Ongoing News
ശമ്പളം വര്‍ധിപ്പിച്ചില്ല; ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പണം തട്ടിയ യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി | പല തവണ ആവശ്യപ്പെട്ടിട്ടും ശമ്പളം വര്‍ധിപ്പിക്കാത്തത്തില്‍ പ്രതിഷേധിച്ച് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ തന്നെ മോഷണം നടത്തി യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലെ ഒരു നിര്‍മാണ കമ്പനിയിലെ ജീവനക്കാരനായ വിജയ് പ്രതാപ് ദീക്ഷിത്താണ് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പത്ത് ലക്ഷം തട്ടിയത്. പണം കൈക്കലാക്കിയ ശേഷം പ്രതി തന്നെ പണം നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ബാര പുള്ള ഫ്ളൈ ഓവറിനടുത്ത് വെച്ച് ചിലര്‍ പണം അപഹരിച്ചു എന്ന് ആഗസ്റ്റ് 13നാണ് ദീക്ഷിത് പോലീസിനെ വിളിച്ചറിയിക്കുന്നത്. ഉച്ചയ്ക്ക് 1.30 ഓടെ തൊഴിലുടമ നിതിനില്‍ നിന്ന് രണ്ട് ലക്ഷം രൂപയും പത്ത് ലക്ഷം രൂപയുടെ ചെക്കും ശേഖരിച്ചുവെന്നും കമ്പനി മാനേജര്‍ രമേശ് ഭാട്ടിയക്ക് രണ്ട് ലക്ഷം കൈമാറിയെന്നും ദീക്ഷിത് പോലീസിനോട് പറഞ്ഞു. എന്നാല്‍ ചെക്ക് കൈമാറിക്കിട്ടിയ പണം ഫ്ളൈ ഓവറിനടുത്തുവെച്ച് ചിലര്‍ തട്ടിയെടുത്തെന്നാണ് ദീക്ഷിത് പോലീസിനോട് പറഞ്ഞത്.
തുടര്‍ന്ന് കേസെടുത്ത് അന്വേഷണം തുടങ്ങിയ പോലീസ് ദീക്ഷിതിന്റെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടതിനെ തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
വളരെക്കാലമായി ജോലി ചെയ്യുകയാണെങ്കിലും ദീക്ഷിതിന് തൊഴിലുടമ ശമ്പളം കൂട്ടിനല്‍കിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഒരിക്കല്‍, തൊഴിലുടമ പരസ്യമായി മര്‍ദ്ദിക്കുകയും ഇറക്കിവിടുകയും ചെയ്തു. പ്രതികാരമായി, കമ്പനിയില്‍നിന്ന് പണം തട്ടിയെടുക്കാന്‍ ഇയാള്‍ തീരുമാനിക്കുകയായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി.