National
ഇന്ത്യ-നേപ്പാള്‍ ഉന്നത തല ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി| നേപ്പാളുമായി ഇന്ത്യ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി വിലിയരുത്തുന്നതിനായി ഇരുരജ്യങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്ന് വെര്‍ച്വല്‍ മീറ്റിംഗ് നടത്തി. ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യദിനത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ പി ഒലി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് ആശംസകള്‍ അറയിച്ചിരുന്നു.
മെയില്‍ ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ ഭൂപടം പുറത്തിറക്കിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. അതിന് ശേഷം ഇന്നാണ് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തുന്നത്. നേപ്പാള്‍ വിദേശകാര്യ സെക്രട്ടറി ശങ്കര്‍ ദാസ്, ഇന്ത്യയിലെ നേപ്പാള്‍ അംബാസിഡര്‍ വിനയ് മോഹന്‍ എന്നിവരാണ് ചര്‍ച്ച നടത്തിയത്.
ചര്‍ച്ചയുടെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മെയ് എട്ടിന് ഉത്തരാഖണ്ഡിലെ ലിപ് ലേഖ് ചുരം ധാര്‍ചുലയുമായി ബന്ധിപ്പിക്കുന്ന 80 കിലോമീറ്റര്‍ നീളമുള്ള തന്ത്രപ്രധാനമായ റോഡ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തിരുന്നു. ഇതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. റോഡ് തങ്ങളുടെ പ്രദേശത്ത് കൂടിയാണ് കടന്ന് പോകുന്നതെന്ന് നേപ്പാള്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ഈ പ്രദേശത്തെ ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ മാപ്പ് പുറത്തിറക്കിയത്.