Connect with us

Kerala

പി എസ് സി ചെയര്‍മാന്‍ സര്‍ക്കാറിന്റെ ദുഷ്‌ചെയ്തികളെ വെള്ളപൂശുന്നു: പ്രതിപക്ഷ നേതാവ്

Published

|

Last Updated

തിരുവനന്തപുരം | സര്‍ക്കാറിന്റെ ദുഷ്‌ചെയ്തികളെ വെള്ളപൂശാനാണ് പി എസ് സി ചെയര്‍മാന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു കാലത്തും ഉണ്ടാകാത്ത വിധത്തില്‍ പി എസ് സി റാങ്ക് ലിസ്റ്റുകളെ നോക്കു കുത്തിയാക്കി നടക്കുന്ന കരാര്‍ നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും അവസാനിപ്പിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതിന് പകരം ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം തെറ്റിദ്ധാരണ കൊണ്ടെണെന്ന് പറയുന്ന പി എസ് സി ചെയര്‍മാന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തലപറഞ്ഞു.

സര്‍ക്കാര്‍ ജോലിയില്‍ കരാര്‍ നിയമനങ്ങള്‍ ഒന്നും നടക്കുന്നില്ലെന്ന ചെയര്‍മാന്റെ വാദം അത്ഭുതകരമാണ്. കണ്‍സള്‍ട്ടന്‍സികള്‍ വഴി കരാര്‍ നിയമനം നടത്തുന്ന കാര്യം സര്‍ക്കാര്‍ തന്നെ സമ്മതിക്കുമ്പോള്‍ പി എസ് സി ചെയര്‍മാന്‍ അത് നിഷേധിക്കുന്നത് രാജാവിനെക്കാള്‍ വിലിയ രാജഭക്തി കാരണമാണ്. കഴിഞ്ഞ മാസങ്ങളിലുണ്ടായ ആയിരക്കണക്കിന് റിട്ടയര്‍മെന്റ് ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

നൂറിലധികം റാങ്കു ലിസ്റ്റുകളാണ് കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ലാപ്‌സായത്. നാമമാത്രമായ നിയമനങ്ങള്‍ മാത്രമേ അതില്‍ നടന്നിട്ടുള്ളൂ. സിവില്‍ പോലീസ് ഓഫീസര്‍, ലാസ്റ്റ് ഗ്രേഡ്, ഇംഗ്‌ളീഷ് ലക്ച്ചറര്‍ തുടങ്ങിയ ഒട്ടേറെ ലിസ്റ്റുകളില്‍ പേരിന് മാത്രം നിയമനം നടന്നു. നഴ്‌സുമാരുടെ റാങ്ക് ലിസ്റ്റ് വെറുതെ കിടക്കുമ്പോള്‍ താത്ക്കാലിക്കാരെ നൂറു കണക്കിനാണ് നിയമിക്കുന്നത്. സി ഡിറ്റില്‍ താത്ക്കാലിക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തകൃതിയായി നടക്കുന്നു. 53 സ്ഥാപനങ്ങളില്‍ നിയമനം പി എസ് സിക്ക് വിട്ടിട്ടും ചട്ടങ്ങള്‍ രൂപീകരിക്കാതെ പിന്‍വാതില്‍ നിയമനം നടത്തുകയാണ്”.

അതിനാല്‍ താത്ക്കാലിക നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും അവസാനിപ്പിച്ച് പി.എസ്.സി വഴി നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. അതിന് വേണ്ടി റാങ്കു ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.