Connect with us

National

ഒഴിഞ്ഞ സീറ്റ് ഒരുപാട് കാര്യങ്ങള്‍ സംസാരിക്കും; മമതാ ബാനര്‍ജിക്കെതിരേ രൂക്ഷവിമർശനവുമായി ഗവര്‍ണര്‍

Published

|

Last Updated

കൊല്‍ക്കത്ത| രാജ്യത്തിന്റെ 74ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച രാജ്ഭവനില്‍ നടത്തിയ പരമ്പരാഗത ചായ സല്‍ക്കാരത്തില്‍ നിന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഒഴിവായതിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ ജഗദീപ് ധനാക്കര്‍ രംഗത്ത്. ചായസല്‍ക്കാരത്തില്‍ മുഖ്യമന്ത്രിയുടെ അഭാവം ഞെട്ടിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ഒഴിഞ്ഞ സീറ്റ് സംസാരിക്കുന്നുവെന്നും അദ്ദേഹം മമതയെ പരിഹസിച്ച് ട്വീറ്റ് ചെയ്തു. കൊല്‍ക്കത്തയിലെ റെഡ് റോഡില്‍ പതാക ഉയര്‍ത്തിയ ശേഷം 25 മിനുട്ട് നീണ്ട് നിന്ന ചടങ്ങിലേക്ക് ഗവര്‍ണര്‍ മമതയെ ക്ഷണിച്ചിരുന്നു. എന്നാല്‍ ചടങ്ങില്‍ മമത പങ്കെടുത്തില്ല. രാജ്ഭവനിലെ വീട്ടില്‍ നടത്തിയ ചായ സല്‍ക്കാരത്തിന് ശേഷം ഗവര്‍ണര്‍ വിരുന്നു ഹാളിന്റെ ചിത്രം പങ്കുവെച്ചിരുന്നു. അതില്‍ ഗവര്‍ണര്‍ ഇരിക്കുന്ന കസേരയുടെ വലതുവശത്തായി മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പേര് പതിപ്പിച്ച കസേര ഒഴിഞ്ഞു കിടക്കുന്നതായി കാണിക്കുന്നു. ഈ ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.

രാജ്ഭവനില്‍ നടന്ന സ്വാതന്ത്രദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ഒഴിഞ്ഞ് കിടക്കുന്ന സീറ്റ് നിരവധി കാര്യങ്ങള്‍ സംസാരിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പശ്ചിമ ബംഗാളിന്റെ സമ്പന്നമായ സംസ്‌കാരവും ധാര്‍മ്മികതയും സമന്വയിപ്പിക്കാത്ത ഒരു അനാരോഗ്യ സാഹചര്യം സൃഷ്ടിച്ചു. മുഖ്യമന്ത്രിയുടെ സമീപനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കൊവിഡിന്റെ സാഹചര്യത്തില്‍ ചായ സല്‍ക്കാരത്തിനായി ഗവര്‍ണര്‍ നിരവധി പേരെ ക്ഷണിച്ചതില്‍ സംസ്ഥാന സര്‍ക്കാര്‍ അസ്വസ്ഥരാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. 300നും 400നും ഇടക്ക് അതിഥികലെയാണ് ഗവര്‍ണര്‍ സല്‍ക്കാരത്തിനായി ക്ഷണിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Latest