ വലിയ റിസക് ഏറ്റെടുത്താണ് ജോലി ചെയ്യുന്നത്. ഇത്തരം നിന്ദ്യവും അപമാനകരവുമായ രീതിയില്‍ തങ്ങളെ അവഹേളിച്ചാല്‍ തങ്ങള്‍ക്ക് ജോലി ചെയ്യാന്‍ ആവില്ലെന്നും കത്തില്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. റാവത്തിനെതിരേ കര്‍ശന നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതിനെതതിരേ തങ്ങള്‍ പ്രതിഷേധിക്കുമെന്നും മഹാരാഷട്ര ഡോക്ടര്‍ അസോസിയേഷന്‍ പറഞ്ഞു.

അതേസമയം, സംഭവം വിവാദമായതോടെ വിശദീകരണവുമായി റാവത്ത് രംഗത്തെത്തി. താന്‍ ഡോക്ടര്‍മാരെ അപമാനിച്ചില്ലെന്നും തനിക്ക് അതിന് കഴിയില്ലെന്നും റാവത്ത് പറഞ്ഞു. കൊവിഡ് കാലത്ത് ഡോക്ടര്‍മാരു നേഴ്‌സുമാരും തന്ന സംഭാവനകള്‍ മറക്കാന്‍ ആവില്ല. എന്റെ പരാമര്‍ശം ലോകാരോഗ്യസംഘടനയെ ഉദ്ദേശിച്ചായിരുന്നു. അവര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കൊവിഡ് ഇത്ര രൂക്ഷമാകുമായിരുന്നില്ലെന്നാണ് താന്‍ പറഞ്ഞതെന്നും സജ്ഞയ് റാവത്ത് പറഞ്ഞു. ചിലര്‍ ഇതില്‍ രാഷട്രീയം കലര്‍ത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.