Connect with us

National

രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് സമിതി; അവിനാശ് പാണ്ഡേയെ മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി | രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പടലപ്പിണക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സമിതി രൂപീകരിച്ചു. അഹമ്മദ് പട്ടേല്‍, കെസി വേണുഗോപാല്‍, അജയ് മാക്കന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. ഇതിന് പിന്നാലെ രാജസ്ഥാന്റെ ചുമതല എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കന് നല്‍കുകയും ചെയ്തു. നേരത്തെ അവിനാശ് പാണ്ടേക്കായിരുന്നു സംസ്ഥാനത്തിന്റെ ചുമതല.

രാജസ്ഥാനില്‍ അശോക് ഗെഹലോട്ട് സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി രണ്ട് ദിവസത്തിനകമാണ് പാര്‍ട്ടി തലത്തില്‍ അഴിച്ചുപണി നടക്കുന്നത്. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന്‍ പൈലറ്റും അശോക് ഗെഹലോട്ടും തമ്മിലുള്ള തര്‍ക്കമാണ് പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടാക്കിയത്. സച്ചിനും 18 വിമത എംഎല്‍എമാരും ഗെഹലോട്ടിന് എതിരെ രംഗത്ത് വന്നതോടെ രംഗം മുതലെടുക്കാന്‍ ബിജെപിയും കരുനീക്കങ്ങള്‍ നടത്തി. ഇതിനിടെ കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ അനുനയ നീക്കം വിജയം കണ്ടു. ഇതോടെ സച്ചിന്‍ ക്യാമ്പ് പാര്‍ട്ടിയില്‍ തിരിച്ചെത്തി.

സച്ചിനും ഗെഹലോട്ടും പരസ്യമായി വേദി പങ്കിട്ടതോടെ പ്രതിസന്ധികള്‍ക്ക് താത്കാലിക പരിഹാരമായി. തുടര്‍ന്ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഗെഹലോട്ട് വിജയിക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ പ്രശനമുണ്ടായപ്പോള്‍ ഗെഹലോട്ടിന് ഒപ്പം നിന്നയാളാണ് അവിനാശ് പാണ്ഡേ. അവിനാശിനെ സംസ്ഥാനത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റണമെന്ന് സച്ചിന്‍ ഉപാധി വെച്ചിരുന്നു. ഇത് അംഗീകരിച്ചാണ് സംസ്ഥാനത്തിന്റെ ചുമതല സോണിയ അജയ് മാക്കന് നല്‍കിയത്.