Connect with us

Kerala

സ്വര്‍ണക്കടത്ത്: ശിവശങ്കറിനെ ഇ ഡിയും ചോദ്യം ചെയ്ത് വിട്ടയച്ചു

Published

|

Last Updated

കൊച്ചി | സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചോദ്യ ചെയ്ത ശേഷം വിട്ടയച്ചു. അടുത്തയാഴ്ച വീണ്ടും ഹാജരാകണമെന്ന് അദ്ദേഹത്തിന് നിർദേശം നൽകിയിട്ടുണ്ട്. ശിവശങ്കറിൻെറ മൊഴി വിശകലനം ചെയ്ത ശേഷം ഹാജരാകാനുള്ള തീയതി അറിയിക്കും.സ്വപ്ന ഉള്‍പ്പെടെ കേസിലെ പ്രതികളുടെ സാന്നിധ്യത്തിൽ കൊച്ചിയിലെ ഇ ഡി ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഹാജരാകാന്‍ ആവശ്യപ്പെട്ട് ശിവശങ്കറിന് ഇ ഡി നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ അറസ്റ്റിലായ സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇ ഡി ആവശ്യം. ഇതിനു അനുമതി ലഭിച്ചതോടെയാണ് ചോദ്യം ചെയ്യല്‍. സ്വപ്നയുടെ കസ്റ്റഡി നീട്ടണമെന്ന അപേക്ഷയിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന ആവശ്യം ഇ ഡി ഉന്നയിച്ചത്. സ്വപ്നയെ ചോദ്യം ചെയ്തതില്‍ നിന്നും അവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗണ്യമായ സ്വാധീനമുണ്ടെന്നു വ്യക്തമായിട്ടുണ്ടെന്നും ഇ ഡി കോടതിയെ അറിയിച്ചു.

അപേക്ഷയില്‍ സ്വപ്നയടക്കമുള്ള മൂന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി ഈ മാസം 17 വരെ നീട്ടിയിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട്, അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇ ഡി അന്വേഷിക്കുന്നത്. ദുബൈയില്‍ ശിവശങ്കര്‍ നടത്തിയ കൂടിക്കാഴ്ചകള്‍, സ്വപ്നയുടെ സാമ്പത്തിക ഇടപാടുകള്‍ എന്നിവയെല്ലാം അന്വേഷണ വിധേയമാക്കും.
ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ സ്വപ്ന അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ, എന്‍ ഐ എയും കസ്റ്റംസും 34 മണിക്കൂറോളം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞമാസം അവസാനം തുടര്‍ച്ചയായി രണ്ടുദിവസം എന്‍ ഐ എ കൊച്ചിയില്‍ ശിവശങ്കറിനെ വിളിച്ചു വരുത്തി ചോദ്യംചെയ്യുകയും വിട്ടയക്കുകയും ചെയ്തിരുന്നു.

Latest