National
സ്വത്ത് തർക്കം: ആന്ധ്രയിൽ അച്ഛൻ മകനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു

വിശാഖപട്ടണം| പിൻതിരിഞ്ഞിരുന്ന് ജോലി ചെയ്യുകയായിരുന്ന മകനെ മുൻകൂട്ടി ആസൂത്രണം ചെയ്തപോലെ പുറകിലൂടെയെത്തി ചുറ്റിക കൊണ്ട് തലക്കടിച്ച് കൊല്ലുന്ന പിതാവിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നാണ് ഈ അതിദാരുണദൃശ്യത്തിന്റെ വീഡിയോ പുറത്തുവന്നത്. സംഭവത്തിൽ പ്രതിയായ വീരരാജു എന്നയാൾ പിന്നീട് പോലീസിൽ കീഴടങ്ങി. സ്വത്ത് തർക്കമാണ് 40കാരനായ മകൻ ജൽരാജുവിനെ കൊലപ്പെടുത്താൻ ഇയാളെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇവരുടെ വീടിന്റെ വരാന്തയിൽ നിന്നോ കാർ പാർക്കിംഗ് ഏരിയയിൽ നിന്നോ ഉള്ളതാണ് സി സി ടി വി ദൃശ്യങ്ങൾ. സ്റ്റൂളിൽ പുറംതിരിഞ്ഞിരിക്കുന്ന മകൻ ജൽരാജുവിനെ ചുറ്റിക കൊണ്ട് തലക്കടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ താഴെ വീണ ജൽരാജുവിനെ വീണ്ടും ചുറ്റിക കൊണ്ടടിക്കുന്നതും രക്തം തറയിലൂടെ പരന്നൊഴുകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
വീരരാജുവും മകനും നാവികരാണ്. മർച്ചന്റ് നേവിയിൽ നിന്ന് വിരമിച്ചയാളാണ് വീരരാജു. മകനായ ജൽരാജു ദിവസങ്ങൾക്ക് മുമ്പാണ് ജോലി സ്ഥലത്ത് നിന്ന് നാട്ടിലെത്തിയത്. വീരരാജുവിനെതിരെ കോലപാതക കേസ് രജിസ്റ്റർ ചെയ്തതായും ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും പോലീസ് പറഞ്ഞു.