Connect with us

National

1000 ദിവസത്തിനുള്ളില്‍ ആറ് ലക്ഷം ഗ്രാമങ്ങളെ ഡിജിറ്റല്‍ സംവിധാനത്തിലൂടെ ബന്ധിപ്പിക്കും: പ്രധാന മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | 1000 ദിവസത്തിനുള്ളില്‍ ആറ് ലക്ഷത്തോളം ഗ്രാമങ്ങളെ ഡിജിറ്റല്‍ സംവിധാനത്തിലൂടെ ബന്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. ഒപ്റ്റിക്കല്‍ ഫൈബര്‍ വഴിയാണ് ഇത് സാധ്യമാക്കുക. 74 ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാന മന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന്റെ വികസനത്തിന് സാങ്കേതികവിദ്യ പ്രധാന പങ്കുവഹിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 1000 ദിവസത്തിനുള്ളില്‍ ലക്ഷദ്വീപിലും സബ് മറൈന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ എത്തുമെന്നും മോദി പ്രഖ്യാപിച്ചു.

2014 ന് മുമ്പ് അറുപതോളം പഞ്ചായത്തുകളില്‍ മാത്രമാണ് ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ഷന്‍ ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഒന്നര ലക്ഷം പഞ്ചായത്തുകളെ ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ബന്ധിപ്പിച്ചു കഴിഞ്ഞു. കൊവിഡ് കാലത്ത് മൂന്ന് ലക്ഷം കോടി പേരാണ് ഭീം യു പി ഐ വഴിമാത്രം ഇടപാട് നടത്തിയതെന്നും പ്രധാന മന്ത്രി ചൂണ്ടിക്കാട്ടി.