Connect with us

Kozhikode

ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു: ടി എൻ പ്രതാപൻ എം പി

Published

|

Last Updated

കോഴിക്കോട് | സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷുകാർക്കൊപ്പം നിൽക്കുകയും മാപ്പെഴുതിക്കൊടുത്ത് ജയിൽ ശിക്ഷയിൽ നിന്ന് മോചനം നേടുകയും ചെയ്തവരുടെ പിന്മുറക്കാർ ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം നടത്തുകയാണെന്ന് ടി എൻ പ്രതാപൻ എം പി പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എസ് വൈ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനയാണ് സ്വാതന്ത്ര്യം എന്ന പ്രമേയത്തിലുള്ള വെബിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നീണ്ടകാലത്തെ പോരാട്ടത്തിലൂടെ നേടിയെടുത്തതാണ് ഇന്ത്യൻ സ്വാതന്ത്ര്യം. അതു നൽകിയ പാഠങ്ങളുടെ കരുത്തും സൗന്ദര്യവും ഉൾവഹിക്കുന്നുണ്ട് ഭരണഘടന. ഇന്ത്യയെന്ന മഹത്തായ ആശയത്തിൽ വിശ്വസിക്കുകയും വികാരം പങ്കിടുകയും ചെയ്യുന്ന മുഴുവൻ മനുഷ്യരും ഒന്നിച്ചുനിന്ന് ഭരണഘടനാ അട്ടിമറിയെ ചെറുക്കണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു.

എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ കൊളാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, പു ക സ ദക്ഷിണ മേഖല സെക്രട്ടറി അഡ്വ. ഡി സുരേഷ് ബാബു, സാംസ്‌കാരിക പ്രവർത്തകൻ കെ എസ് ഹരിഹരൻ, മുനീർ സഖാഫി ഓർക്കാട്ടേരി സംസാരിച്ചു. മുഹമ്മദലി കിനാലൂർ വിഷയാവതരണം നടത്തി.