Connect with us

Covid19

കൊവിഡ് ഗ്രാഫ് ഭയപ്പെടുത്തുന്നു; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

Published

|

Last Updated

ന്യൂഡൽഹി| കൊവിഡ് കേസുകൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവും എം പിയുമായ രാഹുൽഗാന്ധി. കൊവിഡ് ബാധിതരുടെ എണ്ണത്തെ സംബന്ധിച്ച ഗ്രാഫ് ഭയപ്പെടുത്തുന്നതാണെന്നും നേർരേഖയിലല്ലെന്നും രാഹുൽ പറഞ്ഞു. പ്രതിദിന കൊവിഡ് കേസുകളിൽ ഏറ്റവും കൂടിയ നിരക്ക് രേഖപ്പടുത്തിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ഈ വിമർശനം. 66,999 കൊവിഡ് കേസുകളാണ് ഒറ്റദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണം  23,96,637 ആയി.

യു എസ് ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിലെ പ്രതിദിന കൊവിഡ് നിരക്കിന്റെ ഗ്രാഫുകളും രാഹുൽ ഗാന്ധി പോസ്റ്റ് ചെയ്തിട്ടുണ്ട്. കൊറോണ ഗ്രാഫ് ഭയപ്പെടുത്തുന്നതാണ്, അല്ലാതെ പരന്നതല്ല എന്നാണ് രാഹുലിന്റെ ട്വിറ്റർ കുറിപ്പ്. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. “ഇതാണ് പ്രധാനമന്ത്രിയുടെ സുസ്ഥിരമായ അവസ്ഥയെങ്കിൽ ഏറ്റവും മോശമായ സാഹചര്യത്തെ അദ്ദേഹം എങ്ങനെയാണ് വിശേഷിപ്പിക്കുക?” രാഹുൽ ഗാന്ധി ട്വീറ്റിൽ ചോദിച്ചു.

മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ ഉയർന്ന രോഗമുക്തി നിരക്കും കുറഞ്ഞ മരണനിരക്കുമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. അതേസമയം, കഴിഞ്ഞ ദിവസം രോഗമുക്തി നിരക്ക് 70.77 ശതമാനമായി ഉയർന്നതായും മരണനിരക്ക് 1.96 ശതമാനമായി കുറഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.