Connect with us

Kerala

രാജ്യത്ത് ഏഷ്യന്‍ സിംഹങ്ങളുടെ സമഗ്ര പരിപാലനത്തിനുള്ള പദ്ധതി ഉടന്‍: പ്രധാന മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ഏഷ്യന്‍ സിംഹങ്ങളുടെ സമഗ്ര പരിപാലനത്തിനുള്ള ഒരു പദ്ധതി സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. 74 ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നേരത്തെ കടുവ, ആന സംരക്ഷണ പദ്ധതികള്‍ ആരംഭിച്ച കാര്യം പ്രധാന മന്ത്രി ഓര്‍മിപ്പിച്ചു. അടുത്തിടെയായി സിംഹങ്ങളുടെയും കടുവകളുടെയും എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായതായും മോദി പറഞ്ഞു. വാസസ്ഥാനങ്ങളുടെ വികസനം, സിംഹങ്ങളെ പരിപാലിക്കുന്നതില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തല്‍, ലോകോത്തര ഗവേഷണ ഫലങ്ങളും മൃഗ ചികിത്സാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയുള്ള രോഗ ചികിത്സ തുടങ്ങിയവ സിംഹ പരിപാലന പദ്ധതിയില്‍ ഉള്‍പ്പെടുമെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഗുജറാത്തിലെ ഗീര്‍ വനത്തില്‍ ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണത്തില്‍ 29 ശതമാനം വര്‍ധനയുണ്ടായതായി കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന വകുപ്പ് ഈ വര്‍ഷമാദ്യം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സിംഹങ്ങളുടെ എണ്ണം 2015ലെ 523ല്‍ നിന്ന് 2020 എത്തിയപ്പോള്‍ 674 ആയതായാണ് കണ്ടെത്തിയിട്ടുള്ളത്. 2018 കണക്കെടുപ്പു പ്രകാരം ഇന്ത്യയിലെ കടുവകളുടെ എണ്ണത്തില്‍ നാലു വര്‍ഷത്തിനിടെ 30 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. 2014ല്‍ 2,226 ആയിരുന്നു കടുവകളുടെ എണ്ണം. ഇപ്പോഴത് 2,967 ആയി ഉയര്‍ന്നു. ഇത് ചരിത്രപരമായ നേട്ടമാണെന്നും ലോകത്ത് കടുവകളുടെ ഏറ്റവും വലുതും സുരക്ഷിതവുമായ താവളമാണ് ഇന്ത്യയിലുള്ളതെന്ന് മോദി ചൂണ്ടിക്കാട്ടുന്നു.

---- facebook comment plugin here -----

Latest